കർഷകനെകൈവിടുന്ന റബ്ബർ

റബ്ബർകൊണ്ട് ജീവിക്കാൻ പറ്റാതായെന്ന് കർഷകർ പറയാൻ കാരണമെന്താണ്? ചെലവിനനുസരിച്ചുള്ള വരുമാനം ഇല്ലെന്നതുതന്നെ. ഒരു ഉത്‌പന്നം ലാഭകരമാകാൻ വേണ്ടത്, ഉത്‌പാദനച്ചെലവും അതിന്റെ പകുതിയും ചേർന്ന സംഖ്യ വിറ്റവിലയായി കിട്ടുമ്പോഴാണ്. ഡോ. എം.എസ്. സ്വാമിനാഥനും റബ്ബർ ബോർഡുമൊക്കെ ഇക്കാര്യം ശരിെവച്ചിട്ടുണ്ട്. പക്ഷേ, റബ്ബറിന്റെ കാര്യത്തിൽ ഇതൊന്നുമല്ല യാഥാർഥ്യം. 175.5 രൂപയാണ് ഒരു കിലോഗ്രാം റബ്ബറിന്റെ ഉത്‌പാദനച്ചെലവെന്ന് റബ്ബർബോർഡ് 2016-ലെ പഠനത്തിൽ പറയുന്നു. അപ്പോൾ കൃഷിക്കാരന് കിലോഗ്രാമിന് 250 രൂപയെങ്കിലും കിട്ടണം.

2021-ൽ ലോക്‌സഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി കൃഷിക്കാരെ ഞെട്ടിച്ചു. ഒരു കിലോഗ്രാം റബ്ബറിന്റെ ഉത്‌പാദനച്ചെലവ് 99.46 രൂപയാണെന്നാണ് മന്ത്രി പറഞ്ഞത്. 2019-ൽ 101.92 രൂപയായിരുന്നെന്നും അറിയിച്ചു. ഇതുകേട്ടപ്പോൾ, 2016-നെ അപേക്ഷിച്ച് ഉത്‌പാദനച്ചെലവ് കൂടുകയല്ലാതെ കുറയുന്ന മാജിക്ക് എന്തെന്നാണ് കർഷകർ അദ്‌ഭുതപ്പെട്ടത്. ടാപ്പിങ് കൂലി, വളത്തിന്റെ വില, തെളിക്കൽ കൂലി, ഷീറ്റടിക്കൽ കൂലി, ആസിഡിന്റെ വില എന്നിവയെല്ലാം ഇക്കാലയളവിൽ കൂടിയെന്ന് അവർ പറയുന്നു.

വരവും ചെലവും യാഥാർഥ്യം 

300 മരങ്ങൾ വരെയുള്ളതാണ് ഒരു ബ്ലോക്ക് എന്നറിയപ്പെടുന്നത്. ഒന്നരയേക്കർ ഭൂമി വരുമിത്. ഇത്രയും സ്ഥലത്തുനിന്ന് എട്ടുകിലോഗ്രാംവരെ ഷീറ്റ് കിട്ടാം. 1360 രൂപ ഇതിൽനിന്ന് കിട്ടും. രണ്ടുകിലോഗ്രാം ഒട്ടുപാൽ കിട്ടുമെങ്കിൽ 240 രൂപയും. മൊത്തം 1600 രൂപ ദിവസം ലഭിക്കും. 1250 രൂപവരെ ചെലവുവരും. പ്രത്യക്ഷവരുമാനം ദിവസം 350 രൂപ. വാർഷികവളപ്രയോഗം, കാടുനീക്കൽ തുടങ്ങിയ മറ്റുചെലവുകളുംകൂടി പരിഗണിക്കുമ്പോൾ ഈ 350 രൂപപോലും പോക്കറ്റിലുണ്ടാവില്ല.

2016-ൽ ഭൂമിവിലകൂടി പരിഗണിച്ചെന്നും അതുകൊണ്ടാണ് ചെലവ് കൂടിയതെന്നും അധികൃതർ വിശദീകരിക്കുന്നു. കൃഷിക്കായി ഭൂമി വിനിയോഗിക്കുമ്പോൾ, മറ്റേതൊരു കാര്യത്തിലും എന്നപോലെ വാടക പരിഗണിക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇനി ഭൂമിവില ഒഴിവാക്കിയാലും മറ്റുചെലവുകളിലെ വർധന എങ്ങനെ പരിഗണിക്കപ്പെടാതെപോയി എന്നത് അടുത്ത ചോദ്യം. കൃഷിക്ക് ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചെലവുകുറഞ്ഞെന്ന് ബോർഡ് വിശദീകരിക്കുന്നു. പക്ഷേ, ആ ‘പുതിയ ശാസ്ത്രീയമാർഗങ്ങൾ’ എന്താണെന്ന് കർഷകർക്കറിയില്ല. റബ്ബറിനെ വ്യവസായ അസംസ്കൃത വസ്തുവായിമാത്രം കാണുന്ന സർക്കാർസമീപനമാണ് പ്രശ്നമെന്ന് കൃഷിവിദഗ്ധനായ സുരേഷ് കോശി പറയുന്നു. വ്യവസായങ്ങൾക്ക് കുറഞ്ഞവിലയിൽ അസംസ്കൃതവസ്തുക്കൾ കിട്ടുകയെന്നതാണ് മുൻഗണന. 

പ്ലോട്ടായി മാറിയ തോട്ടങ്ങൾ

റബ്ബർത്തോട്ടങ്ങൾ പലതും വീടുവെക്കാനുള്ള പ്ലോട്ടാക്കി മാറ്റുന്ന പ്രവണത കാണാം. ഒന്നരയേക്കറിൽ പത്തുസെന്റ് വീതമുള്ള 12 പ്ലോട്ട് തയ്യാറാക്കാം. ബാക്കി വഴിയായി മാറ്റും. വഴി ടാർചെയ്യും. നല്ലൊരു കുടിവെള്ളസ്രോതസ്സും ഉറപ്പാക്കിയാൽ സെന്റിന് ലക്ഷം രൂപവരെ മോഹവില കിട്ടുമായിരുന്നു. കോവിഡ് കാലത്ത് മന്ദീഭവിച്ച ഭൂമി മാർക്കറ്റ് ഇപ്പോഴും പഴയ നിലവാരത്തിലേക്ക് വന്നിട്ടില്ല. അതിനാൽ പ്ലോട്ട് തിരിച്ച പലരും വെട്ടിലായിട്ടുമുണ്ട്. ഒറ്റത്തോട്ടം സെന്റിന് 30000-40000 രൂപ പ്രകാരം വിലയ്ക്കെടുത്ത് പ്ലോട്ട് തിരിച്ച് സെന്റിന് 1.2 ലക്ഷം രൂപ വരെ നിരക്കിൽ നടത്തിവന്ന കച്ചവടം പലരെയും പൊടുന്നെ സമ്പന്നരാക്കി. ഭൂമി മൊത്തത്തിൽ വാങ്ങുന്നയാളാണ് ഇതിൽ നേട്ടമുണ്ടാക്കുക.

ഷീറ്റ് റോളറുകൾ കരിമ്പ് ജ്യൂസടിക്കുന്നു

റബ്ബർ തോട്ടങ്ങളുടെ പ്രൗഢിയായിരുന്നു ഷീറ്റടിക്കുന്ന റോളറും അതിന്റെ ചെറിയ പുരയും. ഇടത്തരക്കാരായ തോട്ടമുടമകളെല്ലാം റോളർ സ്ഥാപിച്ചിരുന്നു. ചെറുകിടകൃഷിക്കാരെല്ലാം ഇവിടെയെത്തിയാണ് ഷീറ്റടിക്കുക. ചില റോളറുടമകൾ മാസം ഫീസീടാക്കും. മറ്റ് ചിലർ മാസത്തിൽ ഒരു ദിവസത്തെ ഷീറ്റിൽ നിശ്ചിത എണ്ണം പ്രതിഫലമായി വാങ്ങും. റോളറിലെ അച്ചിൽ ഉടമയുടെ പേരിന്റെ ചെറുരൂപം കൊത്തിയിരിക്കും. ഇത് ഷീറ്റിൽ പതിയും.

പലപ്പോഴും ഷീറ്റ് മോഷ്ടാക്കളെ പിടികൂടുമ്പോൾ എവിടത്തെ ഷീറ്റ് ആണെന്നറിയാൻ അതിൽ പതിഞ്ഞ പേരാണ് നോക്കുക. പതിവില്ലാത്തവർ ഷീറ്റ് വിൽക്കാൻ വന്നാൽ കച്ചവടക്കാർ അതിലെ പേര് നോക്കി കള്ളം പൊളിച്ച എത്രയോ സംഭവങ്ങൾ. റോളർ പുരാണം റബ്ബറിന്റെ നല്ലകാലവുമായി ബന്ധപ്പെട്ട ഓർമകളാണ്. റബ്ബർ റോളറുകൾ തോട്ടങ്ങളിൽനിന്ന് പടിയിറങ്ങുകയാണ്. പത്രങ്ങളിൽ ഇപ്പോൾ ഇടയ്ക്കിടെ പരസ്യം കാണാം, പഴയ റോളറുകൾ വിൽക്കാനുണ്ടെന്ന്. ഇത്തരമൊരു നമ്പരിൽ വിളിച്ചപ്പോഴാണ് രസകരമായ ഒരു കാര്യം അറിഞ്ഞത്, പഴയ റോളറുകൾ വഴിയോരത്ത് കരിമ്പിൻ ജ്യൂസ് വിൽക്കുന്ന വടക്കേ ഇന്ത്യൻ വ്യാപാരികൾ വാങ്ങിക്കൊണ്ടുപോകുന്നു. 

മുണ്ടക്കയത്ത് റോളർ മെക്കാനിക്കായ ജിൻസ് മോൻ പറഞ്ഞത് കൗതുകമുള്ള കാര്യങ്ങളാണ്. തന്നെ വിളിക്കുന്ന തോട്ടമുടമകളിൽ 60 ശതമാനവും റോളർ ഒഴിവാക്കുകയാണ്. പുതിയ റോളർ എത്തിച്ചുകൊടുക്കുന്ന സേവനവും ജിൻസിനുണ്ട്. പക്ഷേ, ആർക്കും ഇപ്പോൾ പുതിയത് വേണ്ട. ഉടമകൾ പറയുന്ന കാരണങ്ങൾ പലതാണ്. ഷീറ്റടിക്കാൻ ടാപ്പിങ് തൊഴിലാളികൾ ­തയ്യാറല്ല. കാരണം ടാപ്പ് ചെയ്ത് പാൽ ­ഉറയൊഴിച്ച്‌ പോയാൽ വൈകുന്നേരംവന്ന് വേണം ഷീറ്റടിക്കാൻ. അതിന് മിനക്കെടാൻ തയ്യാറുള്ള തൊഴിലാളികൾ ഇല്ല. ടാപ്പ് ചെയ്ത് പോകും. പാൽ എടുക്കലും ­ഉറയൊഴിക്കലും ഷീറ്റടിക്കലും തോട്ടമുടമ സ്വയം ചെയ്യുകയോ മറ്റൊരാളെ ഏർപ്പാടാക്കുകയോ വേണം. അപ്പോൾ ലാറ്റക്സ് വിൽക്കുന്നതാകും നല്ലത്. ഷീറ്റടിച്ച് കൊണ്ടുവരാൻ ഷീറ്റൊന്നിന് രണ്ടുരൂപ പ്രകാരം കൊടുത്താൽ മുതലാകില്ലെന്ന് പറയുന്നവരുമുണ്ട്.

വളരെക്കുറച്ചുപേർ നിലവിലെ റോളർ കുഴപ്പം തീർത്ത് നവീകരിക്കുന്നുണ്ട്. മോട്ടോറുള്ള പുതിയ യന്ത്രമൊന്നിന് 95,000 രൂപ വരെ വിലവരും. ആയാസമില്ലാതെ ഷീറ്റടിക്കാം എന്നതാണ് ഗുണം. ഇതിന് ആവശ്യക്കാർ വളരെക്കുറവാണ്. 30-40 വർഷം പഴക്കമുള്ള റോളറുകൾക്ക് വിറ്റാൽ 15,000-20,000 രൂപവരെ കിട്ടും. പഴയ റോളറുകളിൽ തനി ഇരുമ്പ് കട്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. കരിമ്പ് ജ്യൂസടിക്കുന്നവർ മോട്ടോർ ഘടിപ്പിച്ചും വാങ്ങാറുണ്ടെന്ന് ജിൻസ് പറയുന്നു.

കൃഷിക്ക് ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചെലവുകുറഞ്ഞെന്ന് ബോർഡ് വിശദീകരിക്കുന്നു. പക്ഷേ, ആ ­‘പുതിയ ശാസ്ത്രീയമാർഗങ്ങൾ’ എന്താണെന്ന് കർഷകർക്കറിയില്ല.

error: Content is protected !!