18 വർഷങ്ങൾ ക്കു ശേഷം മുണ്ടക്കയം ബൈപാസ് യാഥാർഥ്യമാകുന്നു..
മുണ്ടക്കയം ∙ ടൗണിന്റെ പ്രധാന വികസന സ്വപ്നമായിരുന്ന ബൈപാസ് യാഥാർഥ്യമാകുന്നു. അവസാന മിനുക്കുപണികൾ പൂർത്തിയാകുന്നതോടെ ഔദ്യോഗിക ഉദ്ഘാടനത്തിനു കാത്തിരിക്കുകയാണ് നാട്. ബൈപാസ് റോഡ് തുറക്കുന്നതിനാൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിന് ഒപ്പം മുണ്ടക്കയത്തിന്റെ വികസനത്തിനും വഴിയൊരുങ്ങും. ടാറിങ് പൂർത്തിയായ റോഡിലൂടെ ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുവാൻ തുടങ്ങി.
ഈ സ്വപ്നത്തിനു വയസ്സ് 18
∙ സമാന്തര റോഡ് എന്ന സ്വപ്നം ഉടലെടുത്തത് 18 വർഷങ്ങൾക്ക് മുൻപ് .
∙ 2015 ആദ്യം നിയമത്തിന്റെ നൂലാമാലകളിൽ തടസ്സപ്പെട്ട സ്ഥലം ഏറ്റെടുക്കാൻ ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി.
∙ 2015 അവസാനത്തോടെ സ്ഥലം ഏറ്റെടുപ്പ് ജോലികൾ പൂർത്തിയായി.
∙ 2016 ഫെബ്രുവരി 26ന് ഔദ്യോഗിക നിർമാണ ഉദ്ഘാടനം.
∙ റെഡി മിക്സ് കോൺക്രീറ്റിങ് പ്ലാന്റ് ഉൾപ്പെടെ ആധുനിക രീതിയിൽ നിർമാണം.
∙ 2018 ഡിസംബർ 30 അവസാന ടാറിങ് ജോലികൾ പൂർത്തിയായി
∙ മണിമലയാറിന്റെ വശത്തെ കൈവരികൾ ഉൾപ്പെടെ മിനുക്കുപണികൾ പൂർത്തിയാകുന്നതോടെ ഇപ്പോൾ ഉദ്ഘാടനത്തിനുള്ള കാത്തിരിപ്പ്.
പാതയുടെ വരവ് ഇതുവഴി
പൈങ്ങണ പാലം കവലയിൽ നിന്നു തുടങ്ങുന്ന സമാന്തരറോഡ് വെള്ളനാടി ചാച്ചികവല റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് കരോട്ട്പറമ്പ് പടിയിൽ എത്തുന്നു. ഇടത്തേക്ക് തിരിഞ്ഞ് മണിമലയാറിന്റെ തീരത്ത് കോസ്‌വേ പാലത്തിനു സമീപം എത്തുവാൻ 900 മീറ്റർ. കരോട്ടുപറമ്പ് പടിയിൽ ആദ്യം 20 മീറ്റർ വീതിയിൽ നിർമാണം പ്രതീക്ഷിച്ചു. ഒടുവിൽ 10 മീറ്റർ വീതിയിൽ ടാറിങ്. പാതയിൽ വീതി കുറവ് പമ്പ് ഹൗസിന്റെ സമീപത്ത് മാത്രം. പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കാൻ സാധിക്കാത്തതിനാൽ ഇൗ തുക തിരികെ നൽകി പമ്പ് ഹൗസ് നിലനിർത്തി റോഡ് മണിമലയാറിന്റെ കരയിലേക്കു വീതി കൂട്ടുകയും ചെയ്തു.
ചെലവ് ഇങ്ങനെ
∙ബൈപാസിനായി ആദ്യം അനുവദിച്ചത് 14.75 കോടി രൂപ.
∙നടപ്പാത നിർമാണത്തിനായി പിന്നീട് കൂടുതൽ തുക അനുവദിച്ചത് ഉൾപ്പെടെ 17 കോടി രൂപ.
∙നിർമാണത്തിന് 8.75 കോടി
∙പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കാൻ 1.25 കോടി രൂപ. പമ്പ് ഹൗസ് മാറ്റാത്തതു കാരണം ഇൗ തുക തിരികെ നൽകി.
∙ശേഷിക്കുന്ന തുക സ്ഥലം ഏറ്റെടുക്കാൻ വിനിയോഗിച്ചു.
നാളുകളായി മുണ്ടക്കയത്തിന്റെ സ്വപ്നമാണ് ബൈപാസ്. അതിനായി ആദ്യം മുതൽക്കു കഠിന പരിശ്രമം നടത്തി. റോഡിന് സമാന്തരമായി മണിമലയാറിന്റെ കരയിൽ സമാന്തര നടപ്പാത നിർമിക്കുവാൻ പിന്നീട് തീരുമാനിച്ചു. ജനങ്ങൾക്ക് വിശ്രമ സ്ഥലമാക്കി ഒരുക്കിയ ഇവിടെ ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഫെബ്രുവരി ആദ്യം പാത നാടിനു തുറന്നു കൊടുക്കും. ഇതോടൊപ്പം പുത്തൻ ചന്തയിൽ നിർമിച്ചിരിക്കുന്ന കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററും തുറന്നു നൽകും. പി.സി. ജോർജ് എംഎൽഎ പറഞ്ഞു.