അടിയന്തിര സാഹചര്യത്തിൽ രോഗികളായ ദമ്പതികളെ നാട്ടുകാർ സാഹസികമായി വെള്ളത്തിലൂടെ എടുത്തുകൊണ്ട് ആശുപത്രിയിൽ എത്തിച്ചു.
മുക്കൂട്ടുതറ : ദിവസങ്ങളായി വെള്ളത്തിനടിയിലായ പാലത്തിലൂടെ നാട്ടുകാർ രോഗികളായ ദമ്പതികളെ തോളിൽ എടുത്ത് നടന്ന് മറുകര താണ്ടി ആശുപത്രിയിൽ എത്തിച്ചു. ഇടകടത്തി – അറയാഞ്ഞിലിമണ്ണ് കോസ്‌വേ പാലത്തിലൂടെയാണ് നാട്ടുകാർ സാഹസിക രക്ഷാ യാത്ര നടത്തിയത്. അറയാഞ്ഞിലിമണ്ണ് കുഴികണ്ടത്തിൽ കുഞ്ഞ് (70)നെയും ഭാര്യയെയുമാണ് ആശുപത്രിയിൽ എത്തിക്കാൻ മനസാക്ഷിയുള്ള നാട്ടുകാർ ജീവൻ പണയം വച്ച് സാഹസിക സംരഭത്തിന് ഒരുങ്ങിയത് .
ഇരുവരെയും മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ രോഗമുള്ള കുഞ്ഞ് ദിവസങ്ങളായി അവശ നിലയിലായിരുന്നു. പ്രയാധിക്യവും രോഗവും മൂലം ബുദ്ധിമുട്ടിലായ കുഞ്ഞിനൊപ്പം ഭാര്യയ്ക്കും ഇന്നലെ അസുഖം കലശലായി. പാലത്തിൽ നിന്നും വെള്ളം ഇറങ്ങുമ്പോൾ വാഹനത്തിൽ അക്കരെ എത്തിച്ച് ആശുപത്രിയിൽ ആക്കാൻ കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. എന്നാൽ ഇന്നലെ മഴ ശമിച്ചിട്ടും പമ്പയാറിലെ ജലനിരപ്പ് താഴാഞ്ഞതിനാൽ പമ്പാ നദിയുടെ കുറുകെയുള്ള കോസ്‌വേ പാലത്തിൽ നിന്നും വെള്ളം ഇറങ്ങിയിരുന്നില്ല. പ്രതീക്ഷ പൊലിഞ്ഞ നാട്ടുകാർ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ അൽപ്പം കുറവ് വന്നതോടെ ഇരുവരെയും തോളിൽ ചുമന്ന് പാലം കുറുകെ കടന്ന് അക്കരെ ഇടകടത്തി റോഡിൽ എത്തിച്ച് വാഹനത്തിലാക്കി ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.
ഇന്ന് ജനകീയ യോഗം ചേർന്ന് പുതിയ പാലം നിർമാണം സംബന്ധിച്ച് ചർച്ച നടത്തി അധികൃതരെ അറിയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാർ. മൂന്ന് വശം ശബരിമല വനവും മറുവശം പമ്പാ നദിയുമായ അറയാഞ്ഞിലിമണ്ണിൽ ആകെയുള്ള ഏക ഗതാഗത മാർഗം ഇടകടത്തിയിൽ നിന്നുള്ള കോസ്‌വേ പാലം മാത്രമാണ്. വർഷങ്ങൾക്ക് മുമ്പ് സർക്കാർ സഹായത്തോടെ നാട്ടുകാർ നിർമിച്ചതാണ് കോസ്‌വേ പാലം. ഉയരം തീരെ കുറഞ്ഞ ഈ പാലത്തിൽ പമ്പാ നദി കര കവിയുന്നതോടെ വെള്ളം കയറും. മുമ്പ് നടപ്പാലമായി ഒരു തൂക്ക് പാലം ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ ഇത് ഒലിച്ചു പോയ ശേഷം ജില്ലാ പഞ്ചായത്ത് ഒരു നടപ്പാലം നിർമിച്ചു നൽകിയിരുന്നു. എന്നാൽ 2018 ലെ മഹാ പ്രളയത്തിൽ ഇത് ഒലിച്ചുപോയി. ഇതോടെ ഇപ്പോൾ പഴയ കോസ്‌വേ പാലം മാത്രമാണ് ആശ്രയം. പുതിയ പാലം നിർമിക്കാൻ പദ്ധതികൾ പല തവണ ആവിഷ്‌കരിച്ചതാണ്. എന്നാൽ ഒന്നും തന്നെ നടപ്പിലായില്ല.
2018 ലെ മഹാ പ്രളയത്തിൽ കോസ്‌വേ പാലം ആഴ്ചകളോളം വെള്ളത്തിലായിരുന്നു. വൻ നാശ നഷ്‌ടങ്ങളാണ് നാട്ടുകാർ നേരിട്ടത്. ഒട്ടേറെ വീടുകൾ തകർന്നു. നടപ്പാലവും ജല അതോറിറ്റിയുടെ ജല സംഭരണിയും ഒലിച്ചു പോയി. കോസ്‌വേ പാലത്തിനും വലിയ തോതിൽ കേടുപാടുകളും ബല ക്ഷയവും ഉണ്ടായി. നദിക്ക് കുറുകെ വൈദ്യുതി ലൈൻ വലിച്ചു കെട്ടി അതിലൂടെ പേടകത്തിൽ ഭക്ഷണവും മരുന്നും എത്തിച്ചാണ് അന്ന് നാട്ടുകാർക്ക് നൽകിയത്. പുതിയ പാലം നിർമിക്കാൻ പ്രത്യേക പദ്ധതി അന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ ഫണ്ട് ഉൾപ്പടെ തുടർ നടപടികളുണ്ടായില്ല. ഇന്ന് യോഗം ചേർന്ന് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകാനുള്ള നീക്കത്തിലാണ് നാട്ടുകാർ.