സഹനത്തിന്റെ നെല്ലിപ്പലക കണ്ടതോടെ നാടുർന്നു.. അറയാഞ്ഞിലിമണ്ണിൽ പ്രദേശവാസികൾ മുൻകൈയെടുത്തു പാലം പണിയും..

മുക്കൂട്ടുതറ : ഒരുവശം വനമേഖല. മറുവശങ്ങൾ പമ്പയാർ അതിരിടുന്നു. ഗ്രാമവാസികൾ ക്ക് പുറം ലോകത്തേക്കുള്ള ഏക യാത്രാമാർഗം പമ്പയാറിന് കുറുകെയുള്ള കോസ്‌വെയാണ്. വനത്തിൽ ശക്തമായ മഴപെയ്താൽ ആറ്റിൽ ജലനിരപ്പ് ഉയർന്ന് കോസ്‌വെ വെള്ളത്തിലാകും. ചിലപ്പോൾ ദിവസങ്ങളോളം ഗ്രാമം പുറംലോകത്തുനിന്നും ഒറ്റപ്പെടും. ഗ്രാമത്തിൽനിന്നും പുറത്തേക്കുപോയവർ പലരും തിരികെ വീട്ടിലെത്താനാവാതെ മറുകരയിൽ കുടുങ്ങുന്നത് പതിവാണ്.

പരിഹാരത്തിനായി മുട്ടാത്ത വാതിലുകൾ ഇല്ല. സഹനത്തിന്റെ നെല്ലിപ്പലക കണ്ടതോടെ നാടുർന്നു. അറയാഞ്ഞിലിമണ്ണിൽ പമ്പയാറിന്റെ കുറുകെ നെടുനീളത്തിൽ, തകർന്നു കിടക്കുന്ന തൂക്കുപാലം പുനർനിർമ്മിക്കുവാനുള്ള നാടിന്റെ ജനകീയ സംരഭത്തിന് തുടക്കമായി .. അറയാഞ്ഞിലിമണ്ണ് ഗവ. എൽ പി സ്കൂളിൽ ഇതിന്റെ ഭാഗമായി ചേർന്ന ജനകീയ യോഗം വെച്ചൂച്ചിറ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജർലിൻ വി സ്കറിയ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന നൽകുകയും ചെയ്തു.

ഇനി ഒറ്റപ്പെടാൻ വയ്യ… പുഴ കര കവിഞ്ഞാലും നമ്മുടെ സ്വന്തം നടപ്പാലത്തിലൂടെ നടന്ന് നമ്മൾ അക്കരയെത്തണം… വാർഡ് മെമ്പർ സി എസ് സുകുമാരന്റെ ഈ വാക്കുകൾ കേട്ടിരുന്നത് അറുന്നൂറോളം നാട്ടുകാർ. ഉദ്ഘാടകനായി വേദിയിലുണ്ടായിരുന്ന പോലിസ് സർക്കിൾ ഇൻസ്‌പെക്ടർ അപ്പോൾ തന്നെ തന്റെ വിഹിതമായി തുക നൽകി. മെമ്പർ അത് ഏറ്റുവാങ്ങിയതോടെ പാലം നിർമാണത്തിനുള്ള ആദ്യ സംഭാവനയായി. അറയാഞ്ഞിലിമണ്ണിൽ പമ്പയാറിന്റെ കുറുകെ നെടുനീളത്തിൽ നടപ്പാലം പണിയാനുള്ള നാടിന്റെ ജനകീയ സംരഭത്തിന് അതോടെ തുടക്കമാവുകയായിരുന്നു ഇന്നലെ. 2018 ലെ മഹാ പ്രളയത്തിൽ ഒലിച്ചുപോയ നടപ്പാലത്തിന്റെ സ്ഥാനത്താണ് പുതിയ നടപ്പാലം നിർമിക്കാൻ നാട്ടുകാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ മെമ്പർ സുകുമാരൻ യോഗത്തിൽ വിവരിച്ചു. പ്രളയത്തിൽ നടപ്പാലം ഒലിച്ചുപോയെങ്കിലും തൂണുകൾ അവശേഷിക്കുന്നുണ്ട്. ഇത് ബലപ്പെടുത്തി പാലം നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മെമ്പർ പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപ ഇതിന് വേണ്ടി വരും. കഴിയുന്നത്ര തുക നാട്ടിൽ നിന്നും സമാഹരിക്കണം. പോരാതെ വരുന്ന തുകയ്ക്ക് ജനപ്രതിനിധികളുടെ സഹായം തേടും. 22 ലക്ഷം ചെലവിട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ നിർമിച്ച നടപ്പാലമാണ് മഹാ പ്രളയത്തിൽ ഒലിച്ചുപോയത്. അതിന് മുമ്പ് പഴയ തൂക്കുപാലമുണ്ടായിരുന്നു. ഇത് ഒലിച്ചുപോയതോടെയാണ് നടപ്പാലം നിർമിച്ചത്. മഹാ പ്രളയത്തിൽ നടപ്പാലവും പമ്പ് ഹൗസും കൂറ്റൻ ജല സംഭരണിയും ഒലിച്ചുപോയി. അന്ന് അഞ്ച് ദിവസം രാവും പകലും അക്കരെ കടക്കാനാകാതെ നാട് കുടുങ്ങി. ഇത്തവണ നാല് ദിവസം നാട് ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ അതിർത്തി ഗ്രാമമായ അറയാഞ്ഞിലിമണ്ണിൽ എല്ലാ വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയിലെ എരുമേലിക്കാരാണ് തുണ. മഹാ പ്രളയകാലത്ത് നദിയുടെ മുകളിലൂടെ പേടകത്തിലൂടെ ഭക്ഷണവും മരുന്നും നൽകിയത് എരുമേലിക്കാരായിരുന്നു. ഫൈബർ ബോട്ട് കൊണ്ട് പ്രയോജനമില്ലെന്ന് കണ്ടതോടെ എരുമേലിക്കാർ ചങ്ങാടം നിർമിച്ച് കയറിൽ കെട്ടി നാട്ടുകാരെ അക്കരെ കടത്തി. പതിറ്റാണ്ട് പഴക്കമുള്ള ഉയരം കുറഞ്ഞ കോസ്‌വേ പാലമാണ് ആകെയുള്ള ഗതാഗത മാർഗം. കാലവർഷം തുടങ്ങുന്നതോടെ ഈ പാലം മുങ്ങും. പിന്നെ നാട് ഒറ്റപ്പെടും. ഇനിയും ഈ ദുരവസ്ഥ പാടില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ. ഇന്നലെ അറയാഞ്ഞിലിമണ്ണ് ഗവ. എൽ പി സ്കൂളിൽ ഇതിന്റെ ഭാഗമായി ചേർന്ന ജനകീയ യോഗം വെച്ചൂച്ചിറ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജർലിൻ വി സ്കറിയ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി എസ് സുകുമാരൻ അധ്യക്ഷനായിരുന്നു. മുൻ പഞ്ചായത്ത്‌ അംഗങ്ങളായ സിനി ജോയി, ഗ്രേസിക്കുട്ടി വർക്കി, പൊതുപ്രവർത്തകരായ ആന്റണി കുന്നത്ത്, ടി എം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് അംഗം ചെയർമാനും അലക്സ് യോഹന്നാൻ കൺവീനറും മജേഷ് രവീന്ദ്രൻ ട്രഷററുമായി 22 അംഗ ജനകീയ കമ്മറ്റിയെ പാലം നിർമാണത്തിനായി യോഗം തെരഞ്ഞെടുത്തു. എം പി, എംഎൽഎ എന്നിവരെ കണ്ട് നടപ്പാലം നിർമാണ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!