വൈദ്യുതി ലൈനിൽ വീണ് വാനരൻ ചത്ത നിലയിൽ .
കണമല : വൈദ്യുതി ലൈനിൽ വീണ് വാനരൻ ചത്ത നിലയിൽ കണ്ടെത്തി. വനം വകുപ്പിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി അധികൃതരും സ്ഥലത്ത് എത്താഞ്ഞതിനാൽ ജഡം നീക്കാനായിട്ടില്ല.
ഞയറാഴ്ച വൈകുന്നേരം ശബരിമല ദേശീയ പാതയിൽ കണമലയ്ക്കും പാണപിലാവിനും മധ്യെ അടിമാലി ഭാഗത്താണ് റോഡരികിൽ വൈദ്യുതി ലൈനിൽ വീണ് കുരങ്ങ് അപകടത്തിൽ പെട്ട് ചത്തത്. തൊട്ടടുത്തുള്ള വനത്തിൽ നിന്നും കുരങ്ങ് ഉൾപ്പെടെ ഒട്ടേറെ വനജീവികൾ നാട്ടിലെത്തുന്നുണ്ട്. ആനകളുടെ ശല്യം രൂക്ഷവുമാണ്.
ചത്ത കുരങ്ങന്റെ ജഡം മണിക്കൂറുകൾ കഴിഞ്ഞിട്ടും നീക്കാൻ കഴിയാത്തതിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. വിവരം അറിയിക്കാൻ കെഎസ്ഇബി ഓഫീസിൽ ഫോൺ ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.