സിമന്റിന്റെയും വിയർപ്പിന്റെയും ഗന്ധമുള്ള ഡോക്ടറേറ്റ് നേടി നിശ്ചയദാർഢ്യത്തിന് മാതൃകയായി മനോഹരൻ
മുണ്ടക്കയം : സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മനോഹരന്റെ നേട്ടത്തിന് സിമന്റിന്റെയും വിയർപ്പിന്റെയും ഗന്ധമുണ്ട്. കഷ്ടപ്പാടിന്റെയും നൊമ്പരങ്ങളുടെയും കഥയുണ്ട്. വാർക്കപ്പണി ചെയ്ത് കിട്ടിയ പണംകൊണ്ട് പഠിച്ചാണ് മനോഹരൻ ഡോക്ടറേറ്റ് നേടിയത്. പ്രയത്‌നംകൊണ്ട് നേടിയെടുത്ത വിജയത്തിലൂടെ നാടിന്റെ അഭിമാനമാകുകയാണ് ഇൗ യുവാവ്.
മുണ്ടക്കയം താന്നിക്കപ്പതാൽ നടുപുരയിടത്തിൽ കുെഞ്ഞറുക്കന്റെയും അമ്മിണിയുടെയും മകനാണ് മനോഹരൻ (36). മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽനിന്ന് ബിരുദംനേടി. കേരള സർവകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ എംഫിൽ പൂർത്തിയാക്കി. പഠിക്കാൻ പണം കണ്ടെത്തുന്നതിന് വല്ലാതെ പ്രയാസപ്പെട്ടു. ഇതോടെ തനിക്ക് വാർക്കപ്പണിക്ക് പോകേണ്ടി വന്നതായി അദ്ദേഹം പറയുന്നു.
ഏത് ജോലിയും അന്തസുള്ളതാണെന്ന് വിശ്വസിക്കുന്ന മനോഹരന് ഇൗ കഷ്ടപ്പാടിൽ പരിഭവമില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം തന്റെ മനസിലേക്ക് എപ്പോഴും വരുമെന്ന് അദ്ദേഹം പറയുന്നു.മികച്ച വിദ്യാഭ്യാസംനേടി കോളേജ് അധ്യാപനാകുക എന്ന ആഗ്രഹത്തിന് ഒരിക്കലും അവധി നൽകാൻ തനിക്ക് കഴിഞ്ഞില്ല.. ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും എംഫില്ലും കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലാണ് ചെയ്തത്. കോഴിക്കോട് ചേരനല്ലൂർ ശ്രീനാരായണഗുരു കോളേജ് പ്രിൻസിപ്പലും അസോസിയേറ്റ് പ്രൊഫസുമായ ഡോ. എസ്.പി. കുമാർ ആയിരുന്നു ഗൈഡ്.
വാർക്കത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പുഞ്ചവൽ യൂണിറ്റ് അംഗമാണ് മനോഹരൻ. ഗ്രാമസഭയിൽ മെമന്റോ നൽകി മനോഹരനെ പഞ്ചായത്ത് ആദരിച്ചു. പ്രസിഡൻറ് രേഖാദാസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. പഞ്ചായത്ത് അംഗം സി.വി. അനിൽകുമാർ, ഷിജി ഷാജി, പ്രസന്ന ഷിബു, റേച്ചൽ എന്നിവരും പങ്കെടുത്തു. ഏതെങ്കിലും കോളേജിൽ അധ്യാപകനായി ജോലിക്ക് കയറണമെന്നാണ് ആഗ്രഹം. സഹോദരി: മഞ്ജു(കിടങ്ങൂർ).