KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തേനീച്ചകൃഷിക്ക്‌ മധുരം പോരാ , കാലാവസ്ഥയിലെ മാറ്റം കാരണം തേൻ ഉത്പാദനം കുറഞ്ഞു 

കാഞ്ഞിരപ്പള്ളി: കടന്നുപോയ രണ്ടുവർഷം തേനീച്ച കർഷകർക്ക് അത്ര മധുരമുള്ളതായിരുന്നില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് തേൻ ഉത്പാദനം വൻതോതിൽ കുറഞ്ഞതോടെ ജില്ലയിലെ ആയിരക്കണക്കിന് തേനീച്ച കർഷകരാണ് പ്രതിസന്ധിയിലായത്. കാലംതെറ്റിയെത്തിയ വേനൽമഴയാണ് ഉത്പാദനം ഗണ്യമായി കുറച്ചത്.

ഹോർട്ടികോർപ്പ്, റബ്ബർ ബോർഡ്, ഖാദി ബോർഡ് എന്നിവരുടെ പ്രോത്സാഹനം ഏറിയതോടെയാണ് തേനീച്ചക്കൃഷി വ്യാപകമായത്. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം തേനീച്ചക്കൃഷി ഉഷാറാണ്. ജില്ലയിൽ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് ഏറെയും തേനീച്ചകർഷകരുള്ളത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സാധാരണ വിളവെടുപ്പുകാലം. എന്നാൽ, ഈ സമയത്ത് വേനൽമഴ പെയ്തതോടെ പൂവും പൂമ്പൊടിയും ഇല്ലാതായി. 

ഉത്പാദനം മൂന്നിലൊന്നായി 

ഒരു തേനീച്ചപ്പെട്ടിയ്ക്കുള്ളിൽനിന്ന് ശരാശരി 10-12 കിലോവരെ തേനാണ് കിട്ടാറുള്ളത്. ഇക്കുറി മൂന്ന് മുതൽ നാലുവരെ കിലോയാണ് കിട്ടിയതെന്ന് കർഷകർ പറയുന്നു. ചില പെട്ടികളിൽനിന്ന്‌ കഷ്ടിച്ച് രണ്ടുകിലോ തേൻമാത്രമാണ് കിട്ടിയത്. പൂവും പൂമ്പൊടിയുമില്ലാത്തതിനാൽ കർഷകർ പഞ്ചസാര ലായനിയാണ് തീറ്റയായി നൽകിയത്. ഒരുമാസം മൂന്ന് പ്രാവശ്യം ഇത്തരത്തിൽ തീറ്റ നൽകണം. വർഷകാല സംഭരണത്തിനായി ഒരുകൂട്ടിലേക്ക് ഒന്നരക്കിലോയോളം പഞ്ചസാര വേണം.

പഞ്ചസാരയുടെ വിലവർധന, തൊഴിലാളികളുടെ കൂലി, അധ്വാനം എല്ലാം കഴിഞ്ഞാൽ കാര്യമായ മെച്ചം കിട്ടുന്നില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. പ്രാദേശിക വിപണികളിൽ തേൻവിൽക്കുമ്പോൾ ഒരുകിലോയ്ക്ക് 180-200 രൂപ വരെ മാത്രമാണ് കൃഷിക്കാർക്ക് കിട്ടുന്നത്. ഇത് 300-350 രൂപയ്ക്കാണ് കച്ചവടക്കാർ വിൽക്കുന്നത്.

വിപണി കണ്ടെത്താൻ പ്രയാസം 

ചെറുകിട തേനീച്ച കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി വിപണിയാണ്‌. അന്യസംസ്ഥാനങ്ങളിൽനിന്ന്‌ ഗുണമേന്മ കുറഞ്ഞതും വ്യാജമായി നിർമിച്ചതുമായ തേൻ വിപണികളിൽ ലഭ്യമാണ്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേൻ ശേഖരിക്കാൻ ഹോർട്ടികോർപ്പിനോ, ഖാദി ബോർഡിനോ കേന്ദ്രങ്ങളില്ല. തിരുവല്ലയിലുള്ള ഹോർട്ടികോർപ്പിന്റെ കേന്ദ്രത്തിലാണ് നിലവിൽ തേൻ സംഭരിക്കുന്നത്. ഇവിടെ തേൻ പരിശോധിച്ച് ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ശേഖരിക്കുന്നത്

error: Content is protected !!