കനത്ത മഴയിൽ പൂതക്കുഴി-പട്ടിമറ്റം റോഡ് പൂർണമായി തകർന്നു
കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ പൂതക്കുഴി പട്ടിമറ്റം റോഡ് പൂർണമായി തകർന്നു. ഇതോടെ ദുരിതയാത്രയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിൽ പടപ്പാടി തോട്ടിലെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. പലയിടങ്ങളിലും വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹന യാത്രികർക്കും ഇരുചക്ര യാത്രിർക്കും കാൽനടയാത്രക്കാർക്കും ദുരിതയാത്രയായി റോഡ് മാറിയിരിക്കുകയാണ്.
ഈ ഭാഗത്ത് അശാസ്ത്രീയമായി നിർമിച്ച ചെക്ക്ഡാം മൂലമാണ് റോഡിൽ വെള്ളം കയറുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. റോഡു നിരപ്പിനൊപ്പം ചെക്ക് ഡാം നിർമിച്ചതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഓടയില്ലാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് റോഡ് പൂർണമായി തകർന്ന അവസ്ഥയിലാണ്. കുഴികളിൽ വെള്ളംകെട്ടിക്കിടക്കുന്നതു മൂലം ഇരുചക്രവാഹനയാത്രക്കാർ പലപ്പോഴും അപകടത്തിൽപ്പെടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിൽ പൂതക്കുഴി പട്ടിമറ്റം റോഡിലെ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നിരുന്നു. ഇതുവഴി കാൽനടയാത്രക്കാർ പോകുന്പോൾ വാഹനങ്ങൾ കൂടി വന്നാൽ അപകടഭീതിയിലാകും യാത്ര. വെള്ളം കയറാത്ത വിധം റോഡ് ഉയർത്തി നിർമിച്ചും പാലത്തിന് കൈവരികൾ സ്ഥാപിച്ചും ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.