മലയോര മേഖലയിൽ മഴ വീണ്ടും കനക്കുന്നു
മുണ്ടക്കയം: വെള്ളി, ശനി ദിവസങ്ങളിലെ നേരിയ ആശ്വാസത്തിനു ശേഷം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ മഴ ശക്തമായി. ഒന്നിടവിട്ട നേരങ്ങളിൽ അതിശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മുന്പ് ശക്തി കുറഞ്ഞ മഴ നിൽക്കാതെ പെയ്യുകയായിരുന്നെങ്കിൽ ഇക്കുറി ഏതാനും നേരത്തേക്കു നീണ്ടുനിൽക്കുന്ന അതിശക്തമായ മഴയാണ് പെയ്യുന്നത്.
ഇതു കൂടുതൽ നാശം വിതയ്ക്കുമോയെന്ന ആശങ്കയാണ് മലയോര ജനതയ്ക്കുള്ളത്. ഇങ്ങനെ പെയ്യുന്ന മഴ മൂലം ആറുകളിലെയും തോടുകളിലെയും ജലനിരപ്പ് നോക്കിനിൽക്കെ ഉയരും. കൂടാതെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നും ആശങ്കയുണ്ട്. 2021ൽ ഇങ്ങനെ പെയ്ത മഴയാണ് കൂട്ടിക്കൽ, മുണ്ടക്കയം മേഖലയെ ദുരിതത്തിലാഴ്ത്തിയത്.
എന്നാൽ, മുൻവർഷങ്ങളിലെ പാഠം ഉൾക്കൊണ്ട് വിവിധ വകുപ്പുകൾ മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിന്റെ ദുരിതബാധിത പ്രദേശങ്ങളിലുള്ള ആളുകൾ ഇപ്പോഴും ക്യാന്പുകളിൽതന്നെയാണ് കഴിയുന്നത്. പഞ്ചായത്തിന്റെ പരിധിയിൽ മൂന്നു ക്യാന്പുകളാണ് ഉള്ളത്.
അടിയന്തര ഘട്ടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കയത്ത് ഫയർഫോഴ്സിന്റെ ഒരു യൂണിറ്റും വിവിധ സന്നദ്ധ സംഘടനകളും തയാറായി നിൽപ്പുണ്ട്.