സഹ.ബാങ്കുകളിലെ നാഥനില്ലാ നിക്ഷേപം സർക്കാരിലേക്ക്; കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കും

റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കുന്നു. ഇത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാനാണ് തീരുമാനം.

500 കോടി രൂപയിലേറെ ഇത്തരത്തിൽ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതുകൂടി ഉൾപ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുംവിധം സഹകരണനിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും.

കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത നിക്ഷേപമാണ് സർക്കാർ ഏറ്റെടുക്കുക. പത്തുവർഷമായി ഇടപാട് നടത്താതെ കിടക്കുന്ന എസ്.ബി. അക്കൗണ്ടിലെ പണവും സംഘങ്ങളിൽനിന്ന് ഗാരന്റി ബോർഡിലേക്ക് മാറ്റും. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലെയും 13,500 പ്രാഥമിക സഹകരണ സംഘങ്ങളിലെയും നിക്ഷേപമാണ് മാറ്റുന്നത്. ഈ നിക്ഷേപത്തിന് പിന്നീട് അവകാശികളെത്തിയാൽ അവ പലിശസഹിതം സംഘങ്ങൾ നൽകണം. നൽകിയ തുക പിന്നീട് സംഘത്തിന് സർക്കാർ അനുവദിച്ചുനൽകും. ഈ രീതിയിലാണ് വ്യവസ്ഥകൾ ക്രമീകരിക്കുന്നത്.

വാണിജ്യബാങ്കുകളിലെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെയും ഉടമസ്ഥരെത്താത്ത പണം ആർ.ബി.ഐ.ക്ക് കൈമാറണം. കേരളബാങ്കും അർബൻ സഹകരണ ബാങ്കുകളും മലപ്പുറം ജില്ലാബാങ്കും ഇത്തരത്തിൽ റിസർവ് ബാങ്കിനാണ് പണം നൽകേണ്ടത്.

സംഘങ്ങളുടെ ഗാരന്റിവിഹിതം കൂട്ടും

:നിക്ഷേപ ഗാരന്റിക്കായി സഹകരണസംഘങ്ങൾ ബോർഡിലേക്ക് അടയ്ക്കുന്ന വിഹിതം പുനർനിശ്ചയിക്കാനും സഹകരണവകുപ്പ് തീരുമാനിച്ചു. ഓരോവർഷവും സംഘത്തിന്റെ മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് നാലുപൈസയെന്ന രീതിയിൽ വിഹിതം നൽകണമെന്നാണ് പുതിയവ്യവസ്ഥ.നിക്ഷേപ ഗാരന്റി രണ്ടിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒരു സംഘം സാമ്പത്തികപ്രതിസന്ധിയിലായി പ്രവർത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തിൽമാത്രമേ ഗാരന്റിത്തുക നൽകൂ.

error: Content is protected !!