ഡീസൽ ക്ഷാമം : യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർ ടിസി
പൊൻകുന്നം : ഡീസൽ ക്ഷാമം മൂലം കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളും ദീർഘദൂര ബസുകളും മുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി. കോട്ടയം ജില്ലയിൽ വിവിധ ഡിപ്പോകളിലായി നൂറോളം സർവീസുകളാണ് റദ്ദാക്കിയത്. പൊൻകുന്നം കെഎസ്ആർ ടിസി ഡിപ്പോയിൽ സർവീസ് നടത്തുന്ന 28 ബസ്സുകളിൽ , 9 എണ്ണവും, എരുമേലി ഡിപ്പോയിലെ 22 ബസ്സുകളിൽ പത്തെണ്ണവും ശനിയാഴ്ച സർവീസ് മുടങ്ങിയിരുന്നു.
കോട്ടയം ഡിപ്പോയിൽനിന്ന് 57 സർവീസുകളിൽ ഇന്നലെ 39 എണ്ണമാണ് അയച്ചത്. വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദ് ചെയ്തെന്ന് അധികൃതർ പറയുന്പോഴും കുമളി, എറണാകുളം, വൈക്കം, ചേർത്തല തുടങ്ങിയ ബസുകളും കോട്ടയത്തിന്റെ ഗ്രാമീണ മേഖലയിലേക്കുള്ള സർവീസുകളും അധികൃതർ അയച്ചില്ല.
പാലാ ഡിപ്പോയിൽനിന്നുള്ള ഭൂരിഭാഗം സർവീസുകളും കഴിഞ്ഞ രണ്ടു ദിവസം മുടങ്ങി. . കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന ദേശസാൽകൃത റൂട്ടികളിലെ യാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്.
ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നു പൂഞ്ഞാർ, കൈപ്പള്ളി, വാഗമണ്‍, തലനാട് സർവീസുകളും കോട്ടയം, ആലപ്പുഴ സർവീസുകളും മുടങ്ങി.
ചങ്ങനാശേരി ഡിപ്പോയിൽനിന്നു പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഓർഡിനറി സർവീസുകൾ വെള്ളപ്പൊക്കത്തെത്തുടർന്ന് റദ്ദാക്കിയെന്നാണ് അധികൃതർ പറയുന്നത്. വൈക്കം ഡിപ്പോയിൽനിന്ന് എറണാകുളം, ചേർത്തല, കോട്ടയം, തൊടുപുഴ തുടങ്ങിയ സർവീസുകളും ദീർഘദൂര സർവീസുകളും മുടങ്ങി. എരുമേലി ഡിപ്പോയിലും നിരവധി സർവീസുകളാണ് റദ്ദാക്കിയത്.
ജീവനക്കാരുടെ ശന്പളംവൈകുന്നതിനെ മറികടക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് നടത്തുന്ന ഒത്തുകളിയാണ് സർവീസ് മുടക്കമെന്ന് ജീവനക്കാർ ആരോപിക്കുന്നു.
അതേസമയം ഇന്നു മുതൽ എല്ലാ സർവീസുകളും അയക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.