കൊലപാതകശ്രമ കേസിൽ രണ്ടുപേർ അറസ്റ്റിൽ
24/08/2022
പൊൻകുന്നം: പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുഴിവേലിൽ റ്റിനു കൃഷ്ണൻകുട്ടി (32), കുന്നുംഭാഗം ചേപ്പുംപാറ പടലുങ്കൽ രാഹുൽ ഷാജി(27) എന്നിവരെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.
കുന്നുംഭാഗത്ത് ജനറൽ ആശുപത്രിക്ക് സമീപം ഞായറാഴ്ച വൈകീട്ട് സ്വകാര്യ ആംബുലൻസ് ഡ്രൈവറായ ജിഷ്ണുവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജിഷ്ണുവിന്റെ സുഹൃത്ത് പ്രവീൺ, പ്രതികൾക്കൊപ്പമെത്തിയ ജോൺ ഫ്രാൻസിസ് എന്നിവർക്കും പരിക്കുണ്ടായിരുന്നു.
പ്രദേശത്ത് സംഘം ചേർന്ന് മദ്യപിക്കുന്നതിനെതിരേ ജിഷ്ണുവും രാഹുലും നേരത്തേ പ്രതികരിച്ചിരുന്നു. മദ്യപസംഘത്തിനെതിരേ നടപടിയെടുക്കാൻ പോലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിന് പിന്നിൽ ഇവരുടെ പരാതിയാണെന്നും പ്രതികൾ ധരിച്ചിരുന്നു. ഇതിനിടെ ഞായറാഴ്ച ആശുപത്രിക്ക് സമീപം കെട്ടിടത്തിൽ ജിഷ്ണു വളർത്തിയിരുന്ന പട്ടിയെ സംഘത്തിൽ ചിലർ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് കത്തിക്കുത്തെന്ന് പോലീസ് പറഞ്ഞു. പൊൻകുന്നം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സംഘത്തിലുൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.