ജൈവകൃഷിയിൽ മികച്ച കർഷകനായി രണ്ടാം വിജയം
24/08/2022
ജോസഫ് ഡൊമിനിക്
കാഞ്ഞിരപ്പള്ളി: സ്വന്തമായുള്ളത് 15 സെന്റ് സ്ഥലം. കൃഷി 6.25 ഏക്കറിൽ. തുടർച്ചയായി രണ്ടാം തവണയും മഞ്ഞപ്പള്ളി കാരിയ്ക്കൽ ജോസഫ് ഡൊമിനികിനെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മികച്ച ജൈവകർഷകനായി തിരഞ്ഞെടുത്തു. ആറ് വർഷം മുൻപ് ഭാര്യ മരിച്ചശേഷം പല ജോലിയുംചെയ്ത് അവസാനിപ്പിച്ചാണ് കൃഷിയിലേക്ക് ഇറങ്ങിയത്.
കൃഷി ജോസഫിനെ കൈവിട്ടില്ല. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തവയെല്ലാം നൂറുമേനി ഫലം നൽകി. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, വാഴ, വെണ്ട, വഴുതന, മത്ത, വെള്ളരി, ഇഞ്ചി, മഞ്ഞൾ, ചീര, ചുര, പടവലം, പാവൽ, ചീനിക്കിഴങ്ങ്, തുടങ്ങി കൂവ വരെയുണ്ട് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ. 5,000 മൂട് കപ്പ, 4,000 വാഴ, 25 സെന്റിൽ കൂവ എന്നിവ വിളവെടുക്കാനുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അധ്വാനമാണ് കൃഷിയിടത്തിൽ. പൂർണമായും ജൈവ കൃഷിരീതി തുടരുന്ന ജോസഫ് കൃഷിയെ ലാഭത്തേക്കാളേറെ മനസ്സിന് സുഖംനൽകുന്ന ഒന്നായിട്ടാണ് കാണുന്നത്. ഇദ്ദേഹത്തിന്റെ പച്ചക്കറികൾക്കും ആവശ്യക്കാർ ഏറെയാണ്.