കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ എട്ട് വരെ
കാഞ്ഞിരപ്പള്ളി: സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിൽ (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണം 31 മുതൽ സെപ്റ്റംബർ എട്ട് വരെ നടത്തും.
സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ മുതലായ പിതാക്കന്മാർ വിവിധ ദിവസങ്ങളിൽ പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിക്കും.
ഓഗസ്റ്റ് 31-ന് വൈകീട്ട് നാലിന് കൊടിയേറ്റ്, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ അർപ്പിക്കും. കെ.കെ. റോഡും അക്കരപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 31-ന് മാർ മാത്യു അറയ്ക്കൽ, മാർ ജോസ് പുളിക്കൽ എന്നിവർ നടത്തും. തിരുനാൾ ദിവസങ്ങളിൽ വൈകീട്ട് 6.15-ന് ജപമാല പ്രദക്ഷിണം. ഒന്നിന് ഉച്ചകഴിഞ്ഞ് 4.30-ന് മാർ മാത്യു അറയ്ക്കൽ, മൂന്നിന് 4.30-ന് സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഏഴിന് 4.30-ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, എട്ടിന് 4.30-ന് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, രൂപതാ വികാരി ജനറാളന്മാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. കുര്യൻ താമരശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും. നാലിന് രാവിലെ 11.30-ന് കത്തീഡ്രലിൽനിന്ന് പഴയപള്ളിയിലേക്ക് മരിയൻ തീർത്ഥാടനം. ഉച്ചകഴിഞ്ഞ് രണ്ടിന് രൂപത എസ്.എം.വൈ.എം. വിവിധ ഫൊറോനകളിൽനിന്ന് മരിയൻപദയാത്രയും നടത്തും.