ഓണത്തിന് വാഴൂരിലെ കുടുംബശ്രീ ഒരുക്കുന്ന പൂക്കൾ വിപണിയിലെത്തും
വാഴൂർ : ഓണത്തിന് മാറ്റ് കൂട്ടാൻ വാഴൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ സ്വന്തം ഓണപ്പൂക്കളും. വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ചാമംപതാൽ- പൊൻകുന്നം റൂട്ടിലെ 10 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂക്കളും വാടാമല്ലിയും വസന്തം വിരിക്കുന്നത്.
വീട്ടമ്മമാരായ ഷീജ സലാം, ഫൗസിയ ബഷീർ, രഞ്ജിത കണ്ണൻ, സുൽഫി സലിം എന്നിവർ ചേർന്നു ഷീജ സലാമിന്റെ സ്ഥലത്താണ് പുഷ്പകൃഷി നടത്തിയത്. തൃശൂരിൽനിന്നു 600 ബന്ദിത്തൈകളും 100 വാടാമല്ലി തൈകളും വരുത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പുഷ്പകൃഷി ആരംഭിച്ചു. പ്രാഥമികചെലവുകൾക്കായി 8000 രൂപയോളം മുടക്കി. തൈകൾ രണ്ട് മാസം കൊണ്ട് പൂർണവളർച്ചയെത്തി പൂക്കൾ വിളവെടുപ്പിനു പാകമായി. പൂക്കൾക്കു വിപണി കണ്ടെത്തി നൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ഉറപ്പിൽ ആരംഭിച്ച കൃഷി പരിപൂർണ വിജയമാവുകയായിരുന്നു.
നിരവധി പേരാണ് പുഷ്പകൃഷി ആസ്വദിക്കുന്നതിനായി പ്രദേശത്ത് എത്തുന്നത്. പുഷ്പകൃഷിയുടെ വിളവെടുപ്പു ഉദ്ഘാടനം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. റെജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഡി. സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സൗധ ഇസ്മയിൽ, നിഷ രാജേഷ്, കൃഷി ഓഫീസർ ജി. അരുൺകുമാർ, സി.ഡി.എസ്. അംഗങ്ങളായ ബിന്ദു രാമർ, ഉഷ് സി. നായർ, ഷീജ സലാം എന്നിവർ വിളവെടുപ്പിൽ പങ്കുചേർന്നു.