നാട് നിറയെനായക്കൂട്ടം
കോട്ടയം ചന്തക്കടവിൽ ബൈക്ക് യാത്രികരുടെ അടുത്തേക്ക് ഓടിയെത്തുന്ന തെരുവുനായ്‌ക്കൾ
വളർത്തുനായ്ക്കളുമായി ധർണ നടത്തും
കോട്ടയം: കഴിഞ്ഞ മൂന്നുദിവസത്തിനിടെ വൈക്കം, വെച്ചൂർ, ചെമ്പ്, തലയോലപ്പറമ്പ്, വെള്ളൂർ എന്നിവിടങ്ങളിലായി 20 പേരെയാണ് തെരുവുനായ കടിച്ചത്. അവയെ നിയന്ത്രിക്കുന്ന കാര്യത്തിൽ തദ്ദേശസ്‌ഥാപനങ്ങളും ഇരുട്ടിൽതപ്പുന്നു. മത്സ്യ, ഇറച്ചി മാർക്കറ്റുകളിൽനിന്നുള്ള മാലിന്യം വലിച്ചെറിയുന്നതാണ് പലയിടങ്ങളിലും തെരുവുനായ്‌ക്കൾ പെരുകാനുള്ള കാരണം. നായ്‌ക്കളെ വളർത്തുന്ന പലരും അവയെ വഴിയിലുപേക്ഷിക്കുന്നതും കാരണമാണ്.
ലോക്ഡൗൺ കാലത്ത് മിക്കവീടുകളിലും നായ്‌ക്കളെ വളർത്തുന്ന പ്രവണത കൂടുതലായിരുന്നു. പിന്നീട് പലരും ജോലിക്കായി പുറത്തുപോയതോടെ പല വീടുകളിൽനിന്നു നായ്‌ക്കളെ തെരുവുകളിൽ ഉപേക്ഷിക്കാൻ തുടങ്ങിയെന്ന് വെറ്ററിനറി ഡോക്‌ടർമാർ പറയുന്നു.
എ.ബി.സി. നിലച്ചിട്ട് എട്ടുമാസം
തെരുവുനായ വന്ധ്യംകരണ പദ്ധതി (എ.ബി.സി.) നിലച്ചത് 2021 ഡിസംബറിലാണ്. കുടുംബശ്രീ മുഖേന ജില്ലാ പഞ്ചായത്താണ് ഇവിടെ എ.ബി.സി. പദ്‌ധതി നടപ്പാക്കിയിരുന്നത്. ആനിമൽ വെൽഫെയർ േബാർഡിന്റെ അംഗീകാരമുള്ള ഏജൻസികൾക്കു മാത്രമേ പദ്ധതി നടപ്പാക്കാനാകൂവെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവുണ്ടായി. ഇതോടെ കുടുബശ്രീക്ക് പദ്‌ധതി നടപ്പാക്കാനാകാതെവന്നു. കേരളത്തിൽ മറ്റൊരു ഏജൻസിക്കും ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ല.
സർക്കാർനിർദേശം ഇങ്ങനെ
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ തെരുവുനായ് വന്ധ്യംകരണ പദ്‌ധതി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. ജില്ലാ പഞ്ചായത്ത് പദ്‌ധതി നടത്തിപ്പിനുള്ള ഫണ്ട് മറ്റ് തദ്ദേശസ്‌ഥാപനങ്ങൾക്ക് കൈമാറണം. രണ്ട് ബ്ലോക്കുകൾക്ക് ഒരെണ്ണം എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ, നായ്‌ക്കളെ താമസിപ്പിക്കാനുള്ള ഷെൽട്ടർ എന്നിവ ഒരുക്കണം. വെറ്ററിനറി സർജൻ, ഡോഗ്‌ക്യാച്ചേഴ്‌സ്, മൃഗപരിപാലകർ എന്നിവരടങ്ങുന്ന ഒരു ടീം രൂപവത്‌കരിക്കണമെന്നും നായ്‌പിടിത്തക്കാർക്ക് പണം നൽകണമെന്നും നിർദേശമുണ്ട്. എന്നാൽ ഇതിനൊക്കെ പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് തദ്ദേശസ്‌ഥാപനങ്ങൾ. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2500 രൂപ ചെലവുവരും.
നായയുടെ കടിയേറ്റാൽ
ഉടൻ തന്നെ മുറിവ് 15 മിനിറ്റ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇത് അപകട സാധ്യത 90 ശതമാനം കുറയ്ക്കും. ശേഷം ഉടനെ ആശുപത്രിയിലെത്തി പ്രതിരോധ ചികിത്സ തേടണം. മുറിവിൽ ഒരു തരത്തിലുള്ള പൗഡറുകളും പുരട്ടരുത്.
വാക്സിൻ സൗജന്യമായി ലഭിക്കുന്ന സ്ഥാപനങ്ങൾ
• മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി
• കോട്ടയം, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ,
• വൈക്കം, പാമ്പാടി, താലൂക്ക് ആശുപത്രികൾ,
• ഉഴവൂർ കെ.ആർ. നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രി,
• പെരുന്ന നഗര ആരോഗ്യകേന്ദ്രം
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
വാകത്താനം, പാറമ്പുഴ, ഓണംതുരുത്ത്, മരങ്ങാട്ടുപിള്ളി,
മുണ്ടക്കയം, അതിരമ്പുഴ, മുണ്ടൻകുന്ന്, ഏറ്റുമാനൂർ, ബ്രഹ്‌മംഗലം, ഈരാറ്റുപേട്ട, കുറുപ്പന്തറ, മറവന്തുരുത്ത്, കുമരകം, പൈക, തോട്ടയ്‌ക്കാട്, സചിവോത്തമപുരം, ഇടയിരിക്കപ്പുഴ, കടപ്ലാമറ്റം, രാമപുരം, കൂടല്ലൂർ, ഉള്ളനാട്, ഇടമറുക്, എരുമേലി, അതിരമ്പുഴ, കറുകച്ചാൽ, കൂട്ടിക്കൽ, ഇടയാഴം, തലയോലപ്പറമ്പ്.
വാക്‌സിൻ എടുക്കേണ്ട ദിനങ്ങൾ
നായയുടെ കടിയേറ്റാൽ ഉടൻ തന്നെ എടുക്കുന്നതാണ് സീറോഡോസ് വാക്‌സിൻ. ശേഷം 3, 7, 28 എന്നീ ദിവസങ്ങളിൽ കൂടി വാക്‌സിൻ എടുക്കേണ്ടതാണ്. മുറിവ് മാരകവും ആഴമേറിയതുമാണെങ്കിൽ ഡോക്‌ടർ നിർദേശിച്ചാൽ വാക്‌സിനോടൊപ്പം ഇമ്മ്യൂണോഗ്ലോബുലിൻ കൂടി എടുക്കണം. പേവിഷ ബാധയേറ്റാൽ രോഗം തലച്ചോറിനെ ബാധിക്കാൻ ഒരാഴ്‌ച മുതൽ ഒരുവർഷം വരെ സമയമെടുത്തേക്കും. തലച്ചോറിനെ ബാധിച്ചാൽ മരണം ഉറപ്പായ രോഗമാണ് പേ വിഷബാധ.
ഐ.ഡി.ആർ.വി.യുണ്ട്; പക്ഷേ…
പേവിഷബാധയ്ക്കെതിരായ പ്രതിരോധ മരുന്ന് ഇൻട്രാ ഡെർമൽ റാബീസ് വാക്‌സിൻ (ഐ.ഡി.ആർ.വി.) തൊലിപ്പുറത്താണ് കുത്തിവെയ്‌ക്കുന്നത്. ഐ.ഡി.ആർ.വി. 0.5 മില്ലി ഡോസ് മാത്രമാണ് വേണ്ടത്. ഇത് പേശിയിലേക്ക് കടക്കാൻ പാടില്ല.
പേശിയിലേക്ക് കടന്നാൽ 0.5 മില്ലി പോര. 5 മില്ലി ഡോസ് നൽകണം. നഴ്‌സുമാർക്ക് കൃത്യമായി പരിശീലനമില്ലെങ്കിൽ വാക്‌സിൻ നൽകുന്നത് ഫലപ്രദമാകില്ല.
പാലക്കാട് പട്ടികടിയേറ്റ് വാക്‌സിൻ നൽകിയിട്ടും ഒരാൾ മരിച്ചതോടെ കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പ് നഴ്‌സുമാർക്ക് വാക്‌സിൻ നൽകാൻ ശാസ്‌ത്രീയ പരിശീലനം നൽകിയിരുന്നു.70 നഴ്‌സുമാർക്കാണ് പരിശീലനം നൽകിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം എല്ലാ ആശുപത്രികളിലും പ്രതിരോധ മരുന്നുണ്ട്. ഒരു ‘വയൽ’എടുത്താൽ പത്തുപേർക്ക് നൽകാം. പത്തുപേർ എത്തിയില്ലെങ്കിൽ എടുക്കുന്ന ഒരു ഡോസ് ഒഴിച്ച് ബാക്കി ഒൻപതും വെറുതെയാകും.
ഇക്കാരണത്താൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തുവരെ സി. എച്ച്.സി.കളിലേക്കോ താലൂക്ക് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ആരോഗ്യസ്ഥിതി മോശമായാലോ മുറിവ് ഗുരുതരമായാലോ ഇമ്മ്യൂണോഗ്ലോബുലിൻ നൽകേണ്ടിവരും. ഇത് ഇപ്പോൾ മെഡിക്കൽ കോളേജിൽ മാത്രമേയുള്ളൂ.
മെഡിക്കൽ കോളേജിൽ എത്തുന്നത് 45-ലധികം പേർ
കോട്ടയമുൾപ്പെടെയുള്ള ജില്ലകളിൽനിന്നു നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് 45-നും 60-നും ഇടയിൽ ആളുകൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നു. ഇത് മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
നായയുടെ ആക്രമണത്തിൽ പരിക്ക് ഗുരുതരമാവുമ്പോഴും, കുട്ടികൾക്കും, പ്രായമായവർക്കും ആക്രമണമേറ്റാലും രാത്രിയിൽ സംഭവിച്ചാലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തും.
നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് 24 മണിക്കൂറും ചികിത്സ ലഭിക്കും.