മാലിന്യം ഇട്ടാൽ നായശല്യം ഉറപ്പ്
24/08/2022
കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷന് സമീപം റോഡിനിരുവശത്തും കൂടിക്കിടക്കുന്ന മാലിന്യം
കറുകച്ചാൽ
മേഖലയിൽ തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം വയലുങ്കൽ ഭാഗത്ത് രണ്ടുപേർക്കും വെള്ളാവൂരിൽ ഒരാൾക്കും നായയുടെ കടിയേറ്റിരുന്നു. കറുകച്ചാൽ ടൗൺ, നെത്തല്ലൂർ, മാന്തുരുത്തി, ചമ്പക്കര, മൈലാടി, നെടുംകുന്നം, കാനം-കാഞ്ഞിരപ്പാറ റോഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം തെരുവുനായശല്യമുണ്ട്.
വൈക്കം
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ തെരുവുനായ്ക്കളുടെ ആക്രമണം നടന്നത് വൈക്കത്താണ്. വൈക്കം താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള ഐ.ഡി.ആർ.ബി. കുത്തിവെയ്പ് മാത്രമേയുള്ളൂ. ഇ.ആർ.ഐ.ജി. കുത്തിവെയ്പ് എടുക്കേണ്ടവരെ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്.
ഏറ്റുമാനൂർ
പാലാ റോഡിൽ പുന്നത്തുറ കവലയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് അടുത്ത കാലത്ത് കടിയേറ്റിരുന്നു. ഏറ്റുമാനൂർ ടൗൺ, വടക്കേനട ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അതിരമ്പുഴ ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.
കാഞ്ഞിരപ്പള്ളി
മൃഗങ്ങളിൽനിന്ന് കടിയോ ആക്രമണമോ ഉണ്ടായാൽ പേവിഷബാധയേൽക്കാതിരിക്കാനുള്ള കുത്തിവെയ്പിനുള്ള മരുന്നുകൾക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കുറവുണ്ട്. ആന്റി റാബിസ് വാക്‌സിൻ മരുന്നിന് ലഭ്യതയുണ്ടെങ്കിലും കടിയേൽക്കുകയോ മാന്തുകയോ ചെയ്ത ഭാഗത്ത് മുറിവുണ്ടായാൽ ആദ്യമെടുക്കേണ്ട മരുന്ന് ആശുപത്രിയിൽ ലഭ്യമല്ല. റാബിസ് ഇമ്യുണോഗ്ലോബുലിൻ മരുന്ന് ലഭ്യമല്ല.
മണിമല
പഞ്ചായത്തിലെ പൊന്തൻപുഴ-ആലപ്ര, പൊന്തൻപുഴ-പ്ലാച്ചേരി, പ്ലാച്ചേരി-മുക്കട റോഡുകളുടെ വശങ്ങളിലും മുക്കട-എരുമേലി റോഡിൽ മണിമല പഞ്ചായത്തിൽപ്പെടുന്ന പ്രദേശങ്ങളിലും വ്യാപകമായി അറവുശാല മാലിന്യങ്ങൾ തള്ളുന്നതുമൂലം ഇവിടെ തെരുവുനായകളുടെ വിളയാട്ടമാണ്. കടിയേൽക്കുന്നവർ കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് പോകണം.
എരുമേലി
നായയുടെ കടിയേറ്റാൽ പേവിഷ പ്രതിരോധത്തിനുള്ള പ്രാഥമിക കുത്തിവെപ്പ് മാത്രമേ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുള്ളൂ. എരുമേലി, പമ്പാവാലി, പാണപിലാവ് തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം രണ്ട് മാസത്തിനിടെ 20-ഓളം ആളുകൾക്കാണ് തെരുവുനായകളുടെ കടിയേറ്റത്. ഇതിൽ രണ്ട് പേരെ വീടിനുള്ളിൽ കയറി കടിക്കുകയായിരുന്നു.