കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാർഥ്യത്തിലേക്ക്… : നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചു; ഡോ എൻ. ജയരാജിന് നന്ദി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാർ പത്തുവർഷത്തിലേറെ കാലമായി കാത്തിരിക്കുന്ന കാഞ്ഞിരപ്പള്ളി മെയിൻ ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്.. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ ക്ഷണിച്ചു. ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. നിരവധി പ്രതിബന്ധങ്ങൾ പിന്നിട്ട്, ബൈപ്പാസ് യാഥാർഥ്യത്തിലേക്ക് എത്തിച്ച കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവ: ചീഫ് വിപ്പുമായ ഡോ. എൻ ജയരാജിന് ഏറെ നന്ദി.
റോഡ് – നിര്‍മ്മാണ ഏജന്‍സിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ആണ് ടെണ്ടര്‍ ചെയ്തിരിക്കുന്നത് . പുതുക്കിയ എസ്റ്റിമേറ്റ് തുക 20.65 കോടി രൂപ. ജോലി പൂര്‍ത്തിയാക്കാനുള്ള സമയം 18 മാസം.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ദേശീയ പാത 183 യില്‍ ഉള്ള വളവില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനു കുറുകെ മേല്‍പ്പാലം നിര്‍മ്മിച്ച് ദേശീയപാതയിലെ റാണി ഹോസ്പിറ്റലിനു സമീപം എത്തുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തില്‍ 15 മുതല്‍ 18 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഇതിനായി മൂന്ന് ഹെക്ടര്‍ 49 ആര്‍ 84 ച.മീ. സ്ഥലം ആണ് പദ്ധതിക്ക് ആകെ ആവശ്യമുള്ളത്. (8 ഏക്കര്‍ 42.8 സെന്റ് സ്ഥലം). 29 വസ്തു ഉടമസ്ഥരില്‍ നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടക്കുന്ന പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.
കാഞ്ഞിരപ്പള്ളിക്ക് ഒരു ബൈപാസ്സ് എന്ന ആശയം,ആദ്യമായി വിഭാവനം ചെയ്തത് 2004 -ൽ അന്നത്തെ കാഞ്ഞിരപ്പള്ളി എം.എല്‍.എ. . ജോര്‍ജ് ജെ മാത്യൂവിന്റെ കാലത്താണ്. തുടർന്ന് കാഞ്ഞിരപ്പള്ളി എം.എല്‍.എ. ആയി വന്ന അല്‍ഫോന്‍സ് കണ്ണന്താനം ഈ പദ്ധതിക്ക് വേണ്ടി ശ്രമിക്കുകയും ഏറെ മുൻപോട്ട് പോവുകയും ചെയ്തു. എന്നാൽ 2011 -മുതൽ കാഞ്ഞിരപ്പള്ളിയുടെ എം.എല്‍.എയായ ഡോ. എൻ. ജയരാജിന് സാങ്കേതികമായ പലവിധ പ്രതിബന്ധങ്ങൾ കാരണം പദ്ധതി ഉദ്ദേശിച്ച വേഗത്തിൽ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല . എന്നാൽ അദ്ദേഹത്തിന്റെ മൂന്നാം വരവിൽ, എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത്, കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാർഥ്യമാക്കുവാൻ പോവുകയാണ്. റോഡിനുള്ള സ്ഥലം ഏറ്റെടുത്ത ശേഷം വസ്തു ഉടമകൾക്ക് 24 കോടി രൂപ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. ടെൻഡർ ആയതോടെ ഇനി ഒന്നര വർഷത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാർഥ്യമാകും.
ബൈപാസ് നാൾവഴി ..
കാഞ്ഞിരപ്പള്ളി ബൈപാസിന്റെ ആദ്യത്തെ നിര്‍ദേശം 2004ല്‍ അന്നത്തെ കാഞ്ഞിരപ്പള്ളി എം.എല്‍.എ. ശ്രീ.ജോര്‍ജ് ജെ മാത്യൂവിന്റെ കാലത്താണ്. എന്നാല്‍ ആ പദ്ധതി വിവിധ കാരണങ്ങളാല്‍ നടപ്പായില്ല. പിന്നീട് 2006ല്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എ. ആയി വന്ന ശ്രീ.അല്‍ഫോന്‍സ് കണ്ണന്താനം ഈ പദ്ധതിക്ക് വേണ്ടി ശ്രമിക്കുകയും 12-04-2007ല്‍ പൊതുമരാമത്ത് വകുപ്പ് റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. അന്ന് ഇതിന്റെ അടങ്കല്‍ തുകയായി കണക്കാക്കിയിരുന്നത് 31450000 രൂപ ആയിരുന്നു. പൊതുമരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റ് തുകയില്‍ ബൈപാസ് നിര്‍മാണത്തിന് മാത്രമാണ് തുക ഉള്‍പ്പെടുത്തിയിരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് തുക കണക്കാക്കിയില്ലായിരുന്നു. അതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്ന് 1 കോടി രൂപ അനുവദിക്കുന്നതിന് നിര്‍ദേശിച്ചു. എംഎല്‍എ ഫണ്ടിന്റെ നിയമമനുസരിച്ച് സ്ഥലം വാങ്ങുന്നതിന് പ്രസ്തുത ഫണ്ട് ഉപയോഗിക്കാന് സാധിക്കില്ല. അതിനാല്‍ ആ നിര്‍ദേശവും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സമീപത്തെ കൊടും വളവില്‍ (പഴയ എന്‍ എച്ച് 220ന്റെ 144/700ല്‍) നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനെയും ചിറ്റാര്‍പുഴയേയും കടന്ന് ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം (പഴയ എന്‍ എച്ച് 220ന്റെ 146/900ല്‍) എത്തിച്ചേരുന്ന തരത്തിലുള്ള പുതിയ പ്രൊപ്പോസല്‍ വീണ്ടും തയാറാക്കുകയും 925 ലക്ഷം രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.
12-05-2008ലാണ് പൊതുമരാമത്ത് കോട്ടയം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇത് ഭരണാനുമതിക്കുവേണ്ടി സമര്‍പ്പിച്ചത്. 01-07-2010ല്‍ കോട്ടയം ജില്ലാ കളക്ടര്‍ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് 3.9830 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുതിനുവേണ്ടിയുള്ള റിക്വസ്റ്റ് സമര്‍പ്പിച്ചു. 1894ലെ ലാന്റ് അക്വിസിഷന്‍ ആക്ടിന്റെ സെക്ഷന്‍ 17 പ്രകാരം ഈ ഭൂമി ഏറ്റെടുക്കുന്നതിന് അടിയന്തരനടപടികള്‍ എ ക്ലോസ് ഉപയോഗിച്ച് നടത്തുതിനാണ് റിക്വസ്റ്റ് നല്‍കിയത്. 28-11-2008ലെ സ.ഉ.(സാധാ)നം.1998/2008/പൊ.മ.വ. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കി. എങ്കിലും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന് വസ്തുത ഉടമസ്ഥരുടെ ആശങ്കയുടെ അടിസ്ഥാനത്തില്‍ ബൈപാസിനായി സ്ഥലമേറ്റെടുക്കല്‍ നടത്തുന്നത് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എന്ന് കാണിച്ച് ബഹു.ഹൈക്കോടതിയില്‍ കേസ് നല്‍കുകയും, സ്ഥലമേറ്റെടുക്കലിനുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്യുകയും ചെയ്തു.
ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍, 2011 മെയ് മാസത്തില്‍ ആണ് കാഞ്ഞിരപ്പള്ളി എം.എല്‍.എ. ആയി ഡോ എൻ ജയരാജ് ചുമതലയേല്‍ക്കുന്നത്. അപ്പോള്‍ ബൈപാസ് കടന്നുപോകുന്ന സ്ഥലങ്ങളിലെ വസ്തു ഉടമസ്ഥര്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ അതില്‍ ഇടപെടുന്നതിന് പുതുതായി വന്ന എംഎല്‍എയ്ക്ക് സാധിക്കുമായിരുന്നില്ല. എങ്കിലും നിയമപരമായ സാധ്യമായ പലവഴികള്‍ തേടുകയും 2012ല്‍ ഇതുസംബന്ധിച്ച ഹൈക്കോടതി വിധി വരുകയും ചെയ്തു. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കുതിന് നടപടികള്‍ക്ക് അനുവാദം .ഹൈക്കോടതി നല്‍കി. അപ്പോഴേക്കും ഭൂമി ഏറ്റെടുക്കുതുമായി ബന്ധപ്പെട്ട പുതിയ കേന്ദ്രനിയമം 2013ല്‍ പ്രാബല്യത്തില്‍ വന്നു. അതുവരെ പാലിച്ചുവന്ന സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച പഴയ നിയമം ഇല്ലാതാകുകയും പുതിയ നിയമം പ്രാബല്യത്തിലെത്തുകയും ചെയ്തപ്പോള്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടിക്രമങ്ങളുടെ ചട്ടങ്ങള്‍ തയാറാക്കുന്നതു വരെ തുടര്‍ നടപടികള്‍ അവ്യക്തമാക്കി.
19-09-2015ലാണ് ഇത് സംബന്ധിച്ച ചട്ടം കേരള സര്‍ക്കാര്‍ തയാറാക്കിയത്. 3 വര്‍ഷത്തോളം ചട്ടമില്ലാതെ അവ്യക്തമായ നടപടിക്രമങ്ങള്‍ മൂലം ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ ഏതാണ്ട് പൂര്‍ണമായിതന്നെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 17-12-2015ല്‍ അതായത് പുതിയ നിയമത്തിന്റെ ചട്ടം രൂപീകരിച്ചതിന് (19-09-2015) ശേഷം നടന്ന ആദ്യത്തെ നിയമസഭാസമ്മേളനവേളയില്‍ തന്നെ ബൈപാസ് വിഷയം എംഎൽഎ ഡോ. എൻ ജയരാജ് സബ്മിഷനായി അവതരിപ്പിച്ചു. അതില്‍ ലഭിച്ച മറുപടിയില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ പരിഗണനയിലാണെും അനുവാദം കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഇതിന് ശേഷം 06-01-2016ലെ റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ)നം.54/16/റ.വ. ഉത്തരവ് പ്രകാരം സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം 2015ല്‍ ചട്ടം നിലവില്‍ വന്നശേഷം Right to Fair Compensation and Transparency in Land Acquisition; Rehabilitation and Resettlement Act 2013 അനുസരിച്ച് കാഞ്ഞിരപ്പള്ളി വില്ലേജില്‍പ്പെട്ട 308.13 ആര്‍ സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 2016-17 ലെ സംസ്ഥാന ബജറ്റില്‍ ബൈപാസിന് 20 കോടി രൂപയും എംഎല്‍എയുടെ അഭ്യര്‍ത്ഥനപ്രകാരം അനുവദിച്ചു.
2016ലെ പതിനാലാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ നടപടികള്‍ നിര്‍ത്തിവച്ചു. 2016 മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും എംഎല്‍എ നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് പ്രത്യേക താത്പര്യമെടുക്കുകയും 2016-17ലെ റിവൈസ്ഡ് ബജറ്റില്‍ കിഫ്ബി ധനസഹായത്തോടെ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 27-09-2016ല്‍ പൊതുമരാമത്ത് വകുപ്പിന്റെ സ.ഉ.(സാധാ) നം.1324/2016 /പൊ.മ.വ. ഉത്തരവ് പ്രകാരം കാഞ്ഞിരപ്പള്ളി ബൈപാസിന്റെ വിശദമായ ഡിസൈനും, റിപ്പോര്‍ട്ട്ും എസ്റ്റിമേറ്റും തയാറാക്കുന്നതിന് കിഫ്ബി പദ്ധതികള്‍ക്കായുള്ള സ്‌പെഷല്‍ പര്‍പസ് വെഹിക്കിളായി തെരഞ്ഞെടുത്ത സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിജസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. അവര്‍ തയാറാക്കിയ ഡി പി ആര്‍ പരിഗണനയിലിരിക്കെ കിഫ്ബിയില്‍ നിന്നും ബൈപാസിന്റെ പ്ലാനിലെ ഓവര്‍ ബ്രിഡ്ജ് 15 മീറ്ററില്‍ നിന്ന് 12 മീറ്ററായി ചുരുക്കാനുള്ള നിര്‍ദേശം വന്നതായി അറിഞ്ഞയുടന്‍ 04-04-2018ല്‍ തന്നെ ആ നിര്‍ദേശം റദ്ദ് ചെയ്യണമെന്നും അപ്പോള്‍ തയാറാക്കിയ ഡിപിആര്‍ പ്രകാരം 15ല്‍ മീറ്ററില്‍ തന്നെ പാലം പണിയുന്നതിന് തയാറാകണമെന്നും .ധനമന്ത്രിയോടും, കിഫ്ബി സി.ഇ.ഒ. .കെ.എം.ഏബ്രഹാമിനും കത്ത് നല്‍കുകയും നേരില്‍ കണ്ട് അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്‍പ്രകാരം ഡിപിആര്‍ അങ്ങനെതന്നെ അംഗീകരിക്കുകയും
25-05-2018ലെ കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം സ്ഥലമേറ്റെടു ക്കുന്നതിനുള്‍പ്പെടെ 78.69 കോടി രൂപ അനുവദിച്ച് ഉത്തരവായി. ഇതിന്‍പ്രകാരം പൊതുമരാമത്ത് വകുപ്പ് നേരത്തെ തയാറാക്കിയ പ്ലാന്‍ പ്രകാരമുള്ള 23 സര്‍വേ നമ്പറുകളില്‍പ്പെട്ട 308.16 ആര്‍ സ്ഥലത്തിന്റെ സോഷ്യല്‍ ഇംപാക്ട് സ്റ്റഡി റിപ്പോര്‍ട്ട്്് സമര്‍പ്പിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് നേരത്തേ തയാറാക്കിയ ഡിസൈനില്‍ ദേശിയപാതയുമായി സംഗമിക്കുന്ന രണ്ട് വെല്‍മൗത്തുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല. ആര്‍ ബി ഡി സി കെയുടെ ആവശ്യപ്രകാരം കിറ്റ്‌കോയോട് പുതിയ ഡിസൈന്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തി.
ദേശീയപാതയിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഡിവൈഡറുകളും റൗണ്ടാനകളും ചേര്‍ത്ത് പുതിയ ഡിസൈന്‍ കിറ്റ്‌കോ തയാറാക്കി. ഇത് തയാറാക്കുന്ന ഓരോ ഘട്ടത്തിലും ആര്‍ ബി ഡി സി കെയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവന്നു. ഇതിനിടയില്‍ ബന്ധപ്പെട്ട വസ്തു ഉടമസ്ഥര്‍ക്ക് ഇത് സംബന്ധിച്ച സുതാര്യത ബോധ്യപ്പെടുത്തി നല്‍കുകയും സോഷ്യല്‍ ഇംപാക്ട് സ്റ്റഡിയിലും, അലൈന്‍മെന്റ് സ്റ്റോണ്‍ ഇട്ട് വേര്‍തിരിക്കുന്ന ഘട്ടത്തിലുമെല്ലാം വസ്തു ഉടമകളുടെ സജീവസാന്നിധ്യം ഉറപ്പുവരുത്താനും കഴിഞ്ഞു. എല്ലാ ഘട്ടത്തിലും വസ്തു ഉടമകളുടെ പരമാവധി സഹകരണം ഉറപ്പാക്കി.
പുതിയ ഡിസൈന്‍പ്രകാരം കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 22-02-2019ല്‍ റവന്യൂ വകുപ്പിന്റെ സ.ഉ.(അച്ചടി)നം.17/2019/റ.വ. ഉത്തരവ് പ്രകാരം 17 സര്‍വേ നമ്പറുകളില്‍പ്പെട്ട 80.3 ആര്‍ സ്ഥലം ബൈപാസിന്റെ ആവശ്യത്തിനായി ഏറ്റെടുക്കുന്നതിനുള്ള അനുമതി നല്‍കി. ഈ ഉത്തരവില്‍ തന്നെ സോഷ്യല്‍ ഇംപാക്ട് സ്റ്റഡി നടത്താന്‍ കേരളാ വോളണ്ടറി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി ഇട്ടിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. 27-05-2019ല്‍ ഇതിന്റെ ഇടക്കാല റിപ്പോര്‍ട്ട് റവന്യൂവകുപ്പിന് സമര്‍പ്പിച്ചു.
2015ലെ ചട്ടപ്രകാരം ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ആകെ തുകയുടെ 5 ശതമാനം പരമാവധി 50 ലക്ഷം ബന്ധപ്പെട്ട ഏജന്‍സി (കിഫ്ബി) റവന്യൂ വകുപ്പിന് കൈമാറണമെന്ന വ്യവസ്ഥ പ്രകാരം ആദ്യ ഘട്ടമായി 3 ലക്ഷവും 2019 ഫെബ്രുവരി ആദ്യവാരത്തില്‍തന്നെ 47 ലക്ഷം രൂപയും റവന്യൂവകുപ്പിന് കൈമാറി. 17 സര്‍വേ നമ്പറുകളിലും അതിന്റെ സബ് ഡിവിഷനുകളിലുമായി കിടക്കുന്ന ഭൂമി കണ്ടെത്തി ബൈപാസിനുള്ള സബ്ഡിവിഷന്‍ തയാറാക്കുക എന്ന ശ്രമകരമായ ജോലി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍വേ ഡയറക്ടറെ നേരിട്ട് കണ്ട് ആവശ്യമായ ഉദ്യോസ്ഥരുടെ സേവനം ലഭ്യമാക്കാമെന്ന ഉറപ്പും സമ്പാദിച്ചു.
തുടര്‍നടപടികള്‍ നടന്നുവരവെ 2 പ്രളയം, കോവിഡ് സാഹചര്യങ്ങള്‍ എന്നിവ മൂലം കാലതാമസമുണ്ടായി . കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എം.എല്‍.എ. എന്ന നിലയില്‍ യാതൊരുവിധത്തിലുമുള്ള അനാസ്ഥയോ അനവധാനതയോ ഉണ്ടായിട്ടില്ല എന്ന് ഡോ എൻ ജയരാജ് പറഞ്ഞു. ഈ പദ്ധതിയുടെ സര്‍ക്കാര്‍ തലത്തിലും സാങ്കേതികതലത്തിലും കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ബൈപാസിന് വേണ്ടുന്ന തുക സര്‍ക്കാരില്‍ നിന്ന് അനുവദിപ്പിക്കാനും അനുബന്ധപ്രവര്‍ത്തനങ്ങളിലും കൃത്യമായി ഇടപെടുകയും ചെയ്ത ഒരു ജനപ്രതിനിധിയാണ് എൻ ജയരാജ്.
ലോക്‌സഭ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയുടെ പെരുമാറ്റച്ചട്ടം, ലോക്ഡൗണ്‍ തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ മറികടന്ന് സ്ഥലങ്ങളുടെ വില നിശ്ചയിച്ച് അന്തിമ വിജ്ഞാപനം (ആര്‍ ആര്‍ പാക്കേജ്) ഗസറ്റില്‍ പ്രസിദ്ധീകരിച്ച് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ബൈപാസിന്റെ നിര്‍മാണത്തിനായി ടെൻഡർ ക്ഷണിച്ചിരിക്കുന്നത് 20.65 കോടി രൂപയ്ക്കാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ, 18 മാസത്തിനുള്ളിൽ ബൈപ്പാസിന്റെ നിർമ്മാണം പൂർത്തീകരിക്കും.