ജനസംസ്‌കാര സാംസ്‌കാരികവേദി രൂപവത്കരിച്ചു
പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ ജനസംസ്‌കാര സാംസ്‌കാരികവേദി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ സംവാദ സദസ്സ്, കലാരൂപങ്ങളുടെ അവതരണം, മികച്ച ചലച്ചിത്രങ്ങളുടെ പ്രദർശനം, ചിറക്കടവിന്റെ ചരിത്രവും സംസ്‌കൃതിയും സൂചിപ്പിക്കുന്ന പ്രതിമകളുടെ സ്ഥാപിക്കൽ, ചുവർച്ചിത്രരചന തുടങ്ങിയ പരിപാടികൾ നടത്തും.
പഞ്ചായത്തിലെ ലൈബ്രറികളുടെ സഹകരണത്തോടെ സാംസ്‌കാരിക സന്ധ്യകളും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജനസംസ്‌കാര പ്രസിഡന്റ് കെ.ആർ.സുരേഷ്ബാബു, സെക്രട്ടറി എം.ജി.സതീഷ്ചന്ദ്രൻ എന്നിവർ പറഞ്ഞു. അയ്യൻകാളി ജയന്തി ദിനമായ 28-ന് നാലിന് ആദ്യ സാംസ്‌കാരിക സന്ധ്യ പൊൻകുന്നം ജനകീയ വായനശാലയിൽ നടത്തും. ഡോ.ടി.കെ.ആനന്ദി ഉദ്ഘാടന പ്രഭാഷണം നടത്തും.