സ്മാർട്ട് ഇന്ത്യ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെ അമൽ ജ്യോതിയിൽ തുടക്കമായി.
കാഞ്ഞിരപ്പള്ളി : സ്മാർട്ട് ഇന്ത്യ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെക്ക് കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ വർണ്ണാഭമായ തുടക്കം കുറിച്ചു.
സ്വതന്ത്ര ഭാരതത്തിന് 75 വയസ്സ് പൂർത്തിയായതിന്റെ ആഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി, കേന്ദ്ര സർക്കാർ മുൻകൈയെടുത്ത്, രാജ്യവ്യാപകമായി, മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 75 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒരേസമയം സംഘടിപ്പിക്കുന്ന അഖിലേന്ത്യ മത്സരമായ ” സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ” ഫൈനലുകളിൽ ഒന്നിനാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ തുടക്കമായത്.
IIT ഇൻഡോർ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 കോളേജ് ടീമുകളിൽ നിന്നും 128 കുട്ടികളാണ് 5 ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ അമൽ ജ്യോതി കോളേജിൽ എത്തി മത്സരിക്കുന്നത്. ഓഗസ്റ്റ് 25 മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
ഓഗസ്റ്റ് 25 ന് രാവിലെ എട്ടരയ്ക്ക് ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഹാക്കത്തോൺ ഓൺലൈനിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോളേജിൽ നടന്ന ചടങ്ങിൽ ആന്റോ ആൻറണി എം.പി. മുഖ്യ അതിഥി ആയിരുന്നു. കോളേജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ അനിരുദ്ധ് ഠാക്കൂർ, കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഗ്രാന്റ് ഫിനാലെ ചീഫ് കോർഡിനേറ്റർ പ്രൊഫ.ബിനു. C. എൽദോസ് എന്നിവർ സംസാരിച്ചു.
ഓഗസ്റ്റ് 29 ന് സമാപനം കുറിക്കുന്ന മത്സരത്തിൽ, വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനമായി 75,000 രൂപയും, മൂന്നാം സമ്മാനമായി 50,000 രൂപയും ലഭിക്കും.