റബ്ബർകൃഷി സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു
2020, 2021 വർഷങ്ങളിൽ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബർകർഷകർക്ക് സഹായധനത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടുഹെക്ടർവരെ റബ്ബർകൃഷിയുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ഹെക്ടറിന് സഹായധനം ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ‘സർവീസ് പ്ലസ്’ എന്ന വെബ് പോർട്ടലിലൂടെ ഓൺലൈനായി ഒക്ടോബർ 31-നകം അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷിചെയ്ത സ്ഥലത്തിന്റെ അതിരുകൾ രേഖപ്പെടുത്തിയ സ്‌കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവർക്കും മൈനറായ അപേക്ഷകർക്കുമുള്ള നോമിനേഷൻ എന്നിവ അപ്‌ലോഡ് ചെയ്യണം.
ഹെക്ടർപ്രതി കൃഷിസഹായധനമായി 20,000 രൂപയും നടീൽവസ്തുവായി കപ്പുതൈയോ കൂടത്തൈയോ ഉപയോഗിച്ചവർക്ക് 5000 രൂപയും ചേർത്ത് ആകെ 25,000 രൂപയാണ് സഹായധനം. തോട്ടം പരിശോധിച്ചശേഷം അർഹമായ സഹായധനം കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. വിശദവിവരങ്ങൾ www.rubberboard.org.in എന്ന വെബ്‌സൈറ്റിൽ. റബ്ബർബോർഡ് റീജണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾസെന്റർ (0481-2576622) എന്നിവിടങ്ങളിൽനിന്ന് വിവരങ്ങൾ ലഭിക്കും