തങ്കപ്പൻ നായർക്ക് ഓണസമ്മാനമായി ലഭിച്ചത് കാത്തുകാത്തിരുന്ന പട്ടയം
എരുമേലി : ഏറെ വർഷങ്ങളായി കണ്ണിലെണ്ണയൊഴിച്ച് കാത്തുകാത്തിരുന്ന പട്ടയം തഹസിൽദാർ വീട്ടിൽ നേരിട്ടെത്തി കൈമാറി ആ വയോധികരുടെ കണ്ണുകൾ നിറഞ്ഞു . എരുമേലി കോയിപ്പുറത്ത് തുണ്ടിയിൽ കെ എൻ തങ്കപ്പൻ നായർക്കാണ് (87) ഓണസമ്മാനമായി തഹസിൽദാർ വീട്ടിൽ നേരിട്ടെത്തി പട്ടയം നൽകിയത്. നൂലാമാലകളിൽ പെട്ട് പട്ടയം ലഭിക്കാതെ വർഷങ്ങളായി കഷ്ട്ടപെട്ട തങ്കപ്പൻ നായർ പട്ടയത്തിനായി ഏറെനാൾ ഓഫിസുകൾ കയറിയിറങ്ങിയിരുന്നു.
പ്രായം മൂലം കൈകാലുകൾക്ക് തളർച്ച നേരിട്ട് കിടപ്പിലായതോടെ പട്ടയം താലൂക്ക് ഓഫിസിൽ എത്തി വാങ്ങുവാൻ സാധിക്കാത്ത അവസ്ഥയിലായി. തുടർന്നാണ് ഇന്നേ ദിവസം കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ എം ജോസുകുട്ടി, ഡെപ്യൂട്ടി തഹസിൽദാർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തങ്കപ്പൻ നായരുടെ വീട്ടിലെത്തി പട്ടയം കൈമാറിയത്.
പട്ടയം കൈയിൽ കിട്ടിയപ്പോൾ, തങ്കപ്പൻ നായരുടെയും, ഭാര്യ ചെല്ലമ്മയുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.