കെട്ടിടത്തിന് മുകളിൽ കുട്ടികൾ കുടങ്ങി
എരുമേലി: സ്വകാര്യ ബസ്‌സ്റ്റാൻഡിൽ പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ നാല് പ്ലസ്‌വൺ വിദ്യാർഥികൾ കുടുങ്ങി. സ്റ്റാൻഡിലെ വ്യാപാരികൾ വിവരം അറിയിച്ചതനുസരിച്ച് പോലീസ് ഇടപെടലിൽ പരിഹാരമായി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ വില്ലേജ് ഓഫീസും മരാമത്ത് വകുപ്പ് ഓഫീസും പ്രവർത്തിക്കുന്ന മുകൾനിലയിൽ കയറിയ വിദ്യാർഥികളാണ് തിരികെ ഇറങ്ങാൻ മാർഗമില്ലാതെ കുടുങ്ങിയത്. ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാർ പ്രവേശഭാഗത്തെ ഗ്രിൽപൂട്ടി പോയതോടെ വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ പറ്റാതായി. സംഭവം സ്റ്റാൻഡിലെ വ്യാപാരികൾ പോലീസിലറിയിക്കുകയും വില്ലേജ് ഓഫീസ് ജീവനക്കാരെ വരുത്തി ഗ്രിൽതുറന്ന് വിദ്യാർഥികളെ പുറത്തെത്തിക്കുകയുമായിരുന്നു. വ്യാപാര സമുച്ചയത്തിന് മുകളിൽ വിദ്യാർഥികൾ കയറിയത് എന്തിനാണെന്ന് പോലീസിനും വ്യക്തമല്ല. വിശദമായ അന്വേഷണം നടത്താതെ സംഭവം ലഘൂകരിക്കുന്ന നിലപാടാണ് എരുമേലി പോലീസ് തുടരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.