റിമാൻഡ് പ്രതിക്ക് പോലീസ് മർദനം; കാഞ്ഞിരപ്പള്ളി കോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: റിമാൻഡ് പ്രതിയെ കോടതിവളപ്പിലിട്ട് പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു. ചൊവ്വാഴ്ച 11-ന് കാഞ്ഞിരപ്പള്ളി കോടതി വളപ്പിലായിരുന്നു സംഭവം.

കൊല്ലത്ത് അഭിഭാഷകന് മർദ്ദനമേറ്റ സംഭവത്തിൽ, കാഞ്ഞിരപ്പള്ളിയിലെ കോടതിവളപ്പിൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിക്കുകയായിരുന്നു.

ഈ സമയം, മുട്ടം സബ് ജയിലിൽനിന്നെത്തിച്ച ഇടുക്കി തങ്കമണി സ്വദേശിയായ സുഭാഷി (52)നെ പ്രതിഷേധക്കാരുടെ മുന്നിലിട്ട് മർദ്ദിച്ചെന്നാണ് അഭിഭാഷകർ പറയുന്നത്.

പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പോലീസ് വാഹനം തടഞ്ഞു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം പോലീസ് സ്‌റ്റേഷനുകളിൽനിന്ന് എസ്.എച്ച്.ഒ.മാരെത്തി അഭിഭാഷകരുമായി ചർച്ചചെയ്ത് പ്രശ്‌നം പരിഹരിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്നാണ് പ്രതിഷേധം പിൻവലിച്ചതെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

എന്നാൽ, റിമാൻഡിലായ പ്രതി കോടതിയിൽനിന്ന് മടങ്ങാൻ വിസമ്മതിച്ചപ്പോൾ ബലമായി വാഹനത്തിൽ കയറ്റിയെന്നാണ് പോലീസ് വിശദീകരണം.

പ്രതി അക്രമകാരിയാണ്. ഇയാളുടെ ആക്രമണത്തിൽ ഇടുക്കി എ.ആർ. ക്യാമ്പിലെ സി.പി.ഒ. ഷാജിത്തിന് പരിക്കേറ്റെന്നും പോലീസ് പറഞ്ഞു. ഈ പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ, കോടതി നിർദേശപ്രകാരം സുഭാഷിനെതിരേ കേസെടുത്തതായി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടൻ അറിയിച്ചു.

കഞ്ചാവ്, മോഷണക്കേസുകളിൽ അറസ്റ്റിലായ സുഭാഷിനെ എരുമേലിയിലെ മോഷണക്കേസിലാണ് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയത്.

error: Content is protected !!