നായകളിലെ പേവിഷബാധ വ്യാപനനിരക്ക്‌ 50 ശതമാനത്തിലേറെ..

സംസ്ഥാനത്ത് നായകളിൽനിന്നു ശേഖരിച്ച് പരിശോധനയ്ക്കയക്കുന്ന സ്രവസാംപിളുകളിൽ പേവിഷബാധ സ്ഥിരീകരണനിരക്ക് (ടി.പി.ആർ.) കൂടുന്നു. വിവിധ ജില്ലകളിലും പരിശോധനാകേന്ദ്രങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾപ്രകാരം 50 ശതമാനത്തിലേറെയാണ് ഈ നിരക്ക്. രണ്ടുനായകളെ പരിശോധിച്ചാൽ ‌ഒന്നിന് പേയുണ്ടെന്ന് ചുരുക്കം.

2016-ൽ 16 ശതമാനമായിരുന്ന നിരക്ക് 2021-ൽ 56 ശതമാനമായി ഉയർന്നെന്ന് സീനിയർ വെറ്ററിനറി സർജനും ഗവേഷകനുമായ ഡോ. സി.കെ. ഷാജു പറയുന്നു.

തിരുവല്ലയിലെ വൈറോളജി ലാബിൽ സമീപമാസങ്ങളിൽ 51 ശതമാനം സ്രവങ്ങളും പോസിറ്റീവാണ്. മുമ്പിത് 20 ശതമാനമായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ലാബിലെ സാംപിളുകളിലും പകുതിയിലേറെയും പേവിഷബാധ സ്ഥിരീകരിക്കുന്നു. മുമ്പ് ആഴ്ചയിൽ 4-5 സാംപിളാണ് ഇവിടെ വന്നിരുന്നത്. ഇപ്പോൾ ദിവസവും അത്രയുമെത്തുന്നു.

കോട്ടയം ജില്ലയിൽ ഇൗവർഷം 62 മൃഗങ്ങളുടെ സ്രവം പരിശോധിച്ചതിൽ 34 എണ്ണത്തിന് പേവിഷബാധ സ്ഥിരീകരിച്ചു. 55 ശതമാനം. പേവിഷബാധയുടെ തോത് കൂടുന്നുണ്ടെന്നും വിശദമായ കണക്ക് തയ്യാറായിവരുന്നതായും സംസ്ഥാന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അനിമൽ ഡിസീസസ് ഇൻവെസ്റ്റിഗേറ്റർ ഡോ. എസ്. നന്ദകുമാർ പറഞ്ഞു.

സംസ്ഥാനത്ത് ഇൗ വർഷം പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ സ്വീകരിച്ചവർ 3.6 ലക്ഷം വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ 90 ശതമാനവും പട്ടികടിയേറ്റവരാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിലേറെ

2016-ൽ 16 ശതമാനമായിരുന്ന നിരക്ക് 2021-ൽ 56 ശതമാനമായി

കോട്ടയത്ത് 62 സാംപിൾ സ്രവം പരിശോധിച്ചതിൽ 34 -നും പേ സ്ഥിരീകരിച്ചു

എണ്ണവും ക്രൗര്യവും കൂടുന്നതെന്തുകൊണ്ട്‌
• കോവിഡ് കാലത്ത് വീടുകളിൽ രണ്ടും മൂന്നും നായകളെവരെ പരിപാലിച്ച പലരും ജീവിതം പഴയനിലയിലായതോടെ അവയെ ഉപേക്ഷിച്ചു. കൃത്യമായി ആഹാരംകഴിച്ചിരുന്ന ഇൗ ജീവികൾ തെരുവിലെത്തിയപ്പോൾ അരക്ഷിതരായി പരാക്രമം കാണിക്കുന്നു

• നായകളെ ബ്രീഡ്ചെയ്ത് വിൽക്കുന്നവർ മോശം കുഞ്ഞുങ്ങളെയും രോഗംവന്നവയെയും തെരുവിൽ തള്ളുന്നു.

• ചട്ടംലംഘിച്ച അറവുശാലാമാലിന്യം വഴിയരികിൽ തള്ളുന്നു. പച്ചമാംസാവശിഷ്ടം തിന്നുന്ന തെരുവുനായകൾ ഇതു കിട്ടാതെവന്നാൽ അക്രമാസക്തരാകാമെന്ന് മണ്ണുത്തി വെറ്ററിനറി കോളേജിലെ ശാസ്ത്രജ്ഞ ഡോ. പ്രസന്ന പറയുന്നു.

• ലോക്‌ഡൗൺ കാലത്ത് തെരുവുനായകൾക്ക് മനുഷ്യസമ്പർക്കം കുറഞ്ഞത് വന്യസ്വഭാവം വർധിക്കാനിടയാക്കി

• വന്ധ്യംകരണം പാളി. വന്ധ്യംകരിച്ചാൽ നായകളെ നിശ്ചിതദിവസം പരിപാലിക്കാനുള്ളയിടം മിക്കയിടത്തും ഇല്ല.

error: Content is protected !!