റെക്കോഡ് വിലയിൽ പൈനാപ്പിൾ; കിലോയ്ക്ക് 60 രൂപയുടെ മുകളിൽ
ഉത്സവ സീസൺ ആരംഭിച്ചതോടെ പൈനാപ്പിൾ പഴത്തിന്റെ വില കിലോയ്ക്ക് 60 രൂപയെന്ന റെക്കോഡ് ഉയരത്തിൽ തുടരുന്നു. സെപ്റ്റംബർ ഒന്നിന് 52 രൂപയായിരുന്നു വില. സെപ്റ്റംബർ അഞ്ച് മുതൽ 60 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയിലേറെയായി വിലയിൽ മാറ്റമില്ല.
ഉത്സവ സീസൺ വിവാഹ സീസൺ കൂടിയായതിനാൽ കേരളത്തിൽ നിന്നടക്കം ആവശ്യകത ഉയർന്നതും ഉത്പാദനത്തിലെ കുറവുമാണ് വില ഉയരാൻ കാരണം. പൊതുവേ ഈ സീസണിൽ വില ഉയരാറുണ്ടെങ്കിലും 60 രൂപയിലേക്ക് എത്തുന്നത് ആദ്യമായാണെന്ന് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പറയുന്നു.
പൈനാപ്പിൾ പച്ച കിലോയ്ക്ക് 48 രൂപയ്ക്കും സ്പെഷ്യൽ പച്ച കിലോയ്ക്ക് 50 രൂപയ്ക്കുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം വില യഥാക്രമം 57 രൂപയും 54 രൂപയുമായിരുന്നു.
2021 സെപ്റ്റംബർ 20-ന് പഴത്തിന് 35 രൂപയും പച്ചയ്ക്ക് 30 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 31 രൂപയുമായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 18-25 രൂപയുടെ വർധനയാണ് ഈ സീസണിൽ ഉണ്ടായിട്ടുള്ളത്. ഈ വർഷം ജനുവരിയിലെ വിലയെടുത്താൽ 25-32 രൂപയുടെ വർധന ഇപ്പോഴുണ്ടായിട്ടുണ്ട്.
കേരളത്തിലാണ് പഴത്തിന് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓർഡറുകളും കൂടിയിട്ടുണ്ട്.
ഉത്തരേന്ത്യയിലേക്ക് കൂടുതൽ പോകുന്നത് പച്ച പൈനാപ്പിളാണ്. ഡൽഹിയും ജയ്‌പുരുമാണ് പ്രധാന വിപണി.