പ്രകൃതിക്ഷോഭത്തിൽ വളർത്തുമൃഗങ്ങൾ ചത്താൽ നഷ്‌ടപരിഹാരം തുച്ഛം

പ്രകൃതിക്ഷോഭത്തിൽ വളർത്തുമൃഗങ്ങൾ ചത്താൽ മൃഗസംരക്ഷണവകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ കർഷകർക്ക്‌ കിട്ടുന്നത് തുച്ഛമായ നഷ്‌ടപരിഹാരം. അതിന് മാസങ്ങൾ കാത്തിരിക്കുകയും വേണം.

പത്തുലിറ്റർ പാലുള്ള പശുവിന് വില 80,000 മുതൽ ഒരു ലക്ഷം രൂപ വരെ. എന്നാൽ കറവയുള്ള പശുവോ എരുമയോ ചത്താൽ ഒരു കുടുംബത്തിന്‌ കിട്ടുന്ന പരമാവധി തുക 16,400 രൂപ മാത്രം. കറവയില്ലാത്തതിന്‌ 15,000 രൂപ. കറവയുള്ള ആടാണെങ്കിൽ ഒന്നിന് 1650 രൂപ വീതം പരമാവധി നാല് ആടുകൾക്ക്‌ നഷ്‌ടപരിഹാരം കിട്ടും. ആകെ 6600 രൂപ. നല്ലയിനം ആടിനെ വാങ്ങണമെങ്കിൽ ഒന്നിന്‌ 6000 രൂപയിൽ കുറയില്ല. കിടാരികൾക്ക്‌ ഒരെണ്ണത്തിന്‌ 10,000 രൂപ കണക്കിൽ രണ്ടെണ്ണത്തിനേ നഷ്ടപരിഹാരം കിട്ടൂ.

കോഴി, താറാവ്‌ എന്നിവയ്ക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഇല്ല. ഇവയ്ക്ക്‌ ഒന്നിന്‌ 50 രൂപ കണക്കിൽ കർഷകന്‌ പരമാവധി കിട്ടുന്നത്‌ 50,000 രൂപ. ഇൻഷുറൻസ്‌ തുകയോ ജില്ലാകളക്ടറുടെ നഷ്‌ടപരിഹാരമോ കിട്ടാത്ത കർഷകർക്കുമാത്രമേ ഈ ധനസഹായത്തിന്‌ അർഹതയുള്ളൂ. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ ഫണ്ടിൽനിന്ന് കർഷകർക്ക്‌ കുറേക്കൂടി മെച്ചപ്പെട്ട സഹായധനം കിട്ടും. പ്രകൃതിക്ഷോഭത്തിൽ, കറവയുള്ള പശുവോ എരുമയോ ചത്താൽ ഒന്നിന്‌ 30,000 രൂപ അനുവദിക്കും. കറവയില്ലാത്തതിന്‌ 25,000 രൂപ. ആട്‌, പന്നി എന്നിവയ്‌ക്ക്‌ 3000 രൂപ കിട്ടും.

കിട്ടണമെങ്കിൽ കടമ്പകളേറെ
അത്യാഹിതമുണ്ടായാൽ മൂന്നുമാസത്തിനകം അപേക്ഷ നൽകണം. വാർഡ്‌ മെമ്പറുടെ/ വെറ്ററിനറി ഡോക്‌ടറുടെ വിലനിർണയ സർട്ടിഫിക്കറ്റ്‌, പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌, ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ വാല്യുവേഷൻ സർട്ടിഫിക്കറ്റ്‌, ദുരന്തസ്‌ഥലത്തുവെച്ച്‌ എടുത്ത മൃഗത്തിന്റെ ചിത്രം എന്നിവ വേണം. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ മൃഗസംരക്ഷണവകുപ്പിലെ ഡോക്ടറുടേതാകണം.

ഇൻഷുറൻസ്‌ ലഭിച്ചിട്ടില്ലെന്നതിന്‌ വെറ്റിറിനറി സർജന്റെ സർട്ടിഫിക്കറ്റും ജില്ലാ കളക്‌ടറുടെ സഹായധനം ലഭിച്ചിട്ടില്ലെന്നതിന്‌ റവന്യൂ അധികൃതരുടെ സാക്ഷ്യപത്രവും വെയ്‌ക്കണം.

അപേക്ഷിച്ചാലും തുക കിട്ടാൻ മാസങ്ങളെടുക്കും. അപേക്ഷകളിൽ പിശകുണ്ടെങ്കിൽ സഹായധനം വൈകും.

ഇൻഷുർ ചെയ്യാം
വളർത്തുമൃഗങ്ങൾക്ക്‌ ഇൻഷുറൻസ്‌ എടുക്കുന്ന കർഷകർക്ക്‌ ആ നിരക്കിലുള്ള സഹായധനം ലഭിക്കും. 50,000 മുതൽ ഒരു ലക്ഷം രൂപയ്‌ക്കുവരെ ഇൻഷുറൻസ്‌ എടുക്കുന്നവരുണ്ട്‌.

error: Content is protected !!