മന്ത്രി ഇടപ്പെട്ടു ; ആറുവയസ്സുകാരി ആറ്റിൽവീണ ഓരുങ്കൽക്കടവ് കോസ്‌വേയിൽ കൈവരികൾ പുനഃസ്ഥാപിച്ചു
എരുമേലി: കൈവരികൾ തകർന്ന ഓരുങ്കൽക്കടവ് കോസ്‌വേയിലൂടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആറുവയസ്സുകാരി മണിമലയാറ്റിലേക്ക് വീണ സാഹചര്യത്തിൽ, കൂടുതൽ അപകടം ഒഴിവാക്കാൻ ഓരുങ്കൽക്കടവ് കോസ്‌വേയുടെ കൈവരികൾ പുനഃസ്ഥാപിച്ചു. യാത്ര അപകടകരമായ കോസ്‌വേയിൽനിന്നു ശനിയാഴ്ചയാണ് എരുമേലി വേങ്ങശേരിൽ നൗഷാദിന്റെ മകൾ ഷഹാന 20 അടി താഴ്ചയിൽ ആറ്റിലേക്കുവീണത്. ഉമ്മ അൻസൽനയ്‌ക്കൊപ്പം ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം. യാതൊരു പരിക്കുമില്ലാതെ കുട്ടി അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടവാർത്ത അറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് അ ധികാരികളോട് പാലത്തിന്റെ കൈവരികൾ അടിയന്തിരമായി പുന:സ്ഥാപിക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി – എരുമേലി സമാന്തര റോഡിലെ പാലമാണ് ഓരുങ്കൽകടവ് പാലം.
മണിമലയാറിന് കുറുകെ 84 മീറ്റർ നീളത്തിലാണ് ഓരുങ്കൽക്കടവ് കോസ്‌വേ. 14 മീറ്റർ വീതിയിൽ ആറ് സ്പാനുകളായാണ് നിർമാണം. കോൺക്രീറ്റ് ചെയ്ത കൈവരികളായിരുന്നു ആദ്യം. 2018-ലെ പ്രളയത്തിൽ ഒഴുകിയെത്തിയ വൻ മരങ്ങൾ ഇടിച്ച് ഇവ പാടേ തകർന്നുപോയി. പിന്നീട് ഓരോ വർഷങ്ങളിലും പ്രളയം എത്തിയതോടെ കോൺക്രീറ്റിനുള്ളിൽ ഇരുമ്പുപൈപ്പിൽ ഊരിമാറ്റാവുന്ന കൈവരികളാക്കി. കഴിഞ്ഞ പ്രളയകാലത്ത് കുറെ കൈവരികൾ ഊരി മാറ്റിയെങ്കിലും, കൈവരികൾ ഉറപ്പിക്കേണ്ട കോൺക്രീറ്റ് ഭാഗം തകർന്നു. കോസ്‌വേയുടെ ഇരുവശങ്ങളിലുമായി ആറടിയോളം നീളമുള്ള കൈവരികളുടെ എട്ട് ഇടങ്ങളാണ് വെള്ളപ്പാച്ചിലിൽ തകർന്നത്. കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തിങ്കളാഴ്ച രാത്രിയോടെ പൂർത്തിയായി.
പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ സിസിലി ജേക്കബ്, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ എം.കെ. സന്തോഷ്‌കുമാർ, അസി. എൻജിനീയർ ഹഫീസ് മുഹമ്മദ് എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തിയാണ് കൈവരികൾ പുനഃസ്‌ഥാപിക്കാൻ നേതൃത്വം നൽകിയത്.
മൂക്കംപെട്ടി, എയ്ഞ്ചൽവാലി, അരയാഞ്ഞിലിമൺ എന്നിവിടങ്ങളിൽ കോസ്‌വേകളുടെ കൈവരികൾ സ്ഥാപിച്ചിട്ടില്ല. അരയാഞ്ഞിലിമൺ കോസവേയിൽ നാട്ടുകാർ താത്കാലിക സുരക്ഷ ഒരുക്കുകയാണ്.