കാഞ്ഞിരപ്പള്ളിയുടെ സമഗ്രവികസനമാണ് പ്രഥമ ലക്‌ഷ്യം : പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ

കാഞ്ഞിരപ്പള്ളിയുടെ സമഗ്രവികസനമാണ് പ്രഥമ ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ പറഞ്ഞു . കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടയിലാണ് കെആർ തന്റെ വികസനസ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചത് .

സഹൃദയ വായനശാല
ഈ ഭരണസമിതിയുടെ ആദ്യത്തെ പദ്ധതിയായി വായനശാലയ്ക്കുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും. കഴിഞ്ഞ ഭരണസമിതി തറക്കല്ലിട്ട പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് ആദ്യകമ്മിറ്റിയിൽത്തന്നെ ചർച്ചചെയ്യും. പഞ്ചായത്ത് ഓഫീസിന് സമീപത്തുതന്നെ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കും. പ്ലാസ്റ്റിക് മാലിന്യംമൂലം, ടൗൺഹാളിനുസമീപം നിർമിക്കാനുള്ള നീക്കം നേരത്തേ ഉപേക്ഷിച്ചിരുന്നു.

ചിറ്റാർ പുഴ
ചിറ്റാർ പുഴയും കൈത്തോടുകളും ശുചീകരിക്കുന്നതിന് മുഖ്യപരിഗണന നൽകും. വിവിധ സംഘടനകളുടെ സഹായത്തോടെ ആനക്കല്ലുമുതൽ പുഴ ആഴംകൂട്ടി മാലിന്യം നീക്കും. നീർച്ചാലുകളടക്കമുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കും. മാലിന്യനിർമാർജനത്തിനായി പ്രത്യേക പദ്ധതികൾ ആവശ്യമാണ്. ഇതിനായി വിദഗ്ദ്ധരുമായി ചർച്ച നടത്തി പരിഹാരം കാണും. തോട്ടം കവലയിൽ കണ്ടെത്തിയ സ്ഥലത്ത് മാലിന്യപ്ലാന്റ് നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.

ഗതാഗതക്കുരുക്ക്
പട്ടണത്തിലെ പ്രധാന വിഷയമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. നിലവിൽ മുടങ്ങിക്കിടക്കുന്ന മിനി ബൈപാസിന്റെ നിർമാണം പൂർത്തിയാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. അഴിമതിയാരോപണത്തിൽ കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പഠനം ആവശ്യമാണ്. മിനി ബൈപാസിന്റെ പാലമടക്കമുള്ള നിർമാണത്തിന് പണം കണ്ടെത്താൻ എം.എൽ.എ. അടക്കമുള്ളവരുമായി സംസാരിക്കും.

സ്ഥലം കണ്ടെത്തും
ഐ.എച്ച്.ആർ.ഡി. കോളേജ്, ഫയർ ‌സ്റ്റേഷൻ എന്നിവയ്ക്ക് സ്ഥലം കണ്ടെത്തും. നിലവിൽ വാടകക്കെട്ടിടത്തിൽനിന്ന്‌ അഗ്നിരക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള ആലോചനകൾ നടന്നുവരികയാണ്. ഓരുങ്കൽ കടവിൽ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് ഐ.എച്ച്.ആർ.ഡി. കോളേജിന് കെട്ടിടം പണിയാൻ സാധിക്കില്ല. പുതിയ സ്ഥലം കണ്ടെത്തണം. എരുമേലി തീർഥാടനവുമായി ബന്ധപ്പെട്ട പദ്ധതികൾ ഒാരുങ്കൽ കടവിൽ നടപ്പാക്കുന്നതിന് ആലോചിക്കും.

error: Content is protected !!