കുടിവെള്ളം, കൃഷി, മാലിന്യനിര്‍മ്മാര്‍ജ്ജനം, ഗതാഗതം തുടങ്ങിയ പദ്ധതികള്‍ക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ഗന നല്‍കും

കാഞ്ഞിരപ്പള്ളി: കുടിവെള്ളക്ഷാമം, കൃഷി, മാലിന്യനിര്‍മ്മാര്‍ജ്ജനം, ഗാതാഗതം, എന്നിവയ്ക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ഗണന നല്‍കി പദ്ധതികള്‍ വിഭാവനം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി മീഡിയ സെന്‍റര്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ പ്രസിഡന്‍റ് അജിതാ രതീഷും വൈസ് പ്രസിഡന്‍റ് സാജന്‍ കുന്നത്തും അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണസാരഥ്യം ഇടതുപക്ഷ ജനാധിപത്യമുന്നിണിയെ ജനങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മുന്‍ ഭരണസമിതിയില്‍നിന്നും വ്യത്യസ്തമായി ജനഹിതം മനസ്സിലാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, അവ സത്യസന്ധമായും, കൃത്യമായും, അഴിമതിരഹിതമായും ജനങ്ങളില്‍ എത്തിക്കുന്നതിനും ഈ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുന്നു.
മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലും അനുഭവപ്പെടുന്ന കുടിവെള്ളത്തിന്‍റെ ലഭ്യതക്കുറവ്, യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്നതോടൊപ്പം പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം, വനിതകള്‍ക്ക് തൊഴില്‍ അധിഷ്ഠിത പരിശീലനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ എന്നിവ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കുന്നതോടൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണി കൊണ്ടുവന്ന ڇസുഭിക്ഷ കേരളംڈ പദ്ധതി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കും. കാര്‍ഷികഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഗ്രാമചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

കാഞ്ഞിരപ്പള്ളി ബ്ലോക്കിന് സമ്പൂര്‍ണ്ണ ശുചിത്വ ബ്ലോക്കാക്കി മാറ്റുവാന്‍ എല്ലാ പഞ്ചായത്തുകളുടെയും ത്രിതലപഞ്ചാത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനപരിപാടികള്‍ കാര്യക്ഷമമാക്കി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ഭരണസമിതി ആവിഷ്ക്കരിച്ച് നടപ്പിലാക്കും.

കോവിഡ്-19 നിയന്ത്രണത്തിന്‍റെ ഭാഗമായി സി.എഫ്.എല്‍.റ്റി.സി.കളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍ സി.എച്ച്.സി കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ മൂന്ന് സി.എച്ച്.സി കളിലും ആവശ്യമായ ഡോക്ടര്‍മാരേയും, നേഴ്സുമാരേയും നിയമിച്ച് കിടത്തി ചികിത്സ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ ബഹു. കേരള സര്‍ക്കാര്‍ സഹായത്തോടെ സ്വീകരിക്കും. കോവിഡ് വാക്സിന്‍ ലഭ്യമാകുന്നത് മുന്‍നിര്‍ത്തി ഇവ സൂക്ഷിക്കുന്നതിനും ജനങ്ങളിലെത്തിക്കുന്നതിനും ആരോഗ്യവകുപ്പുമായി കൂടിച്ചേര്‍ന്ന് പദ്ധതി നടപ്പിലാക്കും.

ആലംപരപ്പ് കോളനി, 85-അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ സ്ഥലത്തിന്‍റെ ആധാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ബഹു. അക്കാമ്മ ചെറിയാന് കാഞ്ഞിരപ്പള്ളിയില്‍ സ്മാരകനിര്‍മ്മാണത്തോടൊപ്പം, കലാ-കായിക രംഗത്ത് നൂതനപരിശീലനപരിപാടികള്‍ ആവിഷ്ക്കരിച്ച് അര്‍ഹരായവര്‍ക്ക് വിജയത്തിലെത്തുവാന്‍വേണ്ട നടപടികള്‍ സ്വീകരിക്കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും.
ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട വിവിധ സ്ഥലങ്ങളില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കുവേണ്ടി സൗകര്യമൊരുക്കുന്നതോടൊപ്പം സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമകേന്ദ്രവും ഭരണസമിതിയുടെ പരിഗണനയിലുണ്ട്.
വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുവേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കും.
നദികള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ വൃത്തിയാക്കി റീചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കും.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി പദ്ധതി തുടരുന്നതോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആട്ടിന്‍കൂടുകള്‍, കോഴിക്കൂടുകള്‍ എന്നിവ നിര്‍മ്മിക്കുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി പാല്‍, മുട്ട എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും.
എരുമേലി, കോലാഹലമേട് എന്നീ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കും. ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍വരുന്ന വാഗമണ്‍ പ്രദേശത്ത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് നാടുകാണി പോലെയുള്ള സൗകര്യം ലഭ്യമാക്കും.
പ്രകൃതിദുരന്തങ്ങളില്‍നിന്നും രക്ഷ നേടുന്നതിനായി ആശ്രയിക്കുന്ന സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത് എന്നിവർ നടത്തിയ വാർത്ത സമ്മേളനത്തിന്റെ സംഗ്രഹം

error: Content is protected !!