മണ്ഡല കാലത്തിന് തുടക്കം; മലദൈവ പ്രീതിയ്ക്ക് ഇളങ്ങുളത്ത് കരിക്കേറ് നടത്തും

ഇളങ്ങുളം: വീണ്ടുമൊരു മണ്ഡലകാല മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ വ്യാഴാഴ്ച ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ കരിക്കേറ് വഴിപാട് നടത്തും.

ക്ഷേത്രമതിൽക്കു പുറത്ത് കിഴക്കുവശത്ത് തലപ്പാറ, ചക്കിപ്പാറ എന്നീ രണ്ടു പ്രതിഷ്ഠകളാണ് ഉള്ളത്.
ശാസ്താ ക്ഷേത്രം പുതുക്കിപ്പണിതപ്പോൾ മലദൈവ പ്രതിഷ്ഠകളുടെ തറയും ശിലകളാൽ തച്ചുശാസ്ത്ര വിധിപ്രകാരം പുതുക്കിപ്പണിതു. ക്ഷേത്രഭിത്തിയും തൂണുകളും ശിലയിൽ പണിതീർത്ത ചെങ്ങന്നൂർ സദാശിവനാചാരിയാണ് മലദൈവ പ്രതിഷ്ഠകളുടെ തറയും നിർമ്മിച്ചത്. ഇവിടെയാണ് ഭക്തർ കൊണ്ടുവരുന്ന കരിക്കുകൾ കർമ്മി എറിഞ്ഞുടച്ച് മലദൈവ പ്രീതി വരുത്തുന്നത്.

തലപ്പാറ, ചക്കിപ്പാറ മലകൾ കൂടാതെ കാഞ്ഞിരപ്പാറ, ആഴൻമല , കുവപ്പള്ളിമല, രമനാമല, നെടുങ്ങാട് മല എന്നീ മലകളിലെ ദേവതകളെ പ്രകീർത്തിച്ചാണ് കരിക്കേറുവഴിപാട് നടത്തുന്നത്. മൂഴിക്കൽ കുടുംബത്തിനാണ് പരമ്പരയായി കരിക്കേറിന്റെ ചുമതല. 38 വർഷമായി മൂഴിക്കൽ ശ്രീധരനാണ് ഇവിടെ കാർമ്മികത്വം വഹിക്കുന്നത്.

കരിക്കേറിന്റെ തലേ ദിവസമായ ബുധനാഴ്ച കർമ്മി ഉടവാൾ ക്ഷേത്രത്തിൽ സമർപ്പിക്കും. പിറ്റേന്ന് പൂജിച്ചവാൾ തിരികെ വാങ്ങും. കറുത്ത വസ്ത്രമുടുത്ത് അരപ്പട്ടയും ധരിച്ച് പൂജകൾ നടത്തിയ ശേഷം കർമ്മി ഉറഞ്ഞുതുള്ളിയാണ് ഇരു മലദൈവ പ്രതിഷ്ഠകൾക്ക് മുമ്പിലും കരിക്കേറുവഴി പാടു നടത്തുന്നത്. മലദൈവങ്ങളെ പ്രീതിപ്പെടുത്തി മണ്ണിന്റെയും വിളകളുടെയും സംരക്ഷണത്തിനും ഐശ്യര്യ വർദ്ധനയ്ക്കുമായാണ് വൃശ്ചികം ഒന്നിന് രാവിലെ 11.30 ഓടെ കരിക്കേറു വഴിപാട് നടത്തുന്നത്.

error: Content is protected !!