കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അഞ്ഞൂറിൽപരം ഹൃദയശസ്ത്രക്രിയകൾ പൂർത്തീകരിച്ചു
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്ലാബിൽ പതിനൊന്ന് മാസത്തിനുള്ളിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ അഞ്ഞൂറിൽപരം ഹൃദയശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തീകരിച്ചത് . സ്വകാര്യ ആശുപത്രികളിൽ മുപ്പത്തിഅയ്യായിരം രൂപയോളം ചിലവ് വരുന്ന ആൻജിയോഗ്രാം ഇവിടെ അയ്യായിരം രൂപയ്ക്കാണ് ചെയ്യുന്നത്. ഒന്നരലക്ഷം രൂപയോളം ചെലവ് വരുന്ന ആൻജിയോപ്ലാസ്റ്റി 75,000 രൂപയ്ക്ക് സാധാരണക്കാർക്ക് ഇവിടെ ചെയുവാൻ സാധിക്കും . എന്നാൽ പാവപെട്ടവർക്കുവേണ്ടിയുള്ള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ഹൃദയശസ്ത്രക്രിയകൾ ഇവിടെ പൂർണമായും സൗജന്യമാണ് .
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ പ്രഗത്ഭ കാർഡിയോളോജിസ്റ്റുകളായ ഡോ. പ്രസാദ് പി. മാണി, ഡോ. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള 40 ജീവനക്കാർ അടങ്ങുന്ന ടീം അർപ്പണബോധത്തോടെ നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് ..
കോട്ടയം ജില്ലാ ആസ്ഥാനത്തേക്ക് അനുവദിക്കപ്പെട്ട കാത്ത്ലാബ്, കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിച്ചത് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോക്ടർ എൻ. ജയരാജിന്റെ കഠിനമായ ശ്രമഫലമായാണ് എന്ന കാര്യം കാഞ്ഞിരപ്പള്ളിക്കാർ നന്ദിപൂർവം സ്മരിക്കുന്നു. നന്ദിസൂചകമായി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും ജനപ്രതിനിധികളും അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.