കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന യൂത്ത് പാർലമെന്റ് ശ്രദ്ധേയമായി

കാഞ്ഞിരപ്പള്ളി: പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെട്ട കോട്ടയം ജില്ലാ റവന്യൂ യൂത്ത് പാർലമെന്റ് മത്സരം ഏറെ ശ്രദ്ധേയമായി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പാർലമെന്റിന്റെ നേർക്കാഴ്ച ഒരുക്കിയ ഈ മത്സരത്തിൽ . 50 കുട്ടികൾ പങ്കാളികളായി. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടന്ന മത്സരം ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പാർലമെന്ററി ജനാധിപത്യ പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.. പ്രസിഡണ്ടിന്റെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടി ആരംഭിച്ച പാർലമെന്റിൽ, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ, അടിയന്തര പ്രമേയം, കമ്മിറ്റികളുടെ റിപ്പോർട്ട് സമർപ്പിക്കൽ, നിയമനിർമ്മാണം തുടങ്ങിയ ബിസിനസുകൾ നടത്തപ്പെട്ടു.

ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ കുമാരി സോനാ ബെന്നി കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിപക്ഷം ആശങ്ക രേഖപ്പെടുത്തി. ശബരി റെയിൽവെയെക്കുറിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

സമകാലീന പ്രശ്നങ്ങൾ ചോദ്യോത്തര വേളയിൽ നിറഞ്ഞുനിന്നു. വിലക്കയറ്റത്തെ കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് കുമാരി എയ്ഞ്ചൽ മേരി ജോഷ്വാ നൽകിയ നോട്ടീസിന് അനുമതി നിഷേധിച്ച ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ഇത്തരത്തിൽ പാർലമെന്ററി ജനാധിപത്യ പ്രക്രിയകൾ കുട്ടികൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ യൂത്ത് പാർലമെന്റ് മത്സരത്തിലൂടെ സാധിച്ചു .

പരിപാടിയുടെ വൻ വിജയത്തിൽ, സെന്റ് മേരീസ് സ്‌കൂളിലെ യൂത്ത് പാർലമെന്റ് കോഡിനേറ്റർ ശ്രീമതി ജാക്വിലിൻ സെബാസ്റ്റ്യന്റെ പങ്ക് വലുതാണ്. സ്കൂൾ മാനേജർ റവ. സിസ്റ്റർ സലോമി സിഎംസി, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനിമോൾ ജോസഫ്, സിസ്റ്റർ ജിജി പുല്ലത്തിൽ, പിടിഎ പ്രസിഡന്റ് ശ്രീ പ്രമോദ് ബി എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!