അമ്മമാർ പ്രത്യാശയുടെ പാഠശാലയാകണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയിലെ മാതൃവേദി വാർഷികത്തിൽ ഈ കാലഘട്ടത്തിൽ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ക്യാൻസറായ ലഹരി വസ്തുക്കളുടെ ഉപയോഗം, അതിരുകടന്ന കുടിയേറ്റ ഭ്രമം, വർഗ്ഗീയ ശക്തികളുടെ ആക്രമണം, ബഫർസോൺ പ്രതിസന്ധികള്‍ ഇവ കണ്ട് തളരരുതെന്നും ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചും ആഴമായ ദൈവാശ്രയബോധത്തോടെ കുടുംബത്തിൽ പ്രത്യാശയുടെ പാഠശാലയായി അമ്മമാർ മാറണമെന്നും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ മാതൃവേദി രൂപതാ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് ആഹ്വാനം ചെയ്തു.
രൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശ്രീമതി.ജിജി ജേക്കബ് പുളിയംകുന്നേല്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പൊടിമറ്റം സെന്റ് മേരീസ് ഇടവക വികാരി ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, അസി.ഡയറക്ടര്‍ ഫാ.ബിബിന്‍ പുളിക്കകുന്നേല്‍,
ബ്രദര്‍ ഇമ്മാനുവെല്‍ പടിപ്പറമ്പില്‍, സി.നവ്യാ റോസ് , സി.ലീമാ സെബാസ്റ്റ്യന്‍, ശ്രീമതി.ബിന്‍സി നരിപ്പാറ തുടങ്ങിയവര്‍ പ്രോഗ്രാമുകള്‍ക്കു നേതൃത്വം നല്‍കി.
യോഗത്തില്‍ മാതൃവേദി മുന്‍പ്രസിഡന്റുമാരെയും മുന്‍ ഭാരവാഹികളെയും മാര്‍ ജോസ് പുളിക്കല്‍ പിതാവ് മെമന്റോ നല്‍കി ആദരിക്കുകയും, പുതുതായി ഭാരവാഹിത്വം ഏറ്റെടുക്കുന്ന ശ്രീമതി.മേരിക്കുട്ടി പൊടിമറ്റത്തിനെയും ടീം അംഗങ്ങളെയും അനുമോദിക്കുകയും ചെയ്തു. വിവിധ ഇടവകകളിലെ അമ്മമാരുടെ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്കു ഇമ്പമേകി. കാഞ്ഞിരപ്പള്ളി രൂപതയിലെ 13 ഫൊറോനാകളിലെ 148 ഇടവകകളിലെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.