പുതിയ ഭൂപടത്തിലും വനമേഖല : പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികൾ കടുത്ത ആശങ്കയിൽ ..
കണമല : കഴഞ്ഞ ആഴ്ച സർക്കാർ പുറത്തുവിട്ട ഉപഗ്രഹ സർവേ മാപ്പിൽ വനമേഖലയായി ചേർക്കപ്പെട്ട പമ്പാവാലി, എയ്ഞ്ചൽവാലി വാർഡിലെ നിവാസികൾ, സർക്കാരിന്റെ പുതിയ ഉപഗ്രഹ സർവേ മാപ്പിൽ തങ്ങളുടെ ഭൂമി ഒഴിവായിക്കിട്ടും എന്ന് പ്രതീക്ഷിച്ചുവെങ്കിലും, പുതിയ ഭൂപടം അവരെ കടുത്ത ഭീതിയിലാക്കിയിരിക്കുകയാണ് . പുതിയ മാപ്പിലും എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനമേഖലയായി ആണ് കാണിച്ചിരിക്കുന്നത്. കണമല വാർഡ് ബഫർസോണിൽ നിന്നും ഒഴിവായെങ്കിലും, പമ്പാവാലി വനമേഖല ആയെങ്കിൽ കണമല വീണ്ടും ബഫർസോണിൽ അകപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നു .
ആദ്യ മാപ്പ് വന്നതിന് പിന്നാലെ ഇതിനെതിരെ പെർഫോമ പൂരിപ്പിച്ച് ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിക്ക് പരാതികൾ നാട്ടുകാർ നൽകിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഇന്നലെ വീണ്ടും പ്രസിദ്ധീകരിച്ച മാപ്പിൽ രണ്ട് വാർഡുകളും ബഫർസോൺ പരിധിയിൽ ആയ വിധം വനമേഖലയിൽ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ രണ്ട് വാർഡുകളും വന മേഖലയിൽ ആയി ബഫർ സോൺ ബാധകമായാൽ തൊട്ടടുത്ത വാർഡുകൾ ആയ മൂക്കൻപെട്ടി, കണമല എന്നിവിടങ്ങളിൽ ഒരു കിലോമീറ്റർ പരിധി ബാധകമാകും. ഇതോടെ മൊത്തം നാല് വാർഡുകൾ ബഫർ സോൺ മേഖലയിൽ ഉൾപ്പെടും. ഇങ്ങനെ സംഭവിച്ചാൽ മൂക്കൻപെട്ടി വാർഡിൽ ബ്ലോക്ക് നമ്പർ 29 ലായി രണ്ട് പ്രദേശങ്ങൾ പൂർണമായി ബഫർ സോണിൽ ഉൾപ്പെടുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു. കണമല വാർഡിൽ ബ്ലോക്ക് നമ്പർ 28 ലുള്ള 66 കൃഷിയിടങ്ങൾ പൂർണമായും 28 കൃഷിയിടങ്ങൾ ഭാഗികമായും ബഫർ സോണിൽ ഉൾപ്പെടുമെന്നും റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വന മേഖലയിൽ അല്ലെന്നും ജനവാസ പ്രദേശങ്ങൾ ആണെന്നും വ്യക്തമാക്കി സർവേ റിപ്പോർട്ട് വന്നാൽ നാല് വാർഡുകളും ബഫർ സോൺ ഭീഷണിയിൽ നിന്ന് ഒഴിവാകും. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പെർഫോമ പൂരിപ്പിച്ച് നാട്ടുകാർ നൽകിക്കൊണ്ടിരിക്കുന്നത്.
എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ ഇതിനായി തുറന്ന ഹെല്പ് ഡെസ്കിൽ ഇതുവരെ 1200 ഓളം പേർ പെർഫോമ പൂരിപ്പിച്ച് നൽകിയിട്ടുണ്ട്. എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾക്ക് വേണ്ടി പഞ്ചായത്ത് തുറന്ന ഈ ഹെല്പ് ഡസ്ക് കൂടാതെ കണമല, മൂക്കൻപെട്ടി വാർഡുകളിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വീടുകൾ കയറി പെർഫോമ പൂരിപ്പിച്ചു നൽകി വരികയാണ്.
ആദ്യത്തെ അതേ മാപ്പ് പോലെ വീണ്ടും ബഫർ സോൺ ഭീഷണിയിലാക്കി മാപ്പ് പ്രസിദ്ധീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ. ഹെല്പ് ഡസ്ക് വഴി പരാതികൾ നൽകാൻ തുടങ്ങിയപ്പോൾ ബഫർ സോൺ ഒഴിവാക്കപ്പെടാനുള്ള നടപടികൾ ആകുമെന്ന് കരുതി പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഈ പ്രതീക്ഷക്കാണ് ഇപ്പോൾ തിരിച്ചടിയായി അടുത്ത മാപ്പ് എത്തിയിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ നേരിട്ട കൊടും ദാരിദ്ര്യം മാറ്റാൻ കർഷകരെ എത്തിച്ച് സർക്കാർ നടത്തിയ ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി ജനവാസം ആരംഭിച്ച പ്രദേശങ്ങളാണ് പമ്പാവാലി ഉൾപ്പെടുന്ന കിഴക്കൻ മലയോര മേഖല. നെല്ലും ഗോതമ്പും വരെ കൃഷി ചെയ്ത് രാജ്യത്ത് ഭക്ഷ്യ ഉത്പാദനം തീവ്രമാക്കാൻ വേണ്ടി ഒട്ടേറെ കർഷകരാണ് പമ്പാവാലിയിലെ മണ്ണിനെ കൃഷിയിടമാക്കിയത്. അവരിൽ പലരും രോഗങ്ങളും മൃഗങ്ങളുടെ ആക്രമണവും മൂലം മരണപ്പെട്ടിട്ടും കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞില്ല. കൃഷി ഭൂമി കർഷകർക്ക് സ്വന്തം ആയി സർക്കാർ പ്രഖ്യാപിച്ചിട്ടും ഉടമസ്ഥ അവകാശം ലഭിക്കാതെ പതിറ്റാണ്ടുകൾ പിന്നിട്ടതിന് ഒടുവിലാണ് പട്ടയം നൽകിയത്. എന്നാൽ ഈ പട്ടയങ്ങൾ അസാധു ആണെന്ന് വന്നതോടെ കഴിഞ്ഞയിടെ കോടതി നിർദേശത്തെ തുടർന്ന് ആരംഭിച്ച സർവേ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് വാൾ പോലെ ബഫർ സോൺ ഭീഷണി ഉയർന്നിരിക്കുന്നത്. പ്രളയങ്ങളും മഹാ പ്രളയവും കോവിഡ് ദുരിതങ്ങളും സഹിച്ച് പ്രയാസങ്ങളോട് മല്ലിട്ട കർഷകർക്ക് ഇപ്പോൾ ബഫർ സോൺ കൂടി കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെ എങ്ങും ആശങ്ക വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.