മാലാഖമാരുടെ ഗ്രാമത്തിന് തുടക്കമായി ..ഇനി ചിറകുകൾ മിനുക്കാം.., ഉയരങ്ങളിലേക്ക് പറക്കാം ..

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍, നിലവിൽ തങ്ങളുടെ കുഞ്ഞുങ്ങളെ പൊന്നുപോലെ പരിപാലിക്കുന്നുണ്ടെങ്കിലും, അവരുടെ കാലശേഷം ആ കുഞ്ഞുങ്ങളുടെ ഗതിയെന്താകും എന്ന ആരെയും വേദനിപ്പിക്കുന്ന ചോദ്യത്തിന് കാഞ്ഞിരപ്പള്ളി രൂപതയുടെ പിൻബലത്തിൽ, ഫാദർ റോയി മാത്യു വടക്കേൽ സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത ഉത്തരമാണ് ഏയ്ഞ്ചൽസ് വില്ലേജ് അഥവാ മാലാഖമാരുടെ ഗ്രാമം പദ്ധതി.

മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവരുടെ മാതാപിതാക്കൾക്കും താമസിച്ച്, അവർക്ക് സാധിക്കുന്ന തരത്തിലുള്ള തൊഴിൽ പരിശീലനം നൽകി, സ്വന്തമായി ജീവിക്കുവാനുള്ള വരുമാനം ഉണ്ടാക്കിക്കൊടുത്ത്, അവരെ സ്വയംപര്യാപതരാക്കി, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന്, അവർക്ക് പുതുജീവിതം നൽകുവാനുള്ള ബ്രുഹുത്തായ പദ്ധതിയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ, ഫാദർ റോയി വടക്കേലിന്റെ നേതൃത്വത്തിൽ പൊന്‍കുന്നത്തിനടുത്ത് ചെങ്കല്‍ എന്ന പ്രദേശത്ത്, എട്ടേക്കർ സ്ഥലത്ത് തുടക്കമിട്ട ഏയ്ഞ്ചൽസ് വില്ലേജ് അഥവാ മാലാഖമാരുടെ ഗ്രാമം. ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ മാലാഖമാരുടെ ഗ്രാമത്തിന്റെ ഉദ്ഘടാനം ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
.
ഇത്തരത്തിലുള്ള ഒരു കാരുണ്യ സംരഭം തുടങ്ങുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചപ്പോഴേക്കും, അതിനു മുൻപുതന്നെ അത്തരം പ്രൊജക്റ്റ് വളരെ മനോഹരമായി പ്രാവർത്തികമാക്കിയ കാഞ്ഞിരപ്പള്ളി രൂപതയേയും, റോയി അച്ചനെയും മന്ത്രി മുക്തകണ്ഠം പ്രശംസിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്ററും, 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള മികച്ച എന്‍ജിഒ ആയി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ കാരുണ്യത്തിന്റെ മുഖമായ വി കെയര്‍ സെന്റര്‍ കാഞ്ഞിരപ്പള്ളിയും സംയുക്തമായി ഒരുക്കുന്ന പദ്ധതിയായ IDD ഹാക്കത്തോൺ എന്ന പ്രൊജക്റ്റിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. രണ്ടാം ഘട്ടത്തില്‍ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി മേഖലയില്‍ ഉള്ള ഒരു സ്റ്റാര്‍ടപ്പ് ഇന്‍ക്യുബേഷന്‍ സെന്റർ ഏയ്ഞ്ചൽസ് വില്ലേജില്‍, പ്രവര്‍ത്തനമാരംഭിക്കും. ഇതിലൂടെ സംസ്ഥാനത്തെ വിദഗ്ദരായ പ്രതിഭകളുമായി നേരിട്ട് സംവദിക്കുവാനും, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനത്തിനായുള്ള മികച്ച ആശയങ്ങൾ അവരിലൂടെ ഏയ്ഞ്ചൽസ് വില്ലേജിൽ പ്രവർത്തികമാക്കുവാനും, അന്തേവാസികൾക്ക് വിവിധ വിഷയങ്ങളിൽ തൊഴിൽ പരിശീലനം നൽകുവാനും സാധിക്കും. കേരളത്തിന് അകത്തും പുറത്തും ഉള്ള വിവിധ യൂണിവേഴ്‌സിറ്റികള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൈവറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മുതലാവ ഈ പദ്ധതിയില്‍ പങ്കുചേരും.

സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അസോസിയേഷന്‍ ചെയര്‍മാന്‍, കെ.സി.ബി.സി സ്‌പെഷ്യല്‍ സ്‌കൂള്‍സ് ആന്റ് കെയര്‍ ഹോംസ് സംസ്ഥാന ഡയറക്ടര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫാ. റോയി മാത്യു വടക്കേലിന്റെ ജീവിതനിയോഗമാണ് ഏയ്ഞ്ചൽസ് വില്ലേജ് എന്ന പദ്ധതിയിലൂടെ പ്രവർത്തികമായിരിക്കുന്നത് .

പൊന്‍കുന്നത്തിനടുത്ത് ചെങ്കല്‍ എന്ന പ്രദേശത്ത്, എട്ടേക്കർ സ്ഥലത്ത്, ഒരു കൊച്ചു ഗ്രാമം പോലെ നിരവധി വാസസ്ഥലങ്ങൾ മനോഹരമായി അണിയിച്ചൊരുക്കിയിട്ടുള്ള ഏയ്ഞ്ചൽസ് വില്ലേജിൽ ഇതിനൊടകം നിരവധി മാതാപിതാക്കൾ തങ്ങളുടെ മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കൊപ്പം താമസിച്ചുവരുന്നു.

ഏയ്ഞ്ചല്‍സ് വില്ലേജിൽ മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആജീവനാന്ത താമസസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് . ഓരോ കുടുംബത്തിനും വെവ്വേറെ താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊതുവായ പ്രാര്‍ത്ഥനാകേന്ദ്രം, ഹെല്‍ത്ത് സെന്റര്‍, ഡിസ്പന്‍സറി, ആംബുലന്‍സ് സര്‍വീസ്, ഉല്ലാസ കേന്ദ്രം, പൂന്തോട്ടം, നടപ്പാതകള്‍, പ്ലേ ഗ്രൗണ്ട്, സ്വിമ്മിംഗ് പൂള്‍ എന്നു തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഈ മനോഹരമായ മാലാഖമാരുടെ ഗ്രാമത്തിൽ ഒരുക്കിയിരിക്കുന്നു. സഹായിക്കാന്‍ സേവനതല്പരരായ സിസ്റ്റേഴ്‌സിന്റെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും സാന്നിധ്യം ഏഞ്ചല്‍സ് വില്ലേജിനെ വ്യത്യസ്തവും ഹൃദ്യവുമാക്കുന്നു.

വളരെ മികച്ച രീതിയിൽ ശാസ്ത്രീയമായി പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപകർ, കുട്ടികളെ തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെപോലെ പരിപാലിച്ച് , അവരുടെ കുറവുകൾ കണ്ടെത്തി, അവയെ പരിപോഷിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ പഠിപ്പിക്കുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള സെൻസറി റൂം പോലെയുള്ള സൗകര്യങ്ങൾ ആണ് അവിടെ ഒരുക്കിയിട്ടുള്ളത്.

കുടുബ ബന്ധങ്ങൾ ശിഥിലമാവുകയും, അണുകുടുബങ്ങൾ വർധിക്കുകയും, നാടെങ്ങും ലഹരിയുടെ പിടിയിൽ അമരുകയും, ജീവിത നൈരാശ്യത്താൽ ആത്മഹത്യകൾ വർദ്ധിക്കുകയും ചെയ്യുന്ന ഈ കാലത്ത്, പരസഹായം ലഭിക്കാതെ ജീവിക്കുവാൻ സാധിക്കാത്ത കുഞ്ഞുങ്ങളുടെ മുൻപോട്ടുള്ള ജീവിതം സമൂഹത്തിന്റെ മുൻപിൽ ഒരു വലിയ വേദനിക്കുന്ന ചോദ്യചിഹ്‌നമാണ് ..
യേശുദേവന്റെ കരുണയുടെ മഹത്തായ മാർഗ്ഗം പിന്തുടർന്ന്, കൂരിരുട്ടിൽ കൈത്തിരിവെട്ടം തെളിയിച്ചുകൊണ്ട്, കാഞ്ഞിരപ്പള്ളി രൂപതയും റോയി അച്ചനും ചേർന്ന് അശരണരെ ചേർത്തുപിടിച്ച്, അവർക്ക് പുതുജീവിതവും സുരക്ഷിത ഭാവിയും ഉറപ്പാക്കുന്നതിനുവേണ്ടി , കേരള സമൂഹത്തിന് നൽകുന്ന, മഹനീയ വരദാനമായ മാലാഖമാരുടെ ഗ്രാമം പദ്ധതി, കേരള ജനത എന്നെന്നും നന്ദിയോടെ സ്മരിക്കും എന്നുറപ്പാണ് ..

error: Content is protected !!