കണമലയിൽ ജിയോ ടാഗിങ് തുടങ്ങി : പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും ജിയോ ടാഗിങ് അനുവാദമില്ല.. നിസഹായരായി ഒരു ജനത..
കണമല : ബഫർ സോൺ നിർണയത്തിന്റെ ഭൂപടത്തിൽ ഇടം കണ്ടെത്തുവാൻ കഴിയാതെ പോയതോടെ ഇനി എന്ത് ചെയ്യണം എന്നറിയാതെ
നിസഹായരായി നിൽക്കുകയാണ് പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും ജനങ്ങൾ .. നിലവിൽ ബഫർ സോണിൽ ആയ കണമല, മൂക്കൻപെട്ടി വാർഡുകളിൽ ജിയോ ടാഗിങ് ആരംഭിച്ചു . വനം ആയി ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് മൂലം പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിൽ ജിയോ ടാഗിങ് നടത്താൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജനവാസം വ്യക്തമാക്കുന്ന നിർമിതികൾ ഗൂഗിൾ ലൊക്കേഷൻ സഹിതമുള്ള ചിത്രങ്ങളാക്കി പകർത്തി അപ്‌ലോഡ് ചെയ്താണ് ജിയോ ടാഗ് ചെയ്യുന്നത്. അത് ചെയ്‌യുന്നവരുടെ അപേക്ഷകൾ മാത്രമാണ് സർക്കാർ പരിഗണിക്കുന്നത് എന്നതിനാൽ, പരിഭ്രാന്തിയിലും, ആശങ്കയിലുമാണ് പമ്പാവാലിയിലേയും എയ്ഞ്ചൽവാലിയിലേയും ജനങ്ങൾ .. ജനിച്ചുവളർന്ന സ്വന്തം നാട്ടിൽ നിന്നും കുടിയിറങ്ങേണ്ടി വരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ ..
ജനവാസം വ്യക്തമാക്കുന്ന നിർമിതികൾ ഗൂഗിൾ ലൊക്കേഷൻ സഹിതമുള്ള ചിത്രങ്ങളാക്കി പകർത്തി അപ്‌ലോഡ് ചെയ്താണ് ജിയോ ടാഗ് ചെയ്യുന്നത്.
ഇതിനായി വാർഡ് തല കമ്മറ്റികൾ കണമല, മൂക്കൻപെട്ടി വാർഡുകളിൽ രൂപീകരിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി ബെന്നി പറഞ്ഞു. വാർഡ് മെമ്പർമാരായ മറിയാമ്മ ജോസഫ് (ജിൻസി ) കണമലയിലും സനില രാജൻ മൂക്കൻപെട്ടിയിലും കമ്മറ്റിയുടെ കൺവീനർമാരാണ്. ഇവർക്കൊപ്പം പഞ്ചായത്ത് സെക്രട്ടറി, റവന്യു, വനം വകുപ്പുകളിലെ രണ്ട് ഉദ്യോഗസ്ഥർ, സാങ്കേതിക പ്രവർത്തകർ എന്നിവർ അടങ്ങുന്ന സംഘം ആണ് ജിയോ ടാഗ് ജോലികൾ നടത്തുന്നത്.
ബഫർ സോൺ പരിധി ബാധകമായ സർവേ നമ്പറുകൾ ഉൾപ്പെടുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് സ്ഥിതി വിവരങ്ങൾ ഗൂഗിൾ ചിത്രമാക്കി രേഖപ്പെടുത്തുന്നതിലൂടെ ബഫർ സോൺ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഭൂപട ചിത്രത്തിൽ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ ബഫർ സോണിൽ ആയിരുന്നു. എന്നാൽ രണ്ടാമത് പ്രസിദ്ധീകരിച്ച ചിത്രത്തിൽ വനം ആയാണ് രേഖപ്പെടുത്തിയിരുന്നത്. ഒടുവിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്നാമത്തെ ചിത്രത്തിലും വനം ആയിട്ടാണ് രണ്ട് വാർഡുകളുമുള്ളത്. വനം ആകാതെ ബഫർ സോൺ ആയിരുന്നു എങ്കിൽ ജിയോ ടാഗ് നടപടികൾ നടത്താൻ സാധിക്കുമായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇപ്പോഴത്തെ ഉപഗ്രഹ ഭൂപടത്തിൽ എയ്ഞ്ചൽവാലി സ്കൂളിന്റെ പേരുണ്ട്. പക്ഷെ പഞ്ചായത്തിന്റെ അതിർത്തിക്കപ്പുറത്ത് ഒരു പഞ്ചായത്തിന്റെയും പേര് ഇല്ലാതെയാണ് സ്കൂൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സമീപ പഞ്ചായത്തുകളായ പെരുവന്താനം, കുമളി, സീതത്തോട്, ചിറ്റാർ, വണ്ടിപ്പെരിയാർ എന്നിവയുടെ പൂർണ ചിത്രം ഇപ്പോഴത്തെ ഭൂപടത്തിലുണ്ടെന്നിരിക്കെ അപൂർണമായ ചിത്രമാണ് എരുമേലി പഞ്ചായത്തിന്റെയായി ഉള്ളത്.
എരുമേലിയുടെ ചിത്രത്തിൽ സർവേ നമ്പറുകളും നിർമിതികളും ഇല്ല. പ്രത്യേക ലിസ്റ്റിൽ ആണ് ഇവ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.75 സർവേ നമ്പറുകളും 553 ഗാർഹിക, വാണിജ്യ നിർമിതികളും പ്രത്യേക ലിസ്റ്റിൽ എരുമേലിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനം ആയി മാറ്റപ്പെട്ടതോടെ എന്ത് പരിഹാരം ആണ് ഇതിന് പ്രതിവിധി എന്ന് അറിയാതെ കടുത്ത ആശങ്കയിലും പരിഭ്രാന്തിയിലുമാണ് നാട്ടുകാർ.
വിവിധ രാഷ്ട്രീയ നേതാക്കൾ എത്തി അനുഭാവം പ്രകടിപ്പിച്ചത് അല്ലാതെ പോംവഴി സ്വീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ കക്ഷികളിലും ആശയക്കുഴപ്പം ഏറുകയാണ്. എന്ത് വന്നാലും സ്വന്തം മണ്ണിൽ നിന്ന് ഇറങ്ങില്ലെന്ന ദൃഡ നിശ്ചയത്തിലാണ് നാട്ടുകാർ. സർക്കാർ തലത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ രണ്ട് വാർഡുകളിലെയും ജനങ്ങൾ ഭൂപടത്തിൽ ഇല്ലാത്തവരും വനത്തിൽ അനധികൃതമായി കുടിയേറിയവരുമായി മാറുമെന്നാണ് ആശങ്ക. സുപ്രീം കോടതിയിലും ഈ രണ്ട് വാർഡുകളും വനം എന്ന പേരിൽ ആയാൽ എന്ത് ചെയ്യുമെന്ന് ഭീതിയോടെ ചോദിക്കുകയാണ് നാട്ടുകാർ.
വനം വകുപ്പിന്റെ ഓഫിസിന് മുന്നിൽ നാട്ടുകാർ നടത്തിയ പ്രതിഷേധ സമരം സംബന്ധിച്ച് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതിന്റെ ഭാഗമായി പോലിസ് നിയമ നടപടികളിലേക്ക് കടന്നിരിക്കുകയുമാണ്. അറസ്റ്റ് വാറണ്ട് നോട്ടീസ് ലഭിച്ച പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെട്ട ആറ് പേർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അടുത്ത ദിവസം ഗ്രാമസഭ ഇരു വാർഡുകളിലും ചേരുന്നുണ്ട്. ഗ്രാമസഭകൾ പ്രക്ഷുബ്ദമായേക്കുമെന്നാണ് സൂചനകൾ.