മണിമല ഹോളി മാഗി ഫൊറോന പളളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാള്‍

മണിമല: ചരിത്ര പ്രസിദ്ധമായ മണിമല ഹോളി മാഗി ഫൊറോനാ പളളിയിലെ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിന് തുടക്കമായി.  

ഇന്ന് മുതല്‍  ജനുവരി ഏഴ് വരെ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു. ജനുവരി അഞ്ചിന്  വൈകിട്ട് ഏഴിന്  കറിക്കാട്ടൂര്‍ കപ്പേളയില്‍ നിന്നാരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഭക്തിനിര്‍ഭരമായ തിരുകര്‍മ്മമാണ്. ആയിരകണക്കിന് മുത്തുക്കുടകളേന്തിക്കൊണ്ട് വിശ്വാസികള്‍ വിശുദ്ധരുടെ മാദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥനാനിര്‍ഭരരായി പ്രദക്ഷിണത്തില്‍ അണിചേരുന്നു. വിവിധ വാദ്യമേളങ്ങള്‍ പരിപാടിയ്ക്ക് കൊഴുപ്പേക്കുന്നു. നക്ഷത്രത്താല്‍ നയിക്കപ്പെട്ട് ഉണ്ണിഈശോയെ ലക്ഷ്യമാക്കി നീങ്ങി, അവസാനം കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെ കണ്ട് സ്വര്‍ണ്ണം, മീറ, കുന്തിരിക്കം സമര്‍പ്പിച്ചതിന്റെ പ്രതീകമായി പളളിയങ്കണത്തില്‍ കാഴ്ചവയ്പ്പ് നടത്തുന്നു.

      ചരിത്രപ്രസിദ്ധമായ 46 മത് മണിമല ബൈബിള്‍ കണ്‍വന്‍ഷന്‍  ജനുവരി 2,3,4 തീയതികളില്‍ വൈകിട്ട് 4.30 ന് ആരംഭിക്കുന്നു. ജനുവരി രണ്ടാം തീയതി 5.30 ന്  മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഉത്ഘാടനം നടത്തുന്നു. സമാപനദിനമായ ജനുവരി നാലിന് ഷംഷാബാദ് രൂപത മെത്രാന്‍  റാഫേല്‍ തട്ടില്‍ സമാപനസന്ദേശം നല്‍കുന്നു. ഈ വിശ്വാസാനുഭവ കണ്‍വന്‍ഷന്‍ നയിക്കുന്നത് അതിരമ്പുഴ കാരിസ് ഭവന്‍ ടീമാണ്.

ആറാം തീയതി പ്രധാന തിരുനാള്‍ ദിനത്തില്‍ ഷംഷാബാദ് രൂപത സഹായമെത്രാന്‍  മാര്‍ തോമസ് പാടിയത്ത് രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാന അര്‍പ്പുക്കുന്നു.6, 7 തീയതികളില്‍ രാവിലെ 5.45, 7.30,10.00, ഉച്ചകഴിഞ്ഞ് 3.00, 5.30 നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.   ഏഴാം തീയതി ഇടവകതിരുനാള്‍ദിനത്തില്‍ കൊടിയിറക്ക് വൈകിട്ട് 6.30 ന് നടത്തപ്പെടുന്നു. 6.45 ന് കാഞ്ഞിരപ്പളളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ  കടലാസിലെ ആന ‘ എന്ന നാടകവും നടത്തും.മണിമലയില്‍ നിന്നും ഹൈറേഞ്ച്, മലബാര്‍ പ്രദേശങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരും ജോലിക്കായി വിദേശത്ത് പോയവരും ഈ സമയം ഇവിടെ എത്തി ഓര്‍മ്മകള്‍ പുതുക്കി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.

മണിമല ഹോളി മാഗി ഫൊറോനാ പളളി വികാരി .ഫാ. മാത്യു താന്നിയത്ത്, അസി. വികാരി ഫാ മാര്‍ട്ടിന്‍ ഇലയ്ക്കാട്ട്‌നാലുപറ  , കൈക്കാരന്മാരായ എല്‍.ജെ മാത്യു ളാനിത്തോട്ടം, റോയിസ് ജോസഫ് കടന്തോട്ട്, സി ജെ ജോസഫ് ചെറ്റയില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോസ് മാത്യു മാളിയേക്കല്‍, ജോയിന്റ് കണ്‍വീനര്‍ ജോസ് വര്‍ഗീസ് കൂനംകുന്നേല്‍ എന്നിവര്‍ തിരുനാള്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കി.

error: Content is protected !!