പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 100 കോടിയുടെ വൈദ്യുതി വികസന പദ്ധതികൾ .
കാഞ്ഞിരപ്പളളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് വൻ മുന്നേറ്റം സാധ്യമാകുന്ന വിധത്തിൽ 100 കോടി രൂപയുടെ നവീകരണ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വൈദ്യുതി മേഖലയിലെ സംയുക്ത നവീകരണ പദ്ധതിയായ ആർ ഡി എസ് എസ്( റീവാമ്പഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം ) പ്രോജക്ട് പ്രകാരമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഈ പദ്ധതിയുടെ ചിലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി വഹിക്കും.
ഇതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിലായി 15 സ്ഥലങ്ങളിൽ പുതുതായി ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കും. കൂടാതെ കാലപ്പഴക്കം മൂലം പ്രവർത്തനക്ഷമത കുറഞ്ഞ 5 ട്രാൻസ്ഫോമറുകൾ മാറ്റി പുതിയവ സ്ഥാപിക്കും. നിയോജകമണ്ഡലത്തിൽ പുതുതായി 58 കിലോമീറ്റർ 11 കെ വി ലൈൻ വലിക്കും. ഇതിൽ 40 കിലോമീറ്റർ കവേർഡ് കണ്ടക്ടർ സംരക്ഷണത്തോട് കൂടിയ ലൈൻ ആണ് വലിക്കുക. കൂടാതെ നിലവിലുള്ള 125 കിലോമീറ്റർ 11 കെ വി ലൈൻ കവേർഡ് കണ്ടക്ടറോട് കൂടിയ ലൈൻ ആക്കി മാറ്റും. നിയോജക മണ്ഡല പ്രദേശത്ത് 5 കിലോമീറ്റർ ദൂരത്തിൽ പുതുതായി എബിസി എൽടി ലൈനും വലിക്കും. കൂടാതെ 595 കിലോമീറ്റർ ദൂരത്തിൽ കാലപ്പഴക്കമുള്ള എൽടി ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കും.16 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള എൽ ടി ലൈനുകൾ സിംഗിൾ ഫേസിൽ നിന്നും ത്രീ ഫേസ് രീതിയിലേക്ക് മാറ്റും. കൂടാതെ വൈദ്യുതി തകരാറുകൾ സംഭവിക്കുന്ന ഘട്ടത്തിൽ വൈദ്യുതി തടസ്സ സമയം പരമാവധി കുറയ്ക്കുന്നതിനും, വൈദ്യുതി തടസ്സം ഏറ്റവും ചുരുങ്ങിയ പ്രദേശത്തായി പരിമിതപ്പെടുത്തുന്നതിനും സഹായിക്കുന്ന ലോഡ് ബ്രേക്ക് സംവിധാനവും നടപ്പിലാക്കും. ഇതിൽ പല പദ്ധതികളും നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതിനോടകം ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞു.
വൈദ്യുതരംഗത്തെ ഇപ്രകാരമുള്ള നവീകരണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടുകൂടി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വൈദ്യുത വിതരണ രംഗത്തെ പ്രസരണ നഷ്ടം കുറയുകയും കാര്യക്ഷമതവർദ്ധിക്കുകയും ചെയ്യും. കൂടാതെ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങളും പരമാവധി കുറയ്ക്കുന്നതിന് കഴിയും. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും ഉൾപ്പെടെയുള്ള ഇതര പ്രശ്നങ്ങളും പരമാവധി ലഘൂകരിക്കുന്നതിന് കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ജീവനക്കാർക്കുള്ള സാങ്കേതിക പരിശീലനം, ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കൽ, ആദിവാസി കോളനികളുടെ വൈദ്യുതീകരണം തുടങ്ങിയവയും ഈ പദ്ധതിയിലൂടെ നടപ്പിലാക്കും.എരുമേലി ഗ്രാമപഞ്ചായത്തിലെ കണമലയിൽ പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. തിടനാട് ഗ്രാമപഞ്ചായത്തിലെ പിണ്ണാക്കനാട് 33 കെ വി സബ്സ്റ്റേഷൻ, തീക്കോയി ഗ്രാമപഞ്ചായത്തിലെ മാര്‍മല ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എന്നിവയും സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിന് ആവശ്യമായ തുകകൾ സംസ്ഥാന വൈദ്യുതി വകുപ്പ് ഈ പദ്ധതിപ്രകാരമല്ലാതെ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.