.സ്പർശ് – കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന് എരുമേലിയിൽ തുടക്കമായി…
എരുമേലി : കോട്ടയം ജില്ലയിൽ കുഷ്ഠരോഗ നിർമാർജനത്തിന് ബുധനാഴ്ച എരുമേലിയിൽ ജില്ലാ തല ഉദ്ഘാടനത്തിൽ തുടക്കമായി. ശരീരത്തിൽ രോഗ ലക്ഷണ സാധ്യതയുള്ളവരായി ജില്ലയിൽ കണ്ടെത്തിയത് പതിനായിരത്തിലധികം ആളുകളെ. കഴിഞ്ഞ 18 മുതൽ 31 വരെ ജില്ലയിൽ വീടുകൾ സന്ദർശിച്ച് ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ കണ്ടെത്തിയത്. ഇവർക്കായി 14 വരെ ജില്ലയിൽ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ കുഷ്ഠരോഗ ത്വക്ക് പരിശോധന ക്യാമ്പുകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗം സ്ഥിരീകരിക്കുന്നവർക്ക് ആരോഗ്യ കേന്ദ്രങ്ങളിൽ ഉടനെ ചികിത്സ തുടങ്ങും. ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാൻ കഴിയുന്ന രോഗമായിട്ടും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ തിരുത്തുന്നത് ലക്ഷ്യമിട്ട് ബോധവൽക്കരണ ക്ലാസുകളും സ്ക്രീനിംഗ് ക്യാമ്പുകളും ഇതോടൊപ്പമുണ്ടാകും. ആറ് മാസത്തെ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാം. ചികിത്സ വൈകിയാൽ രോഗം ഭേദമാക്കാൻ ഒരു വർഷത്തെ ചികിത്സയാണ് വേണ്ടിവരിക. സ്പർശ് എന്ന പേരിൽ പൊരുതാം , കുഷ്ഠരോഗത്തിനെതിരെ, ചരിത്രമാക്കാം കുഷ്ഠരോഗത്തെ
എന്ന സന്ദേശം ഉയർത്തിയാണ് രോഗ നിർമാർജന പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 12 വരെയാണ് പക്ഷാചരണം. ഇന്നലെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശുഭേഷ് സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ അജയ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.