യുവാക്കളുടെ നന്മ ചോരാത്ത കൈകളിലൂടെ കാണാതായ സ്വർണം ഉടമയുടെ കയ്യിലെത്തി..

മുക്കൂട്ടുതറ : ഏറ്റുമാനൂരിൽ നിന്നും മുക്കൂട്ടുതറയിലെത്തിയതിനിടെ ഉത്സവതിരക്കിൽ നഷ്ടപ്പെട്ട സ്വർണ ചെയിൻ ദിവസങ്ങൾക്ക് ശേഷം യുവതിക്ക് തിരികെ കിട്ടിയത് നന്മകൾ നിറഞ്ഞ നിരവധി കൈകളിലൂടെ. അതിന് വഴി ഒരുങ്ങിയതാകട്ടെ രണ്ട് യുവാക്കളിൽ നിന്നും. കഴിഞ്ഞ ദിവസം മുക്കൂട്ടുതറ തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിനിടെയാണ് സംഭവം.

മുട്ടപ്പള്ളിയിൽ നിന്നും വിവാഹിതയായി ഏറ്റുമാനൂരിൽ കുടുംബമായി താമസിക്കുന്ന യുവതി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതിനിടെ കൈയിൽ നിന്നും ചെയിൻ ഊർന്ന് വീണ് കാണാതാവുകയായിരുന്നു. പലയിടത്തും തിരഞ്ഞ് മടുത്തതിനൊടുവിൽ സങ്കടത്തോടെ യുവതി തിരികെ മടങ്ങി. ഇതിനിടെ ഉത്സവ ആറാട്ട് ഘോഷയാത്ര കാണാൻ മുക്കൂട്ടുതറ ടൗണിൽ എത്തിയ പാണപിലാവ് ഡിവൈഎഫ്ഐ യുണിറ്റ് ഭാരവാഹികളായ കോയിക്കലേത്ത് ഹരിപ്രസാദ്, ശാന്തി മന്ദിരം അഭിഷേക് സുനിൽ എന്നിവർക്ക് ടൗണിൽ റോഡരികിൽ വീണു കിടന്ന നിലയിൽ ചെയിൻ കിട്ടി. ഇവർ ഉത്സവത്തിന്റെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട്‌ വിവരം പറഞ്ഞ ശേഷം ഉടമയെ കണ്ടെത്തി നൽകണമെന്ന് അഭ്യർത്ഥിച്ച് ചെയിൻ കൈമാറി.

ഉടമയെ പെട്ടന്ന് കണ്ടെത്താനായി സ്റ്റേഷനിൽ നിന്നും ലഭിച്ച നിർദേശപ്രകാരം ക്ഷേത്ര ഭാരവാഹികളെ കണ്ട് പോലീസുകാരൻ ചെയിൻ ഏൽപ്പിച്ചു . ഉത്സവപരിപാടികൾ നടക്കുന്ന സ്റ്റേജിൽ മൈക്കിലൂടെ പല തവണ ഭാരവാഹികൾ അറിയിപ്പ് നൽകിയിട്ടും ഉടമയെ കണ്ടെത്താനായില്ല. ഇതോടെ ഭാരവാഹികൾ എരുമേലി പോലിസിനെ ബന്ധപ്പെട്ടു. ഇതോടെ അടയാളങ്ങൾ സ്റ്റേഷൻ രജിസ്റ്ററിൽ കുറിച്ച ശേഷം പോലിസ് ചെയിൻ കൈപ്പറ്റി. ഇതിന് പിന്നാലെ ഉടമസ്ഥ അവകാശം ഉന്നയിച്ച് രണ്ട് പേർ സ്റ്റേഷനിൽ എത്തി. ചെയിൻ അല്ല തനിക്ക് നഷ്ടപ്പെട്ടതെന്ന നിജസ്ഥിതി അറിയിച്ച് ആദ്യത്തെ ആൾ മടങ്ങി.

രണ്ടാമത്തെ ആൾ നൽകിയ അടയാളങ്ങൾ ശരി ആണെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക്‌ ബോധ്യപ്പെട്ടു. ഏറ്റുമാനൂരിൽ നിന്നെത്തി ചെയിൻ നഷ്ടപ്പെട്ട യുവതിയുടെ മുട്ടപ്പള്ളിയിലുള്ള ബന്ധുക്കൾ ആണ് സ്റ്റേഷനിൽ എത്തിയത്. ചെയിൻ കണ്ടെടുത്ത യുവാക്കളെ സ്റ്റേഷനിൽ പോലിസ് വിളിച്ചു വരുത്തിയ ശേഷം യുവാക്കളെ കൊണ്ട് ചെയിൻ കൈമാറി.

നഷ്ടപ്പെട്ട ചെയിൻ ഇനി കിട്ടില്ലെന്ന്‌ കരുതി ഏറെ ദുഃഖത്തിലായിരുന്നു മകളെന്ന് പറഞ്ഞ മാതാപിതാക്കൾ സത്പ്രവർത്തി ചെയ്ത യുവാക്കളോടും ക്ഷേത്ര ഭാരവാഹികളോടും പോലിസ് ഉദ്യോഗസ്ഥരോടും അകമഴിഞ്ഞ നന്ദി അറിയിച്ചു.

error: Content is protected !!