പശുക്കളിൽ ചർമമുഴ രോഗം വ്യാപിക്കുന്നു : എരുമേലിയിൽ വാക്സിനേഷൻ ക്യാമ്പുകൾ ഊർജ്ജിതമാക്കി.

എരുമേലി : പാമ്പാടി മേഖലയിൽ ഒരു സ്ഥാപനത്തിന്റെ കാലിത്തീറ്റ കഴിച്ച നിരവധി പശുക്കൾ ചത്തെന്ന സംഭവം ക്ഷീര കർഷകരെ ആശങ്കയിലാക്കിയതിനൊപ്പം, കോട്ടയം ജില്ലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം പകരുന്നുവെന്ന വാർത്തയും അവരെ ഭീതിയിലാക്കിയിരിക്കുയാണ് . എരുമേലിയിലും പശുക്കളിൽ ചർമമുഴ രോഗം സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഏതാനും ദിവസങ്ങളായി എരുമേലി പഞ്ചായത്തിൽ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് ഊർജ്ജിതമായി തുടരുകയാണ്. കന്നുകാലികളുടെ ചർമ്മത്തിൽ ചെറിയ മുഴകൾ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും, അവയുടെ ഉൽപാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന രോഗമാണ് ചർമമുഴ.

എന്നാൽ പലരും കുത്തിവെയ്പ് നടത്താൻ വിമുഖത കാട്ടുകയാണെന്നും ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാണ് സഹകരിപ്പിക്കേണ്ടി വരുന്നതെന്നും വെറ്ററിനറി ജീവനക്കാർ പറയുന്നു. ഈ രോഗത്തെ പറ്റി ഇനിയും വേണ്ടത്ര ബോധവൽക്കരണം വ്യാപകമായിട്ടില്ലെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

തന്റെ ഒരു പശുവിന് ചർമമുഴ രോഗം പിടിപെട്ടെന്നും ചികിത്സയിൽ രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും ക്ഷീര കർഷകനും എരുമേലി പഞ്ചായത്ത്‌ കനകപ്പലം വാർഡ് അംഗവുമായ സുനിൽ ചെറിയാൻ പറഞ്ഞു. ഇതേ നിലയിൽ പഞ്ചായത്ത്‌ പരിധിക്കുള്ളിൽ ഒട്ടേറെ കന്നുകാലികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വെറ്ററിനറിആശുപത്രിയിലെ സീനിയർ സർജൻ ഡോ. സുബിൻ പറയുന്നു. സെൻസസ് കണക്ക് പ്രകാരം 2500 ൽ പരം കന്നുകാലികൾ ഉണ്ട് എരുമേലി പഞ്ചായത്തിൽ. രോഗം വന്ന കന്നുകാലികൾക്ക് ചികിത്സ ഉടനടി നൽകിയില്ലെങ്കിൽ മറ്റ് കന്നുകാലികളിൽ വളരെ പെട്ടന്ന് രോഗം എത്തും. ഇത് തടയാൻ പ്രതിരോധ വാക്സിൻ നൽകുകയാണ് ഏറ്റവും ശരിയായ മാർഗം. ഇത് മുൻനിർത്തി രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്ത മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവെയ്പ് നടത്താൻ നിർദേശം നൽകിയെന്ന് ഡോ. സുബിൻ പറഞ്ഞു. പക്ഷെ, പല ക്ഷീര കർഷകരും ഈ രോഗത്തെ പറ്റി വേണ്ടത്ര അറിവ് നേടിയിട്ടില്ല. കുത്തിവെയ്പ് എടുക്കാൻ പലരും മടി കാട്ടുന്നു. ഓരോ കർഷകരുടെയും വീടുകളിൽ എത്തിയാണ് ജീവനക്കാർ കുത്തിവെയ്പ് നൽകുന്നത്. വിമുഖത കാട്ടുന്നവരെ പറഞ്ഞു മനസിലാക്കാൻ ഏറെ സമയം ചെലവിടേണ്ടി വരുന്നു. തികച്ചും സൗജന്യമാണ് കുത്തിവെയ്പ്.

ഇനി ക്യാമ്പുകൾ ഇവിടങ്ങളിൽ.

ഇന്ന് വാർഡ് 11, നാലിന് വാർഡ് 12, ആറിന് വാർഡ് 13, ഏഴിന് വാർഡ് 14, എട്ടിന് വാർഡ് 15, ഒമ്പതിന് വാർഡ് 16, പത്തിന് വാർഡ് 17, 13 ന് വാർഡ് അഞ്ച്, 14 ന് വാർഡ് ആറ്, 15 ന് വാർഡ് 17, 16 ന് വാർഡ് എട്ട്,17 ന് വാർഡ് ഒമ്പത്,20 ന് വാർഡ് 10, 21 ന് വാർഡ് 18, 22 ന് വാർഡ് 19 എന്നിങ്ങനെയാണ് ഇനി വാർഡ് ക്യാമ്പുകൾ.

കന്നുകാലികളുടെ ചര്‍മത്തിൽ ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും, അവയുടെ ഉൽപാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന രോഗമാണ് ചർമമുഴ. ലംപി സ്കിന്‍ ഡിസീസ് (എല്‍എസ്‌ഡി) അഥവാ സാംക്രമിക ചര്‍മമുഴ എന്നതാണ് രോഗത്തിന്റെ പേര്. ലോകമൃഗാരോഗ്യ സംഘടനയ്ക്ക് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട ‘നോട്ടിഫയബിള്‍ ഡിസീസ്’ പട്ടികയില്‍പെട്ടതാണ് ചര്‍മമുഴ രോഗമെന്നത് ഇതിന്‍റെ ഗൗരവമുയര്‍ത്തുന്നു.

പടരുന്നത് ഇങ്ങനെ.

ചെള്ള്, ഈച്ച, പറ്റാടൻ എന്നിവയിലൂടെയാണ് രോഗം പടരുന്നത്.

ലക്ഷണങ്ങൾ.

കുരുക്കളുണ്ടാകുക, വിശപ്പില്ലായ്മ,
ഉയര്‍ന്ന പനി, പാലുൽപാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, വായില്‍നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍.

രോഗമായാൽ..

രോഗ ലക്ഷണങ്ങൾ പ്രകടമയാൽ 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്‍റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്‍റെ കീഴ്ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്.

തടയാൻ..

കൃത്യസമയത്ത് വാക്‌സിനേഷന്‍ നല്‍കിയാല്‍ പാലുത്പാദനം കുറയുന്നതും രോഗം പടരുന്നതും തടയാനാവും. രോഗം ബാധിക്കുമ്പോള്‍ തന്നെ കുത്തിവെപ്പ് നടത്തിയില്ലെങ്കില്‍ പാല്‍ ഉത്പാദനം 40-50 ശതമാനം വരെയായിരിക്കും കുറയുക. രോഗം ബാധിച്ച പശുവിനെ മൂന്നു ദിവസത്തിനകം എഴുന്നേല്‍പ്പിക്കാനായില്ലെങ്കില്‍ വീണുകിടക്കുന്ന ഭാഗത്ത് കൂടുതൽ വൃണങ്ങൾരൂപപ്പെടാന്‍ സാധ്യതയുണ്ട്. ചികില്‍സ വൈകിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പശുവിന്റെ ജീവന്‍ നഷ്ടപ്പെടും.

കുത്തിവെയ്പ്…

ഇന്ത്യയിൽ രോഗം വ്യാപകമായ സാഹചര്യത്തിൽ രാജ്യം ലംപി പ്രോവാക് എന്ന വാക്സീൻ വികസിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച പശുവിൽനിന്ന് ശേഖരിച്ച വൈറസുകൾക്ക് സെൽ കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് വീര്യം കുറച്ച് ഏറ്റവും ചെലവു കുറഞ്ഞ രീതിയിലാണ് ലംപി പ്രോവാകിന്റെ ഉൽപാദനം. ഒറ്റത്തവണ കുത്തിവയ്പ്പിലൂടെ ഒരു വർഷം വരെ പ്രതിരോധശക്തി നൽകാൻ ഈ വാക്സീന് സാധിക്കും.

പ്രതിരോധ മാർഗങ്ങൾ.

പശുക്കളില്‍ രോഗശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കാനും തൊഴുത്തും പരിസരവും അണുനാശിനികള്‍ ഉപയോഗിച്ച് നിത്യവും വൃത്തിയാക്കാനും ശ്രദ്ധപുലര്‍ത്തണം. പുതിയ പശുക്കളെ വാങ്ങുമ്പോൾ മൂന്നാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) പരിചരിക്കണമെന്ന് ഡോ. സുബിൻ പറഞ്ഞു

error: Content is protected !!