” ഫീനിക്സിയ -2023 ” – വ്യത്യസ്തമായൊരു അന്താരാഷ്ട്ര പൂർവവിദ്യാർഥി സംഗമം കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി : എട്ട് രാജ്യങ്ങളിലായി ജോലി ചെയ്യുന്ന നേഴ്സിങ്ങ് കോളേജ് പൂർവ്വവിദ്യാർത്ഥിനികൾ കാഞ്ഞിരപ്പള്ളിയിൽ സ്നേഹസംഗമത്തിനായി ഒത്തുകൂടിയത് വ്യത്യസ്തമായ അനുഭവമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്സിംഗ് ജോലി ചെയ്യുന്ന, ഒരേ നഴ്സിംഗ് കോളേജിൽ പഠിച്ച മുപ്പതോളം പൂർവവിദ്യാർഥി സുഹൃത്തുക്കളായ മലയാളി നഴ്സുമാരാണ് കാഞ്ഞിരപ്പള്ളിയിൽ സ്നേഹസംഗമത്തിനായി ഒത്തുകൂടിയത്. ഈ വ്യത്യസ്തമായൊരു പൂർവവിദ്യാർഥി സംഗമത്തിനു വേദിയായത് കാഞ്ഞിരപ്പള്ളി ആനക്കല്ല് തെക്കേമുറി തറവാട്.
പുനരുത്ഥാനത്തിന്റെയും ഐശ്വര്യതതിന്റെയും സമ്പത്തിന്റെയും പ്രതീകമായ ഫീനിക്സ് പക്ഷിയുടെ പേരിനോട് സാദൃശ്യപെടുത്തി ” ഫീനിക്സിയ -2023″ എന്ന അർത്ഥവത്തായ പേരിലാണ് ആ പൂർവവിദ്യാർത്ഥി സ്നേഹസംഗമത്തിന് അവർ ഒത്തുചേർന്നത്.
അമേരിക്ക, ഇംഗ്ലണ്ട്, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, കുവൈത്ത്, സൗദി അറേബ്യ ഡൽഹി, കേരളം തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മുപ്പതോളം മലയാളി നഴ്സുമാരാണ് തെക്കേമുറി വീട്ടിൽ ഒത്തുകൂടിയത്. ഹൈദരാബാദിലെ നിർമല നഴ്സിങ് സ്കൂളിൽ 1993-96 ബാച്ചിൽ പഠിച്ചിറങ്ങിയ മലയാളി നഴ്സുമാരുടെ സ്നേഹസംഗമമാണ് ഫീനിക്സിയ -2023 എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ നടത്തിയത്. ആനക്കല്ല് മഞ്ഞപ്പള്ളിയിലുള്ള തെക്കേമുറി വീട്ടിലെ ജെയിംസ് തെക്കേമുറിയുടെ ഭാര്യ റീന തെക്കേമുറിയാണു സ്നേഹസംഗമം സ്വന്തം കുടുംബത്തിൽ സംഘടിപ്പിച്ചത്.
ബാച്ച് ലീഡർ റീസാമ്മ ജോസഫിന്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ.എൻ.ജ യരാജ്. സെബാസ്റ്റ്യൻ കുളത്തു ങ്കൽ എംഎൽഎ, ഫാ. ജോസഫ് ചെറുകരകുന്നേൽ, സിനിമ താരം സ്ഫടികം ജോർജ്, മജിഷ്യൻ പി. എം. മിത്ര,കേരള ഗവ. നഴ്സ് യൂണിയൻ പ്രസിഡന്റ് വിപിൻ ചാണ്ടി മുതലായവർ ഓൺലൈനിൽ ആശംസകൾ നേർന്നു.