എരുമേലിയുടെ സ്വന്തം ആർട്ടിസ്റ്റ് ജോയി ഓർമ്മയായി.. .
എരുമേലി : എൺപത്തി അഞ്ചാം വയസ്സിലും, മിഴിവോടെ ചിത്ര രചന നടത്തിയിരുന്ന എരുമേലിയുടെ സ്വന്തം ആർട്ടിസ്റ്റ് ജോയി (85) ഓർമ്മയിലായി . ചൊവ്വാഴ്ച നിര്യാതനായ ആർട്ടിസ്റ്റ് ജോയി എന്ന തുമരംപാറ ശാന്തിപുരം കിഴക്കയിൽ ജോയിച്ചായന്റെ സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കനകപ്പലം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
എരുമേലി ടൗണിലെ പഴയ ചുവരുകളിൽ എല്ലാത്തിലും തന്നെ കോറിയിട്ട പേരാണ് ആർട്ടിസ്റ്റ് ജോയിയുടേത്. പഴയ ബോർഡുകളുടെ മൂലയിൽ ജോയി എന്ന ആ നാമധേയം ട്രേഡ് മാർക്ക് ആയി കയ്യൊപ്പ് പോലെ പതിഞ്ഞു കിടന്നിരുന്നതിൽ വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും മായാതെ ഇന്നും ചിലതൊക്കെയുണ്ട്.
ടൗണിൽ മുമ്പ് ഇന്ത്യൻ കോഫീ ഹൗസ് എന്ന പേരിൽ തുറന്ന സ്ഥാപനം പിന്നീട് വർഷങ്ങളോളം ശ്രദ്ധിയ്ക്കപ്പെട്ടത് ജോയി വരച്ച അക്ഷരങ്ങളുടെ പ്രത്യേകത മൂലമായിരുന്നു. മുളങ്കമ്പുകളുടെ ചിത്രങ്ങൾ വരച്ച് അക്ഷരങ്ങളാക്കിയായിരുന്നു ബോർഡിലെ എഴുത്തിന്റെ രൂപം. പേട്ടക്കവലയിലുള്ള വാച്ച് റിപ്പയറിങ്, റേഡിയോ സർവീസിങ് സ്ഥാപനമായിരുന്ന പഴയ കടയിൽ കാലം മായ്ക്കാതെ കഴിഞ്ഞയിടെ വരെ ഉണ്ടായിരുന്ന ബോർഡ് മാത്രം മതി ആർട്ടിസ്റ്റ് ജോയിയുടെ വര രുചി അറിയാൻ. ടൗണിൽ അപ്സര എന്ന പേരിൽ ഒരു പഴയ സ്റ്റുഡിയോ ഉണ്ടായിരുന്നത് പഴയ തലമുറയിൽ പലരും മറക്കില്ല. അതിന് കാരണം കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സ്റ്റുഡിയോയിലേക്കുള്ള വളഞ്ഞ സ്റ്റെയർ കെയ്സിന്റെ ചുവരിൽ അപ്സര എന്ന ഇംഗ്ലീഷ് എഴുത്തായിരുന്നു. നാണം മറച്ച് ഇരിക്കുന്ന കുട്ടിയുടെ രൂപത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചുവെച്ച ആ എഴുത്ത് ശൈലി ആർട്ടിസ്റ്റ് ജോയിയുടെ മാത്രം പ്രത്യേകതയായിരുന്നു.70 കളിൽ തിരക്കേറിയ ചിത്രകാരനായി മാറിയ അദ്ദേഹം ആളുകളുടെ ഫോട്ടോ നോക്കി മുഖചിത്രം വരച്ചു ഫോട്ടോ ആക്കി നൽകുന്നതിലും ശ്രദ്ധേയനായി മാറിയിരുന്നു. തുമരംപാറയിൽ ശാന്തിപുരം എന്ന പേരിൽ റോഡ് നിർമിച്ചത് ജോയിയുടെ നേതൃത്വത്തിലായിരുന്നു. റോഡിന് ശാന്തിപുരം എന്ന പേര് നൽകിയത് ജോയി ആണ്. ഒടുവിൽ സുവിശേഷ ജോലിയിലേക്ക് മാറിയിട്ടും വരയുടെ ലോകം ആധുനികമായപ്പോഴും പ്രായത്തിന്റെ വിറയൽ ഇല്ലാത്ത കൈവിരലുകളിലൂടെ മിഴിവുള്ള ചിത്രങ്ങൾ വരച്ചിരുന്നു. വിയോഗം അറിഞ്ഞ് ഒട്ടേറെ പേർ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.