വിശുദ്ധ ബൈബിൾ കത്തിച്ചതിനെതിരെ പ്രതിഷേധിച്ചു
മണിമല: ക്രൈസ്തവർ പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തിൽ മണിമല ഹോളി മാഗി യുവദീപ്തി എസ്.എം.വൈ.എ പ്രതിഷേധിച്ചു. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെയുള്ള ഇത്തരം കടന്നാക്രമണങ്ങളിൽ യോഗം ദുഃഖം രേഖപ്പെടുത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട കടമ സർക്കാരിന്റെതാണ്. ഡിസംബറിൽ പുൽക്കൂട്ടിൽ തിരുസ്വരൂപങ്ങൾ നശിപ്പിച്ച അതേ മുസ്തഫ തന്നെ വിശുദ്ധ ബൈബിൾ കത്തിക്കാൻ ധൈര്യം കാണിച്ചെങ്കിൽ അതിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്ന് ആരോപിച്ചു.
അന്ന’മാനസിക വിഭ്രാന്തി’ എന്ന് ഓമനപ്പേരിട്ട് അയാളെ രക്ഷിക്കുന്നതിനു പകരം ചെയ്ത തെറ്റിന് തക്ക ശിക്ഷ നൽകിയിരുന്നെങ്കിൽ ക്രൈസ്തവരെ മുഴുവൻ വേദനിപ്പിച്ച ഈ പ്രവർത്തി അയാൾ ആവർത്തിക്കില്ലായിരുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത്തരം മുസ്തഫമാരെ നിലക്കുനിർത്താനുള്ള ആർജ്ജവം സർക്കാരിന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണിമല ഹോളി മാഗി ഫൊറോന പള്ളിയുടെ പാരിഷ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ ഇലക്കാട്ടുനാലുപറയിൽ, എ – വിഭാഗം പ്രസിഡന്റ് മെൽവിൻ മാത്യു, ബി- വിഭാഗം പ്രസിഡന്റ് റ്റിൻസി ടോം , മണിമല ഫൊറോന പ്രസിഡന്റ് അലൻ ടോം, ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ് മെറീറ്റ ജോസഫ് എന്നിവർ പ്രസംഗിച്ചു