ബജറ്റ് : പൂഞ്ഞാറിനുള്ളത് പ്രഖ്യാപനങ്ങൾ മാത്രം : അഡ്വ. ഷോൺ ജോർജ്
സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിനുള്ളത് പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്. കഴിഞ്ഞ ബഡ്ജറ്റിന്റെ ആവർത്തനം മാത്രമാണ് പൂഞ്ഞാറിനെ സംബന്ധിച്ച് ഈ ബഡ്ജറ്റിലുള്ളത്. കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പദ്ധതിയുടെയും നിർമ്മാണം ആരംഭിച്ചിട്ടില്ല, എന്ന് മാത്രമല്ല അതിനുള്ള പ്രാരംഭം നടപടികൾ പോലും തുടങ്ങിയിട്ടില്ല.
ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിനായി 20 ശതമാനം ടോക്കൺ വെച്ചിട്ടുള്ള ഏക പദ്ധതി മുണ്ടക്കയം – കൂട്ടിക്കൽ – വാഗമൺ റോഡിനുള്ള 12 കോടി രൂപയുടെയാണ്. ഇതാകട്ടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2018-ൽ 34.73 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 2019-ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി . ജി.സുധാകരൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത റോഡാണ്. പ്രകൃതിക്ഷോഭം മൂലം പാതിവഴിയിൽ നിലച്ചിരുന്ന ഈ പദ്ധതിയുടെ ശേഷിച്ച നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
ബാക്കിയുള്ള പദ്ധതികളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയാനുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ്. ഭരണകക്ഷി അംഗമായിരുന്നിട്ട് പോലും പൂഞ്ഞാറിനായി പുതിയൊരു വികസന പദ്ധതിയും കൊണ്ടുവരാൻ കഴിയാത്തത് ജനപ്രതിനിധിയുടെ തികഞ്ഞ പരാജയമാണ്. 2021-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിനായി ഒരു പാക്കേജ് അനുവദിക്കാത്തത് കഷ്ടത അനുഭവിക്കുന്ന ജനതയോടുള്ള വെല്ലുവിളിയാണെന്നും ഷോൺ ജോർജ് പറഞ്ഞു.