പാറത്തോട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികളായി
പാറത്തോട് ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിന് പാർട്ടികൾക്ക് സ്ഥാനാർഥികളായി. സി.പി.ഐ.യിലെ ജോസ്‌ന അന്ന ജോസാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കമാണ് ഇരുപത്തിമൂന്നുകാരിയായ ജോസ്‌നയുടേത്. മിനി സാം വർഗീസാണ് കോൺഗ്രസിന്റെ സ്ഥാനാർഥി. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഫിലോമിന ബേബി വാക്കയിൽ ഇത്തവണ എസ്.ഡി.പി.ഐ. സീറ്റിൽ മത്സരിക്കും. 2010-ൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച ഫിലോമിന കഴിഞ്ഞ തവണ ഒൻപതാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.
ഒൻപതാംവാർഡംഗമായ ജോളി തോമസ് സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സി.പി.ഐ.യുടെ സീറ്റിൽ മത്സരിച്ച ജോളി തോമസിന് 458 വോട്ടും കോൺഗ്രസ് സ്ഥാനാർഥി ലൈല സത്താറിന് 340 വോട്ടും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഫിലോമിന ബേബിക്ക് 130 വോട്ടുമാണ് ലഭിച്ചത്.
19-അംഗ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ്. ഭരിക്കുന്നത്. സി.പി.എം.-അഞ്ച്, കേരള കോൺഗ്രസ് (എം)-അഞ്ച്, സി.പി.ഐ.-രണ്ട്, എസ്.ഡി.പി.ഐ.-രണ്ട്, കേരള കോൺഗ്രസ് -രണ്ട്, കോൺഗ്രസ്-ഒന്ന്, സ്വത-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തിന് കാരണമാകില്ല. സിറ്റിങ് സീറ്റ് നിലനിർത്താനാണ് എൽ.ഡി.എഫിന്റെ ശ്രമം. പഞ്ചായത്തിലെ അംഗബലം ഉയർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 2010-ലാണ് അവസാനം എസ്.ഡി.പി.ഐ. സ്ഥാനാർഥിയെ വാർഡിൽ മത്സരിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൊട്ടടുത്ത എഴ്, എട്ട് വാർഡുകളിൽ എസ്.ഡി.പി.ഐ. സ്ഥാനാർഥി വിജയിച്ചിരുന്നു. ഒൻപതിന് വൈകീട്ട് മൂന്നുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം.