ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിൽ ആറാട്ട് ഇന്ന്

ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിൽ ആറാട്ട്‌ വ്യാഴാഴ്ച നടക്കും. രാവിലെ 7.30-ന് നാരായണീയ പാരായണം, 10.15 മുതൽ മഹാപ്രസാദമൂട്ട് നടക്കും.

ഒന്നിന് ആനന്ദ് രാജിന്റെയും അഞ്ജു രാജിന്റെയും വയലിൻഫ്യൂഷൻ, മൂന്നിന് ആനയൂട്ട്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എം.അനിൽകുമാർ ഉദ്ഘാടനംചെയ്യും. നാലിന് പനച്ചിക്കാട് വൈഷ്ണവം ഭജൻസിന്റെ ഭജൻസ്, 4.30-ന് കൊടിയിറക്കിന് ശേഷം വെള്ളാങ്കാവ് ആറാട്ടുകുളത്തിലേക്ക് ആറാട്ടിന് പുറപ്പെടൽ, ആറാടി നിൽക്കുന്ന ഭഗവാന് മുൻപിൽ എണ്ണ ഒഴിക്കൽ വഴിപാട്, വലിയകാണിക്ക. ആറാട്ടുകടവിൽ ഇളങ്ങുളം വിശ്വഹിന്ദുപരിഷത്തിന്റെ വഴിപാടായി പന്തിരുനാഴി പായസവും ദീപക്കാഴ്ചയുമുണ്ട്. ആറാട്ടുകടവിൽനിന്ന് തിരിച്ചെഴുന്നള്ളുമ്പോൾ വഴിനീളെ ദീപക്കാഴ്ചയും നിറപറയുമൊരുക്കി ഭക്തർ ദേവനെ വരവേൽക്കും. ആറാട്ടുവഴിയിൽ ഇളങ്ങുളം വിഘ്നേശ്വര ഹിന്ദുമിഷന്റെ ദീപാലങ്കാരമുണ്ട്.

വൈകീട്ട് ആറിന് ആറാട്ടെതിരേൽപ്പ്, ഏഴിന് കിഴക്കേ പന്തലിൽ ആറാട്ട് എഴുന്നള്ളത്ത്, കലാമണ്ഡലം കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, രാത്രി ഒൻപതിന് നെന്മാറ ബ്രദേഴ്സിന്റെ നാദസ്വരക്കച്ചേരി, 10-ന് കണ്ണൂർ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പാണ്ടിമേളം എന്നിവയുണ്ട്.

ആനയൂട്ടിന് ഒൻപത് ആനകൾ

:ആറാട്ടുത്സവത്തിന് ക്ഷേത്രമൈതാനത്ത് നടത്തുന്ന ആനയൂട്ടിൽ ഒൻപത് ആനകൾ അണിനിരക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരക്കാട്ട് ശേഖരൻ, തോട്ടുചാലിൽ ബോലേനാഥ്, നെല്ലിക്കാട്ട് മഹാദേവൻ, ചിറക്കാട്ട് അയ്യപ്പൻ, വേമ്പനാട് വാസുദേവൻ, ചെത്തല്ലൂർ ദേവിദാസൻ, മനുസ്വാമി മഠം വിനായകൻ, വലിയവീട്ടിൽ ഗണപതി, മരുതൂർകുളങ്ങര മഹാദേവൻ തുടങ്ങിയ കൊമ്പന്മാരാണ് ആനയൂട്ടിലും തുടർന്ന് വൈകീട്ട് ആറാട്ടെഴുന്നള്ളത്തിലും പങ്കെടുക്കുന്നത്. ആനയൂട്ടിന് മുൻപ് ഗജവീരന്മാരെ സെൻട്രൽ പബ്ലിക് ലൈബ്രറിക്ക് സമീപത്തുനിന്ന് സ്വീകരിച്ച് ക്ഷേത്രമൈതാനത്തേയ്ക്ക് ആനയിക്കും.

error: Content is protected !!