എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി വിജയിച്ചു ; ബിജെപിക്ക് വോട്ടുചോർച്ച ..
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസിലെ അനിതാ സന്തോഷ് വിജയം നേടി. 232 വോട്ട് ആണ് ഭൂരിപക്ഷം . 609 വോട്ടുകൾ അനിത നേടിയപ്പോൾ 377 വോട്ടുകൾ ആണ് എൽഡിഎഫ് സ്വതന്ത്ര പുഷ്പ ബാബുവിന് ലഭിച്ചത്. ആം ആദ്മി സ്ഥാനാർത്ഥി ശോഭനയ്ക്ക് 110 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ 255 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 35 വോട്ടുകൾ ആണ് നേടാൻ കഴിഞ്ഞത് എന്നത് വിവാദങ്ങൾക്ക് തിരികൊളുത്തി .
അതേസമയം യുഡിഎഫി ന് വെല്ലുവിളിയായിരുന്ന അപര സ്ഥാനാർത്ഥി അനിതാ രാജേഷിന് 13 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.
ബിജെപി വോട്ടുകൾ നേടിയാണ് യുഡിഎഫ് ജയിച്ചതെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. അനിതയുടെ ജയത്തോടെ പഞ്ചായത്ത് ഭരണത്തിൽ എൽഡിഎഫും യുഡിഎഫും തുല്യ അംഗ ബലത്തിൽ എത്തിയിരിക്കുകയാണ്. ഇരു മുന്നണിക്കും ഇപ്പോൾ 11 വീതം ആണ് അംഗ ബലം.23 അംഗ ഭരണ സമിതിയിൽ സ്വതന്ത്ര അംഗമായ ബിനോയ് ഇലവുങ്കലിന്റെ നിലപാട് ഇതോടെ നിർണായകമായിരിക്കുകയാണ്.
സിപിഎം പത്ത്, സിപിഐ ഒന്ന്, കോൺഗ്രസ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് 23 അംഗ ഭരണസമിതിയിൽ നിലവിലുള്ള 22 അംഗങ്ങളുടെ കക്ഷി നില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 128 വോട്ട് ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പി എസ് സുനിമോൾ വിജയം നേടിയത്. ജോലി കിട്ടിയതിനെ തുടർന്ന് സുനിമോൾ രാജി വെച്ചതോടെയാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.വോട്ടെടുപ്പിൽ
മൊത്തം 1730 വോട്ടർമാരിൽ 1144 പേർ വോട്ട് ചെയ്തു. പോളിംഗ് ശതമാനം 64.4 ആണ്. രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ കാരിത്തോട് എൻഎം എൽ പി സ്കൂൾ ബൂത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 583 ആണ്. എൻഎസ്എസ് കരയോഗം ഓഫീസിലെ ബൂത്തിൽ 561 പേർ വോട്ട് ചെയ്തു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഒഴക്കനാട് വാർഡിൽ 64.4 ശതമാനം ആയിരുന്നു പോളിംഗ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് എരുമേലി പഞ്ചായത്ത് ഓഫിസിൽ വോട്ടെണ്ണൽ ആരംഭിച്ചത്. അര മണിക്കൂർ പിന്നിട്ടതോടെ ഫലം എത്തി. വോട്ട് എണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നേടിയാണ് അനിതയുടെ വിജയം. പോളിംഗ് നടന്ന രണ്ട് ബൂത്തിലും അനിതയ്ക്കാണ് ഭൂരിപക്ഷം. ടൗണിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആഹ്ലാദ പ്രകടനം നടത്തി.