തോട്ടിലേക്ക് മാലിന്യം ഒഴുക്കിയതായി പരാതി
കാഞ്ഞിരപ്പള്ളി : മണ്ണാറക്കയം – പനച്ചേപ്പള്ളി റോഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം തോട്ടിലേക്ക് അജ്ഞാത സാമൂഹികവിരുദ്ധർ മാലിന്യം ഒഴുക്കി. റബ്ബർ മാലിന്യം ആണോ കക്കൂസ് മാലിന്യം ആണോയെന്ന് സംശയം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു .
തിങ്കളാഴ്ച രാത്രി 2:00 മണിയോടെ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് തോട്ടിലേക്ക് മാലിന്യം ഒഴുക്കുകയായിരുന്നു. സമീപപ്രദേശങ്ങളിൽ ഉള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ പുലർച്ചെ ഇതുവഴി ടാങ്കർ ലോറി കടന്നു പോയതായി കണ്ടു.പ്രദേശത്ത് മാലിന്യ നിക്ഷേപിച്ചതോടെ രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്.സമീപവാസികൾക്കും യാത്രക്കാർക്കും ദുർഗന്ധം മൂലം ഏറെ വിഷമം അനുഭവപ്പെടുകയാണ്.
തോട്ടിലേക്ക് മാലിന്യ ഒഴുക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം രാജന്റെ നേതൃത്വത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടു. തോട്ടിലൂടെ എത്തിയ മാലിന്യം സമീപത്തുള്ള ചിറ്റാർ പുഴയിലേക്ക് ഒഴുകിയെത്തി.ചിറ്റാർ പുഴയിലൂടെ മാലിന്യം കുടിവെള്ള പദ്ധതികളിലേക്കും ഒഴുകിയെത്തിയേക്കാം .